ആഗസ്റ്റ് 30: വിശുദ്ധ നാര്‍സിസാ ദെജേസൂസ് (1832-69)

ഇക്വഡോറിലെ നോബോള്‍ ഗ്രാമത്തില്‍ 1832 ഒക്ടോബര്‍ 29-നാണ് നാര്‍സിസാ ജനിച്ചത്. 1851-ല്‍ മാതാപിതാക്കളുടെ മരണശേഷം ബന്ധുക്കളോടൊപ്പം ഗുയാക്യുലിയില്‍ താമസമാക്കി. സഹോദരങ്ങളുടെ സംരക്ഷണത്തിനായി അവള്‍ കഠിനാധ്വാനം ചെയ്തു. ജോലിയെപ്രതിയും മറ്റും പലപ്പോഴും വീട് മാറേണ്ടിവന്നു. വളരെ ലളിതമായ വാസസ്ഥലങ്ങള്‍ കണ്ടെത്തുകയും ഏകാന്തധ്യാനത്തിനും തപശ്ചര്യകള്‍ക്കും പ്രാധാന്യം കല്പിക്കുകയും ചെയ്തു.

നാര്‍സിസാ, ദിവസത്തില്‍ എട്ടുമണിക്കൂര്‍ നിശ്ശബ്ദതയിലും ഏകാന്തതയിലും പ്രാർഥിച്ചിരുന്നു. രാത്രിയില്‍ 4 മണിക്കൂര്‍ പാപ-പരിഹാരക്രിയയായി മുള്‍മുടി ധരിക്കുകയും വെറുംതറയില്‍ കിടന്നുറങ്ങുകയും ചെയ്തിരുന്നു. ഭക്ഷണപാനീയങ്ങള്‍ അപ്പവും വെള്ളവും മാത്രമായിരുന്നു. തന്റെ നാടിന്റെ സുസ്ഥിതിക്കുവേണ്ടി ജീവിതം ബലിയായി സമര്‍പ്പിക്കാന്‍ അവള്‍ ആഗ്രഹിച്ചു. തന്നിമിത്തം ഒരു അനാഥമന്ദിരം നടത്തിയിരുന്ന മെഴ്‌സിഡസ് മൊളീനായുമായി നാര്‍സിസ് സൗഹൃദത്തിലായി. അവള്‍ കുട്ടികളുടെ ക്രിസ്തീയരൂപീകരണത്തിന് സഹായിക്കുകയും വസ്ത്രങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്തു.

1868-ല്‍ നാര്‍സിസാ പെറുവിലെ ലീമായിലേക്ക് താമസം മാറ്റി. അവിടെ ഡൊമിനീക്ക്യന്‍ ടേര്‍ഷ്യറി സന്യാസിനികളോടൊത്തുവസിച്ചു. വര്‍ഷങ്ങളായി അനുഷ്ഠിച്ചുപോന്ന പ്രായശ്ചിത്തപ്രവൃത്തികള്‍ അവളുടെ ശരീരത്തെ ദുര്‍ബലമാക്കുകയും മരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്തു. 1869 ഡിസബര്‍ 8-ാം തീയതി സഹസന്യാസിനികള്‍ ശുഭരാത്രി ആശംസിച്ചപ്പോള്‍, താന്‍ ഒരു ദീര്‍ഘയാത്രയ്ക്കു പോവുകയാണെന്ന് തമാശരൂപേണ നാര്‍സിസാ പറഞ്ഞു. അര്‍ധരാത്രിയോടുകൂടി അവളുടെ മുറി പ്രകാശപൂരിതമാകുന്നത് കാവല്‍ക്കാരിയായ സഹോദരി കണ്ടു. തത്സമയം മുറിയില്‍ നിന്ന് ശക്തമായ സുഗന്ധം പ്രവഹിക്കുന്നതായും അനുഭവപ്പെട്ടു. കാവല്‍ക്കാരി സന്യാസിനിയുടെ മുറിയില്‍ കയറി പരിശോധിച്ചപ്പോള്‍ നാര്‍സീസാ മരിച്ചിരുന്നതായി കണ്ടു.

വിചിന്തനം: ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എത്ര മധുരവും സ്വാദുള്ളതുമാണ് ദൈവവചനം. ലോകത്തെയോ, ലോകവസ്തുക്കളെയോ സ്‌നേഹിക്കുന്നവര്‍ക്ക് അങ്ങനെ ആയിരിക്കുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍