“പ്രിയപ്പെട്ട അമ്മയ്ക്ക്”: വി. ജോർജിയോ ഫ്രസാത്തി അമ്മയ്ക്ക് എഴുതിയ കത്ത്

ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ഈശ്വരതുല്യം സേവിച്ച വ്യക്തിയാണ് വിശുദ്ധ പിയർ ജോർജിയോ ഫ്രസാത്തി. അദ്ദേഹം തന്റെ അമ്മയ്ക്ക് എഴുതിയ ഒരു കത്താണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അമ്മയ്ക്ക് എഴുതിയ കത്തിൽ താൻ കാരണം എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് പിയർ ജോർജിയോ ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്ത് അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കൂടുതൽ വെളിപ്പെടുത്തുന്നു.

“പ്രിയപ്പെട്ട അമ്മേ, ഞാൻ കാരണം അമ്മയ്ക്കുണ്ടായ എല്ലാ ചെറിയ ബുദ്ധിമുട്ടുകൾക്കും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ എപ്പോഴും അമ്മയെക്കുറിച്ച് ചിന്തിക്കുകയും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് തരാൻ സാധിക്കാത്ത ആശ്വാസം ദൈവം അമ്മക്ക് നൽകട്ടെ”- പിയർ ജോർജിയോ കത്തിൽ കുറിക്കുന്നു. ഒരു വ്യക്തി എത്ര വലിയവനായാലും, അമ്മ നൽകുന്ന ഉപദേശങ്ങളാണ് എപ്പോഴും ഏറ്റവും ജ്ഞാനമുള്ളതും ഉചിതവുമായത് എന്നും അദ്ദേഹം തന്റെ കത്തിൽ കുറിച്ചിരിക്കുന്നു.

യൂണിവേഴ്സിറ്റിയിലെ മൈനിംഗ് എഞ്ചിനീയറിംഗ് പഠനത്തിന്റെ തിരക്കുകൾ കാരണം അമ്മയോടൊപ്പം വടക്കൻ ടൂറിനിലെ പൊള്ളോണിലുള്ള വസതിയിൽ സമയം ചിലവഴിക്കാൻ സാധിക്കാത്തതിലുള്ള സങ്കടവും അദ്ദേഹം കത്തിൽ പങ്കുവെക്കുന്നുണ്ട്. മൂന്നാം വർഷ പഠനം കഠിനമാണെന്നും ലക്ഷ്യത്തിലെത്താൻ ചില ത്യാഗങ്ങൾ ആവശ്യമാണെന്നും പറയുന്ന അദ്ദേഹം, എങ്കിലും ജീവിതത്തിലെ വലിയ പ്രതിസന്ധികളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊന്നും വലിയ ബുദ്ധിമുട്ടുകളല്ലെന്നും കൂട്ടിച്ചേർത്തു.

തന്റെ അമ്മയ്ക്കും മുത്തശ്ശിക്കും സ്നേഹചുംബനങ്ങൾ നേർന്നുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. ഈ കത്തെഴുതി കൃത്യം മൂന്ന് വർഷങ്ങൾക്ക് ശേഷം, 1925 ജൂലൈ നാലിന്, പോളിയോ ബാധിച്ച് തന്റെ അമ്മയുടെ മടിയിൽ കിടന്നുകൊണ്ടാണ് പിയർ ജോർജിയോ ഫ്രസാത്തി ഈ ലോകത്തോട് വിടപറഞ്ഞത്. എല്ലാ വർഷവും ജൂലൈ നാലിനാണ് കത്തോലിക്കാ സഭ അദ്ദേഹത്തിന്റെ ഓർമ്മദിനമായി ആചരിക്കുന്നത്. ദരിദ്രർക്കായുള്ള സേവനത്തിലും വിശുദ്ധ കുർബാനയോടുള്ള ഭക്തിയിലും ജീവിച്ച അദ്ദേഹത്തിന്റെ ഈ കത്ത്, കുടുംബബന്ധങ്ങൾക്ക് അദ്ദേഹം നൽകിയ പ്രാധാന്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.