വികാരനിര്‍ഭരമായ ആ വിടവാങ്ങൽ: ഫ്രാൻസിസ് മാർപാപ്പ, ബെനഡിക്ട് പാപ്പായ്ക്ക് അന്തിമവന്ദനം പറഞ്ഞപ്പോൾ

രണ്ട് മാർപ്പാപ്പമാർ തമ്മിൽ വിടവാങ്ങുന്ന അപൂർവ നിമിഷങ്ങളായിരുന്നു അത്. ബെനഡിക്ട് പാപ്പയുടെ മൃതസംസ്ക്കാര ശുശ്രൂഷയുടെ അവസാന നിമിഷങ്ങളിലാണ് അതു സംഭവിച്ചത്. ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമിയായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ശവമഞ്ചത്തിൽ കൈകൾ വെച്ച് ഒരു നിമിഷം കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. വികാര നിർഭരമായ നിമിഷങ്ങൾ! രണ്ടു മാർപാപ്പാമാരും തമ്മിലുള്ള ആത്മീയ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ഫീച്ചർ. തുടർന്നു വായിക്കുക.

രണ്ട് മാർപ്പാപ്പമാർ തമ്മിൽ വിടവാങ്ങുന്ന അപൂർവ നിമിഷങ്ങളായിരുന്നു അത്. ബെനഡിക്ട് പാപ്പയുടെ മൃതസംസ്ക്കാര ശുശ്രൂഷയുടെ അവസാന നിമിഷങ്ങളിലാണ് അതു സംഭവിച്ചത്. ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമിയായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ ശവമഞ്ചത്തിൽ കൈകൾ വെച്ച് ഒരു നിമിഷം കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. വികാര നിർഭരമായ നിമിഷങ്ങൾ! തന്റെ മുൻഗാമിയുടെ ഭൗതിക ദേഹം വഹിച്ചിരുന്ന പേടകത്തിൽ കൈകൾ വച്ചു പ്രാർത്ഥിച്ചപ്പോൾ എന്തായിരിക്കും ഫ്രാൻസിസ് പാപ്പയുടെ മനസ്സിൽ നിറഞ്ഞിരുന്ന വികാരം? തീർച്ചയായും ഒരു വിശുദ്ധന്റെ ശവമഞ്ചത്തിലാണ് താൻ സ്പർശിക്കുന്നത് എന്ന ബോധ്യമായിരിക്കും അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞിരുന്നത്. അതിനുശേഷമാണ് ബെനഡിക്ട് പാപ്പായുടെ ശവമഞ്ചം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നിന്നും ബസിലിക്കയിലേക്ക് കൊണ്ടുപോയത്. അവിടെ വി. ജോൺ പോൾ രണ്ടാമൻ പാപ്പായെ മുൻപ് സംസ്കരിച്ച അതെ കല്ലറയിൽ സംസ്കരിക്കപ്പെടാൻ.

ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയെ അടക്കം ചെയ്യുന്നത് അസാധാരണമായ സംഭവമാണ്. മുൻപ് ഇപ്രകാരം ചെയ്തിട്ടുള്ളത് 1802- ലാണ്. നെപ്പോളിയന്റെ തടവുകാരനായിരുന്ന ശേഷം മരിച്ച പയസ് ആറാമൻ പാപ്പായുടെ മൃതസംസ്ക്കാര ചടങ്ങിൽ സഹായിച്ചത് പയസ് ഏഴാമൻ മാർപാപ്പയാണ്. തന്റെ മുൻഗാമി ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മൃതസംസ്ക്കാര ചടങ്ങുകളിൽ ബെനഡിക്റ്റ് പാപ്പാ സന്നിഹിതനായിരുന്നു. എന്നാൽ അദ്ദേഹമപ്പോൾ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ ആയിരുന്നു. മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടുന്നതിന് പത്ത് ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ ശുശ്രൂഷ.

ഫ്രാൻസിസ് പാപ്പാ, ബെനഡിക്ട് പാപ്പാക്ക് അവസാന യാത്രയയപ്പ് പ്രാർത്ഥനാപൂർവ്വം നൽകുക എന്നതായിരുന്നു ദൈവഹിതം. രണ്ടു മാർപാപ്പാമാരും തമ്മിൽ ഉണ്ടായിരുന്ന വലിയ ആത്മീയ ബന്ധം അതിനു കൂടുതൽ കരുത്തേകി എന്നതാണ് യാഥാർഥ്യം.

വലിയ മുക്കുവര്‍ ഒരുമിച്ച്: ബെനഡിക്ട് പാപ്പായും ഫ്രാന്‍സിസ് പാപ്പായും

“അദ്ദേഹം എന്നോടു കാണിക്കുന്ന ഉദാരമായ മാനുഷിക പരിഗണന, എന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിലുള്ള ദൈവത്തിന്റെ പ്രത്യേക കൃപയാണ്. അതിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. മറ്റുള്ളവർക്കു സംലഭ്യനാകുന്നതിനെപ്പറ്റി പാപ്പാ സ്ഥിരം പറയാറുണ്ട്. അത് വെറും ഭംഗിവാക്കുകളല്ല; പറയുന്ന കാര്യങ്ങൾ അദ്ദേഹം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു. ദൈവത്തിന്റെ ഉദാരത മനസ്സിലാക്കാൻ അദ്ദേഹത്തിന് എന്നും കഴിയട്ടെ. ഇതാണ് ഫ്രാൻസിസിനുവേണ്ടി എനിക്ക് ദൈവത്തോട് ചോദിക്കാനുള്ളത്.”- ഫ്രാൻസിസ് പാപ്പാ തന്നോട് കാണിക്കുന്ന സ്നേഹത്തെ കുറിച്ച് ജീവിച്ചിരുന്നപ്പോൾ ബെനഡിക്റ്റ് പിതാവ് പറഞ്ഞത് ഇപ്രകാരമാണ്. ആത്മീയതയും ദൈവീകതയും മാനുഷികതയും ഒത്തുചേർന്ന പിതൃതുല്യമായ സൗഹൃദം. അതായിരുന്നു അന്തരിച്ച ബെനഡിക്റ്റ് പാപ്പായ്ക്കും ഫ്രാൻസിസ് പാപ്പായ്ക്കും ഇടയിൽ ഉണ്ടായിരുന്നത്.

2013 മാർച്ച് 13-ന് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളിൽ, ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമിയായ ബെനഡിക്റ്റ് പതിനാറാമൻ പാപ്പായെ പ്രത്യേകം അനുസ്മരിച്ചിരുന്നു. അന്ന് മുതൽ ഇങ്ങോട്ട്, മരണം വരെ ബെനഡിക്റ്റ് പാപ്പായുമായി വളരെ ആർദ്രമായ ഒരു ബന്ധമായിരുന്നു ഫ്രാൻസിസ് പാപ്പാ പുലർത്തിയിരുന്നത്.

2016 ആഗസ്റ്റ് 24-ന് ഇറ്റാലിയൻ ദിനപത്രമായ ‘ലാ റെപ്പുബ്ലികാ’ (La Reppublica) പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ, ‘തന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ അനുസരിക്കുന്നതിൽ തനിക്കു സന്തോഷമേയുള്ളു’ എന്നാണ് ബെനഡിക്റ്റ് പാപ്പാ പറഞ്ഞത്. ഫ്രാൻസിസ് പാപ്പായുടെ തെരഞ്ഞെടുപ്പിനുശേഷം ‘ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധം കൂടുതൽ ആഴവും വിശാലവുമായി’ എന്നു ബനഡിക്ട് പിതാവ് പറയുന്നു. ആരംഭം മുതൽ ഫ്രാൻസിസ് പാപ്പാ കാണിക്കുന്ന ‘അസാധാരണമായ മാനുഷിക സംലഭ്യത’ ബനഡിക്ട് പാപ്പയെ ശക്തമായി സ്വാധീനിച്ചിരുന്നു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് മാർപാപ്പയായി ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം എമിരിറ്റസ് ബെനഡിക്റ്റ് പാപ്പായ്‌ക്ക്‌ വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തതിലൂടെ തന്റെ ജീവിതത്തിൽ അദ്ദേഹത്തിനുള്ള പ്രാധാന്യം ഫ്രാൻസിസ് പാപ്പാ ഊട്ടിയുറപ്പിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് ബെനഡിക്റ്റ് പാപ്പായുടെ ജന്മദിനം ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ ഫ്രാൻസിസ് പാപ്പാ ‘മാത്തർ എക്ലേസിയയിലെ പതിവ് സന്ദർശകനായി മാറി.

പലപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഓടിയെത്താൻ കഴിയുന്ന ദീർഘവീക്ഷിയായ പിതാവിന്റെ സ്ഥാനമായിരുന്നു ഫ്രാൻസിസ് പാപ്പാ, ബെനഡിക്റ്റ് പാപ്പാക്ക് നൽകിയിരുന്നത്. “ബെനഡിക്റ്റ് പിതാവിന്റെ സംസാരം കേൾക്കുമ്പോൾ ഞാൻ ശക്തനാകുന്നു. സഭയുടെ ഈ കഥ ഞാൻ കേൾക്കുന്നു.” ബെനഡിക്റ്റ് പതിനാറാമൻ നൽകിയ ശക്തമായ ആത്‌മീയ പിന്തുണയെ കുറിച്ച് ഫ്രാൻസിസ് പാപ്പാ പറഞ്ഞത് ഇപ്രകാരമായിരുന്നു.

“തിരഞ്ഞെടുപ്പിന്റെ ആദ്യ ദിവസം മുതൽ, എന്റെ ജീവിതത്തിലെ എല്ലാ ദിവസവും എന്നെ ആന്തരികമായി ചലിപ്പിക്കുന്നതിന് പരിശുദ്ധ പിതാവേ, അങ്ങേയ്‌ക്ക് നന്ദി.” പൗരോഹിത്യത്തിന്റെ 65-ാം വാർഷികത്തിൽ ബെനഡിക്റ്റ് പാപ്പാ പറഞ്ഞു.

ബെനഡിക്റ്റ് പാപ്പായുടെ അവസാന ദിവസങ്ങളിലും അദ്ദേഹത്തെ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പാ സമയം കണ്ടെത്തിയിരുന്നു. ബെനഡിക്റ്റ് പിതാവ് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപുള്ള പൊതു പ്രഭാഷണത്തിൽ അദ്ദേഹത്തിനായി പ്രത്യേക പ്രാർത്ഥനയും ഫ്രാൻസിസ് പപ്പാ ആവശ്യപ്പെട്ടിരുന്നു.

ഒടുവിൽ, ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് പാപ്പാക്ക് അവസാന യാത്രയയപ്പ് പ്രാർത്ഥനാപൂർവ്വം നൽകി. വത്തിക്കാനിൽ കൂടിയിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിറുത്തി നൽകിയ ആ വിടവാങ്ങൽ ചരിത്രത്താളുകളിൽ എന്നും ഓർമ്മിക്കപ്പെടും.

സി. സൗമ്യ മുട്ടപ്പിള്ളിൽ / മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.