
2025-ലെ മിസ്സ് യൂണിവേഴ്സ് ഫാത്തിമ ബോഷ് (Fátima Bosch) കന്യകാമറിയത്തിന് പ്രണാമമർപ്പിച്ചുകൊണ്ട് കുട്ടികൾക്കൊപ്പം പാട്ടുപാടിയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഗ്വാട്ടിമാല സന്ദർശനത്തിനിടയിൽ ലാ മെർസെഡ് പള്ളിയിലെത്തിയ ഫാത്തിമ, അവിടെയുണ്ടായിരുന്ന കുട്ടികളുടെ സംഘത്തിനൊപ്പം ചേർന്ന് കന്യകാമറിയത്തിനായുള്ള പ്രശസ്തമായ “മരിയ, മീരാമെ” എന്ന ഗാനം ആലപിക്കുകയായിരുന്നു.
“ഒന്നിച്ച് പാടാനായി മാറ്റിവച്ച മനോഹരമായ ഒരു നിമിഷം,” എന്ന കുറിപ്പോടെയാണ് ഈ സന്ദർശനത്തിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി പങ്കുവച്ചത്. പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയും (views) 84,000-ത്തിലധികം ലൈക്കുകളും നേടി ഈ വീഡിയോ വളരെ പെട്ടെന്നു വൈറലായി മാറി. ഫാത്തിമയുടെ ഈ മനോഹരമായ പ്രവൃത്തിയെ നിരവധി ആളുകളാണ് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
തന്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് 2025-ലെ മിസ്സ് യൂണിവേഴ്സ് പരസ്യമായി സംസാരിക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. മിസ്സ് യൂണിവേഴ്സ് പങ്കുവച്ച ഒരു അഭിമുഖത്തിൽ, സൗന്ദര്യമത്സര ലോകത്ത് ഒരു കത്തോലിക്കയായിരിക്കുക എന്നാൽ സ്വന്തം മൂല്യങ്ങളിൽ നിന്നും തത്ത്വങ്ങളിൽ നിന്നും വ്യതിചലിക്കാതെ “കാൽ നിലത്തുറപ്പിച്ചു നിർത്തുക” എന്നതാണെന്ന് ഫാത്തിമ വ്യക്തമാക്കുകയുണ്ടായി. “സ്വന്തം മൂല്യങ്ങളിലോ തത്ത്വങ്ങളിലോ വിട്ടുവീഴ്ച ചെയ്യാതെ, ജീവിതത്തിന് ഒരു ഗുണവും ചെയ്യാത്ത വഴികളിലൂടെ സഞ്ചരിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധാലുവായിരിക്കുക എന്നാണ് ഇതിനർഥം. കാരണം എന്റെ ഹൃദയം സൃഷ്ടിച്ചത് ദൈവമാണ്,” അവർ പറഞ്ഞു. തന്റെ മൂല്യങ്ങൾ ഉപേക്ഷിക്കാൻ നിരന്തരം സമ്മർദം ചെലുത്തുന്ന ഒരു ലോകത്താണ് താൻ ജീവിക്കുന്നതെന്നും, എന്നാൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വഴങ്ങാതിരിക്കാൻ താൻ പഠിച്ചിട്ടുണ്ടെന്നും ഈ മെക്സിക്കൻ മോഡൽ കൂട്ടിച്ചേർത്തു.
“എന്റെ ജീവിതത്തിൽ ഒരു ഘട്ടത്തിലും ഈ ലോകത്തെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; ഞാൻ പ്രീതിപ്പെടുത്താനും അഭിമാനമുണ്ടാക്കാനും ആഗ്രഹിക്കുന്നത് ദൈവത്തെ മാത്രമാണ്,” അവർ പറഞ്ഞു. വ്യത്യസ്തയായ ഒരു വ്യക്തിയാകാൻ സാഹചര്യങ്ങൾ സമ്മർദം ചെലുത്തുമ്പോൾ, താൻ ആരാണെന്ന് സ്വയം ഓർക്കാൻ സഹായിക്കുന്നത് തന്റെ വിശ്വാസമാണെന്ന് ബോഷ് വിശ്വസിക്കുന്നു.
കൂടാതെ, 2025-ലെ മിസ്സ് യൂണിവേഴ്സ് കിരീടം നേടുന്നതിന് തൊട്ടുമുമ്പ്, മത്സരത്തിലുടനീളം തന്റെ കൂടെയുണ്ടായിരുന്ന ചില വസ്തുക്കളുടെ ചിത്രം ഫാത്തിമ പങ്കുവച്ചിരുന്നു: കന്യകാമറിയത്തിന്റെ ഒരു ചിത്രം, ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പിന്റെ (Our Lady of Guadalupe) ചിത്രം, ഒപ്പം ഒരു ജപമാലയും.
കിരീടമണിഞ്ഞ നിമിഷം ഫാത്തിമ കുരിശടയാളം വരയ്ക്കുകയും ആകാശത്തേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. തനിക്കു ലഭിച്ച വിജയത്തിന് ശേഷം ദൈവത്തിന് പരസ്യമായി നന്ദി പറഞ്ഞ അവർ, “ക്രിസ്തുരാജൻ വാഴട്ടെ” (Long live Christ the King) എന്ന സന്ദേശവും പങ്കുവച്ചിരുന്നു.




