പോപ്പ് ബെനഡിക്ട് വിട വാങ്ങുമ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത് രണ്ടു ലക്ഷത്തിലധികം ആളുകൾ

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 2,00,000 പേര്‍ മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ഇന്നാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കും. ഒരു സിറ്റിംഗ് പോപ്പ് തന്റെ മുന്‍ഗാമിയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് 220 വര്‍ഷത്തിനിടെ ഇത് ആദ്യമാണെന്ന് വത്തിക്കാന്‍ പറയുന്നു.

പ്രാദേശിക സമയം 9.30 -ന് സെന്റ് പീറ്റേഴ്സ് ബസലിക്കക്കു മുന്നിലുള്ള സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കുന്ന മൃതസംസ്‌കാര ചടങ്ങില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബെനഡിക്ട് പാപ്പാ നേരത്തെ തന്നെ ആവശ്യപ്പെട്ടതിന് അനുസൃതമായി വളരെ ലളിതമായ രീതിയിലാവും മൃതസംസ്‌കാര ചടങ്ങുകള്‍ നിര്‍വ്വഹിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു.

90 -ലധികം പൊന്തിഫുമാരെ അടക്കം ചെയ്തിരിക്കുന്ന ബസിലിക്കയുടെ താഴെയുള്ള ശവകുടീരത്തില്‍ തന്നെ ബനഡിക്ട് പാപ്പായും അന്ത്യവിശ്രമം കൊള്ളും. മാര്‍പാപ്പാ പദവിയിലിരുന്ന സമയത്തെ അടയാളപ്പെടുത്തുന്ന വസ്തുക്കളും അദ്ദേഹത്തിന്റെ ശരീരത്തോടൊപ്പം വച്ചാണ് അടക്കം ചെയ്യുക.

ഇറ്റലിയില്‍ നിന്നും, ബെനഡിക്ട് പാപ്പായുടെ ജന്മദേശമായ ജര്‍മ്മനിയില്‍ നിന്നുമുള്ള ഔദ്യോഗിക പ്രതിനിധികള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. ജര്‍മ്മനിയില്‍ 11.00 മണിക്ക് ദേവാലയങ്ങളില്‍ മണി മുഴക്കും. ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവും സ്‌പെയിനിലെ ലെറ്റിസിയ രാജ്ഞിയും പോളണ്ടിലെയും ഹംഗറിയിലെയും നേതാക്കളും ഉള്‍പ്പെടെ അനൗദ്യോഗിക തലങ്ങളില്‍ നിന്ന് മറ്റ് നേതാക്കളും ചടങ്ങില്‍ ഉണ്ടാകുമെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പ് ബെനഡിക്ടിന്റെ വിട വാങ്ങലിനോടനുബന്ധിച്ച് പോര്‍ച്ചുഗലില്‍ ഒരു ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലിയില്‍ രാജ്യത്തുടനീളമുള്ള പൊതുകെട്ടിടങ്ങളില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും.

പോപ്പ് ബെനഡിക്ട് എന്ന ശക്തമായ സാന്നിധ്യം 

2013 -ല്‍ വിരമിച്ചതിനു ശേഷവും പോപ്പ് ബെനഡിക്ട് വത്തിക്കാനില്‍ ശക്തമായ സാന്നിധ്യം ആയിരുന്നുവെന്ന് അവിടുത്തെ ഏറ്റവും മുതിര്‍ന്ന ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലഗെര്‍ പറയുന്നു. വത്തിക്കാനിലെ നിരീക്ഷകരും ഇക്കാര്യം ശരിവയ്ക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ എടുത്ത ചില തീരുമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അക്കാര്യത്തില്‍ ബെനഡിക്ട് പാപ്പായുടെ അഭിപ്രായത്തെ നോക്കിക്കാണുന്ന ആളുകള്‍ സഭയിലുണ്ടെന്ന് വ്യക്തമാണെന്ന് ആര്‍ച്ചുബിഷപ്പ് ഗല്ലാഗര്‍ ബിബിസി -യോടു പറഞ്ഞു. എന്നാല്‍ രണ്ട് പൊന്തിഫുകളും മികച്ച ബന്ധമാണ് പുലര്‍ത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഗല്ലഗര്‍ പറയുന്നു: “നമുക്ക് മൂന്ന് മാര്‍പാപ്പമാരുണ്ടെങ്കില്‍, കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ഇപ്പോള്‍ ബെനഡിക്ട് മാര്‍പാപ്പ കര്‍ത്താവിലേക്ക് പോയതിനാല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ താന്‍ സ്ഥാപിച്ച തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നു. തനിക്ക് കഴിയുമെന്ന് അദ്ദേഹം കരുതിന്നിടത്തോളം അദ്ദേഹം ഈ ശുശ്രൂഷയില്‍ തുടരുകയും ചെയ്യും” – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി, മുന്‍ മാര്‍പാപ്പക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തുകയാണ്. കുടുംബത്തോടൊപ്പം റോമിലേക്ക് യാത്ര ചെയ്ത ഒരു കത്തോലിക്ക തീര്‍ത്ഥാടന സംഘാടകന്‍ ബസിലിക്കയില്‍ പ്രവേശിച്ചതിന്റെ അനുഭവത്തെ മനോഹരവും, വിനീതവും എന്നാണ് വിശേഷിപ്പിച്ചത്.

മൗണ്ടന്‍ ബ്യൂട്ടോറക് എന്ന വ്യക്തി ബെനഡിക്ട് പാപ്പായെ സൗമ്യനും എളിമയുള്ള മനുഷ്യനും എന്നാണ് വിശേഷിപ്പിച്ചത്. തനിക്ക് ഒരു മുത്തച്ഛനെ പോലെയായിരുന്നു അദ്ദേഹമെന്നും ബ്യൂട്ടോറിക് പറഞ്ഞു.

സാംബിയയില്‍ നിന്നുള്ള പുരോഹിതന്‍, ഫാ. കാലിസ്റ്റസ് കഹാലെ കബിന്ദമ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്, ബെനഡിക്ട് ഒരു മഹാനായ പോപ്പായിരുന്നു; അദ്ദേഹം ഒരു അത്ഭുതമായിരുന്നു എന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.