
“നിങ്ങൾ എന്റെ വചനത്തിൽ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” ദൈവത്തിന്റെ വചനത്തില്‍ നിലനില്‍ക്കുമ്പോഴാണ് നമ്മള്‍ യഥാര്‍ഥ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിക്കുന്നത്. ഇന്ന് പലരും സ്വാതന്ത്ര്യമെന്നാല്‍ ‘ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം’ എന്നാണ് അർഥമാക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ സങ്കൽപം ഒരാളുടെ അഭിനിവേശങ്ങൾക്കും അനിയന്ത്രിതമായ ആഗ്രഹങ്ങൾക്കും പാപത്തിന്റെ ശക്തിക്കുമുള്ള അടിമത്വത്തിനുള്ള ഒരു മുഖംമൂടിയാണ് എന്ന് നമ്മള്‍ മനസ്സിലാക്കണം.
യേശു തന്റെ ശിഷ്യന്മാർക്ക് യഥാർഥ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നു – ഭയത്തിന്റെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, സ്വാർഥതയുടെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് ചിന്തിക്കുകയോ, പറയുകയോ ചെയ്യുമെന്ന ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, തെറ്റായ ആഗ്രഹങ്ങളിൽ നിന്നും പാപത്തിന്റെ ശക്തിയിൽ നിന്നുമുള്ള സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തിലേക്കാണ് നമ്മള്‍ വളരേണ്ടത്. അതിന് നമ്മള്‍ അവന്റെ വചനത്തില്‍ നിലനില്‍ക്കണം.
ഫാ. ജി. കടൂപ്പാറയിൽ MCBS




