കണ്ണീരുണങ്ങാത്ത എറിത്രിയൻ ക്രൈസ്തവർ

“എന്റെ മകനെ പീഡനത്തിൽനിന്നു രക്ഷിക്കാനാണ് ഞാൻ എത്യോപ്യയിൽ വന്നത്. ഇപ്പോൾ അവനില്ലാതെ മുന്നോട്ടുപോകേണ്ടിവരുന്ന അവസ്ഥ എനിക്ക് സഹിക്കാൻ കഴിയുന്നില്ല” – എത്യോപ്യയിലെ ഒരു പള്ളിയിൽവച്ച് കണ്ണുനീരോടെ നിലവിളിക്കുന്ന എറിത്രിയൻ സ്വദേശിയായ അമൻ എന്ന ഒരു പിതാവിന്റെ വാക്കുകളായിരുന്നു ഇത്.

അഭയാർഥിയായി പലായനംചെയ്ത എറിത്രിയൻ ക്രിസ്ത്യാനി ആയിരുന്നു അമൻ. എത്യോപ്യയ്ക്കും എറിത്രിയയ്ക്കുമിടയിലുള്ള അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹവും മകനും തമ്മിൽ വേർപിരിഞ്ഞു. അഭയാർഥിക്യാമ്പുകളിലെ മൂന്നാഴ്ചത്തെ തെരച്ചിലിനൊടുവിൽ, ഏതൊരു രക്ഷിതാവിനും ലഭിക്കാവുന്ന ഏറ്റവും മോശമായ വാർത്തയാണ് അദ്ദേഹത്തിനും ലഭിച്ചത് – എറിത്രിയൻ അതിർത്തി കാവൽക്കാർ തന്റെ മകനെ വെടിവച്ചുകൊന്നു. ആ ദുഃഖം താങ്ങാനാകതെ അദ്ദേഹം കരയുകയായിരുന്നു. ആരെയാണോ പീഡനത്തിൽനിന്നു രക്ഷിക്കാൻവേണ്ടി സകലതും ഉപേക്ഷിച്ചത്, അവൻ തന്നെ കൊല്ലപ്പെട്ടിരിക്കുന്നു. ഇന്ന് എറിത്രിയയിൽ ഇത്തരം സംഭവങ്ങൾ സാധാരണയായി മാറുകയാണ്.

എറിത്രിയയിൽ താമസിക്കുന്ന വിശ്വാസികളുടെ കൃത്യമായ എണ്ണം ആർക്കും അറിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്; ഇവിടെ വിശ്വാസത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നവരാണ് തങ്ങൾ എന്ന്.

ആഫ്രിക്കയിലെ ഏറ്റവും അടിച്ചമർത്തൽ ഭരണം 

എറിത്രിയ ചെറുതും എന്നാൽ തന്ത്രപരമായി ആഫ്രിക്കയുടെ സുപ്രധാനസ്ഥലത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു രാജ്യമാണ്. എത്യോപ്യയുമായുള്ള 30 വർഷത്തെ യുദ്ധത്തിനുശേഷം, 1993-ൽ എറിത്രിയ ഔദ്യോഗികമായി ഒരു സ്വതന്ത്രരാജ്യമായി മാറി. സ്വാതന്ത്ര്യത്തിനുശേഷം, സ്വാതന്ത്ര്യസമരത്തിന്റെ മുൻനേതാവായ പ്രസിഡന്റ് ഇസയാസ് അഫ്‌വെർക്കിയാണ് രാജ്യം ഭരിക്കുന്നത്. തുടക്കത്തിൽ രാജ്യത്തെ ജനാധിപത്യത്തിലേക്കു നയിച്ചതിനുശേഷം, അഫ്‌വർക്കി ഭരണകൂടം ജനങ്ങൾക്കുമേൽ കൂടുതൽ അടിച്ചമർത്തലുകൾ ആരംഭിച്ചു. ക്രിസ്തുമതത്തിന്റെ നാലു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഔദ്യോഗിക സംസ്ഥാനമതങ്ങളിൽ, ഒന്നിൽ മാത്രം  ആരാധന നടത്താനേ അദ്ദേഹത്തിന്റെ ഭരണകൂടം ആളുകളെ അനുവദിച്ചിരുന്നുള്ളൂ. അതിനുശേഷം 2002-ലെ ഒരു പ്രഖ്യാപനത്തിലൂടെ റെയ്ഡുകളുടെ ഒരു പരമ്പര തന്നെ എറിത്രിയയിൽ ആരംഭിച്ചു.

അടിസ്ഥാനരഹിതമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എറിത്രിയൻ ഉദ്യോഗസ്ഥർ  ക്രൈസ്തവരെ അറസ്റ്റു ചെയ്തു. 2005 അവസാനത്തോടെ ജയിലുകളിലും സൈനിക ക്യാമ്പുകളിലും 1,750 ക്രൈസ്തവർ തടവിലാക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നിലവിൽ, വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ക്രിസ്ത്യൻ തടവുകാരുടെ കണക്ക് ഏകദേശം 500 ആണ്. കൂടാതെ, മതനിന്ദ, വിശ്വാസത്യാഗം തുടങ്ങിയ ആരോപണങ്ങളുമായി വേറെ നൂറുകണക്കിനു ആളുകളും ജയിലിൽ കഴിയുന്നു.

നിലവിൽ ചെറിയ പ്രാർഥനകൾ നടത്തുക, വിശുദ്ധ ഗ്രന്ഥം സൂക്ഷിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾക്കുപോലും ഈ രാജ്യത്ത് ക്രൈസ്തവർ അറസ്റ്റു ചെയ്യപ്പെടുന്നു. ഇങ്ങനെ ജയിലുകളിലെത്തപ്പെടുന്നവർ ക്രൂരമായ പീഡനങ്ങൾ നേരിടുകയോ, വധിക്കപ്പെടുകയോ ചെയ്യുന്നതും ഇവിടെ സാധാരണയായി മാറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.