അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും സംഭാഷണം നടത്താൻ നമ്മെ പഠിപ്പിക്കുന്ന നാലു വിശുദ്ധർ

ചിലപ്പോഴൊക്കെ നമ്മുടെ അതേ നിലപാടുകൾ പങ്കുവയ്ക്കുന്ന ആളുകളോട് പോലും കാര്യക്ഷമമായ ഒരു സംഭാഷണം നടത്തുക ബുദ്ധിമുട്ടാണ്. ഇനി മൗലികമായ വിഷയങ്ങളിൽ നമ്മോട് വിയോജിക്കുന്ന ഒരാളാണെങ്കിൽ, ഒരു പൊതുധാരണയിലെത്തുക എന്നത് അസാധ്യമാണെന്ന് തോന്നാം. തിരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുമ്പോഴോ, സഭയിലെ തർക്കവിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴോ ഇത് പ്രത്യേകിച്ചും സംഭവിക്കാറുണ്ട്.

നമ്മളിൽ നിന്ന് വേറിട്ട് ചിന്തിക്കുന്ന ആളുകളുമായി ആശയവിനിമയം നടത്താനും സംഭാഷണത്തിലേർപ്പെടാനും പഠിക്കുന്നത് ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. അതിന് ഉത്തമ മാതൃകകളായ നാല് വിശുദ്ധരെ പരിചയപ്പെടാം. ക്ഷമയോടും അനുകമ്പയോടും തുറന്ന മനസ്സോടും ഹൃദയത്തോടും കൂടി ആശയവിനിമയം നടത്താൻ ഈ വിശുദ്ധരുടെ മാതൃക നമ്മെ സഹായിക്കും.

1. കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസ

വിശുദ്ധ മദർ തെരേസ, പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനും ഓരോ മനുഷ്യജീവിതത്തിന്റെയും അന്തസ്സ് സംരക്ഷിക്കുന്നതിനുമായി തന്റെ ജീവിതം മാറ്റിവച്ചു. മനുഷ്യന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന അവർ, സുവിശേഷാധിഷ്ഠിതമായ ചാതുര്യത്തോടെ പ്രമുഖരായ വ്യക്തികളെ അഭിമുഖീകരിച്ചു. അവരുടെ ജീവിതസാക്ഷ്യം അത്രമേൽ ശക്തമായിരുന്നു.

മതേതര ലോകത്തിന്റെ കണ്ണുകളിൽ പോലും അവരുടെ വിജയം വളരെ വലുതായിരുന്നു. തൽഫലമായി, 1979 ഒക്ടോബർ 17-ന് അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. തനിക്ക് ലഭിച്ച സമ്മാനത്തുകയും തന്റെ ബഹുമാനാർഥം നടത്താനിരുന്ന വിരുന്നിന്റെ ചെലവും അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു.

2. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ

‘നല്ലവനായ മാർപാപ്പ’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന് മികച്ച ആശയവിനിമയ ശേഷി നൽകിയ രണ്ട് പ്രധാന സവിശേഷതകൾ ഉണ്ടായിരുന്നു: അദ്ദേഹത്തിന്റെ ദയയും നർമ്മബോധവും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ നേരിടുമ്പോൾ ഇവ എപ്പോഴും അദ്ദേഹത്തിന് തണലായി.

അദ്ദേഹത്തിന് വിപുലമായ പാസ്റ്ററൽ അനുഭവമുണ്ടായിരുന്നു. ‘ജേണൽ ഓഫ് എ സോൾ’ എന്ന പുസ്തകം, സങ്കീർണ്ണമായ സംഭാഷണങ്ങൾ നയിക്കാൻ ജന്മനാ കഴിവുള്ള ഒരു മനുഷ്യന്റെ കഥ വെളിപ്പെടുത്തുന്നു.

ബെർഗമോയിലെ ബിഷപ്പ് ജാക്കോമോ റാഡിനി-തെഡെസ്കിയുടെ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം ഒരു മിലിറ്ററി ചാപ്ലിനായിരുന്നു. പിന്നീട് ബെർഗമോയിൽ ഗ്രാമീണ മേഖലകളിൽ നിന്നുള്ള യുവാക്കളെ സ്വാഗതം ചെയ്തുകൊണ്ട് സ്റ്റുഡന്റ് ഹൗസ് സ്ഥാപിക്കുകയും സെമിനാരിയിലെ ആത്മീയ മാർഗനിർദേശത്തിന്റെ ചുമതല വഹിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ, ഇറ്റലിയിലെ ‘കോൺഗ്രിഗേഷൻ ഓഫ് പ്രൊപ്പഗാന്ത ഫൈഡ്’ (Congregation of Propaganda Fide) എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മാർപാപ്പ അദ്ദേഹത്തെ നാമനിർദേശം ചെയ്തു. ഈ ചുമതലയിൽ, മിഷനുകൾക്ക് പിന്തുണ തേടിക്കൊണ്ട് അദ്ദേഹം എല്ലാ ഇറ്റാലിയൻ ബിഷപ്പുമാരെയും സന്ദർശിച്ചു. തുടർന്ന്, പയസ് പതിനൊന്നാമൻ മാർപാപ്പ അദ്ദേഹത്തെ ബിഷപ്പായി വാഴിക്കുകയും, അസ്ഥിരമായ പല പ്രശ്നങ്ങളും പരിഹരിക്കേണ്ടിയിരുന്ന, ഓർത്തഡോക്സ് ഭൂരിപക്ഷ രാജ്യമായ ബൾഗേറിയയിലെ അപ്പോസ്തോലിക് സന്ദർശകനായി നിയമിക്കുകയും ചെയ്തു.

തുർക്കിയിലെയും ഗ്രീസിലെയും അപ്പോസ്തോലിക് ഡെലിഗേറ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു, വത്തിക്കാനും ഓർത്തഡോക്സ്-മുസ്ലിം നേതൃത്വങ്ങൾക്കും ഇടയിലുള്ള വലിയ അകലം ഒരു പരിധി വരെ കുറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എല്ലാ തുറകളിലുമുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ചും സഹാനുഭൂതിയെക്കുറിച്ചും ഈ ലളിതമായ വസ്തുതകൾ വ്യക്തമാക്കുന്നു. പിന്നീട് മാർപാപ്പ എന്ന നിലയിൽ, രണ്ടാം വത്തിക്കാൻ കൗൺസിലിലൂടെ സഭയുടെ നവീകരണത്തെ നയിക്കുകയെന്ന കഠിനമായ ദൗത്യവും അദ്ദേഹം നിർവഹിച്ചു.

3. വിശുദ്ധ പോൾ ആറാമൻ പാപ്പ

ജിയോവാനി ബാറ്റിസ്റ്റ മൊന്തിനി കാനോൻ നിയമവും സിവിൽ നിയമവും പഠിച്ചു, വാർസോയിലെ അപ്പോസ്തോലിക് ന്യൂൺഷ്യേച്ചറിൽ അറ്റാഷെയായി സേവനമനുഷ്ഠിച്ചു, പയസ് പന്ത്രണ്ടാമൻ മാർപാപ്പയുമായി സഹകരിച്ച് പ്രവർത്തിച്ചു, രണ്ടാം ലോകമഹായുദ്ധത്തിന്റെ തലേന്ന് പരിശുദ്ധ പിതാവ് പുറപ്പെടുവിച്ച സമാധാനത്തിനായുള്ള ആഹ്വാനം തയ്യാറാക്കി.

മിലാനിലെ ആർച്ച് ബിഷപ്പ് എന്ന നിലയിൽ, തൊഴിൽ ലോകത്തെയും കുടിയേറ്റത്തെയും നഗരപ്രാന്തങ്ങളിലെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും നിരവധി പുതിയ പള്ളികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുകയും ചെയ്തു.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമന്റെ പിൻഗാമിക്ക് മുന്നിൽ ബുദ്ധിമുട്ടേറിയ ഒരു വെല്ലുവിളിയുണ്ടായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ വിജയകരമായി പൂർത്തിയാക്കുക എന്നതായിരുന്നു അത്. അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യവും സന്തുലിതമായ മധ്യസ്ഥതയും ഇല്ലാതെ അത് സാധ്യമാകുമായിരുന്നില്ല. 1965 ഡിസംബർ 8-ന് കൗൺസിൽ അവസാനിച്ചു.

കൗൺസിലിന് പുറമേ, ക്രൈസ്തവരല്ലാത്തവരുമായും വിശ്വാസികളല്ലാത്തവരുമായും സംഭാഷണത്തിനായുള്ള പുതിയ സംവിധാനങ്ങൾ പോൾ ആറാമൻ മാർപാപ്പ രൂപീകരിച്ചു. അദ്ദേഹം ബിഷപ്പുമാരുടെ സിനഡ് സ്ഥാപിക്കുകയും വത്തിക്കാനിലെ ഓഫീസിൽ (ഇപ്പോഴത്തെ ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത്) നവീകരണം നടത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ എഴുത്തുകളും വിജ്ഞാപനങ്ങളും എല്ലാ തലങ്ങളിലുമുള്ള സംഭാഷണത്തോടുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. കൂടുതൽ ഇടയ്ക്കിടെ അപ്പോസ്തോലിക് യാത്രകൾ നടത്തിക്കൊണ്ട് അദ്ദേഹം ഒരു പുതിയ പേപ്പൽ പാരമ്പര്യത്തിനും തുടക്കം കുറിച്ചു. 1965-ൽ ന്യൂയോർക്കിലേക്ക് നടത്തിയ യാത്രയും ഇതിൽ ഉൾപ്പെടുന്നു, അവിടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ചരിത്രപരമായ പ്രസംഗം നടത്തി.

കൂടാതെ, ഇറ്റലിക്കാരല്ലാത്ത നിരവധി കർദിനാൾമാരെ അദ്ദേഹം നിയമിക്കുകയും, 1968 മുതൽ എല്ലാ വർഷവും ജനുവരി 1-ന് ആചരിച്ചുവരുന്ന ലോക സമാധാന ദിനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

4. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ 27 വർഷം മാർപാപ്പയായിരുന്ന കാലഘട്ടം ലോകത്തിലെ ആരുമായും സംഭാഷണം നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവിന് ഉത്തമ ഉദാഹരണമായിരുന്നു. ഈ കഴിവും അദ്ദേഹത്തിന്റെ അപ്പോസ്തോലിക് തീക്ഷണതയും, അദ്ദേഹത്തിന്റെ മാതൃരാജ്യമായ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്നതിനും ബെർലിൻ മതിലിന്റെ തകർച്ചയ്ക്കും പ്രധാന കാരണമായി.

അദ്ദേഹത്തിന്റെ കലാപരമായ കഴിവുകൾ അദ്ദേഹത്തിന്റെ ആകർഷകമായ വ്യക്തിത്വത്തിന്റെ അവശ്യഭാഗമായിരുന്നു. മനുഷ്യന്റെ ആത്മാവിനെ ആഴത്തിൽ മനസ്സിലാക്കാനും ക്രൈസ്തവ ആശ്വാസവും പ്രത്യാശയും പകർന്നുനൽകാനും അത് അദ്ദേഹത്തെ സഹായിച്ചു. ദൈവത്തോടും പരിശുദ്ധ കന്യാമറിയത്തോടും അയൽക്കാരനോടുമുള്ള അദ്ദേഹത്തിന്റെ ബന്ധത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ അദ്ദേഹത്തിന്റെ സമഗ്രമായ രചനകൾ നമ്മെ സഹായിക്കുന്നു.

മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ ഫലങ്ങൾ അദ്ദേഹത്തിന്റെ നിരവധി അപ്പോസ്തോലിക് യാത്രകളിൽ കാണാം, ഇതിൽ 104 വിദേശ യാത്രകളും ഇറ്റലിക്കുള്ളിൽ 146 യാത്രകളും ഉൾപ്പെടുന്നു. യുവാക്കളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം 1985-ൽ ലോക യുവജന ദിനത്തിന് തുടക്കം കുറിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. അദ്ദേഹം ഇതിന്റെ 19 ആഘോഷങ്ങളിൽ പങ്കെടുത്തു. കൂടാതെ 1994-ൽ അദ്ദേഹം തുടക്കം കുറിച്ച ലോക കുടുംബ സംഗമത്തിനും ഇത് വഴിതെളിച്ചു.

ദൈവജനത്തോടും ലോകനേതാക്കളോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പം, റോമിലേക്ക് ഒഴുകിയെത്തുകയോ ഓരോ സന്ദർശനത്തിലും പങ്കാളികളാവുകയോ ചെയ്ത ലക്ഷക്കണക്കിന് വിശ്വാസികൾ, അന്തർമത സംഭാഷണങ്ങൾ, തുടങ്ങി എണ്ണമറ്റ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ആശയവിനിമയ ശേഷിയെക്കുറിച്ച് നമുക്ക് വ്യക്തമാക്കിത്തരുന്നു.

ബുദ്ധിമുട്ട് തോന്നുമ്പോൾ പോലും, നമ്മുടെ കുടുംബങ്ങളുമായും ദിവസവും ഇടപഴകുന്ന ആളുകളുമായും ബഹുമാനപൂർവവും ദയാപൂർവവുമായ സംഭാഷണം വളർത്തിയെടുക്കാൻ വിശുദ്ധരായ ഈ മഹത്‌വ്യക്തികൾ തങ്ങളുടെ മാതൃകയിലൂടെയും മധ്യസ്ഥതയിലൂടെയും നമ്മെ സഹായിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.