മാനസികാരോഗ്യവും മാനസികരോഗങ്ങളും

ഡോ. സെമിച്ചൻ ജോസഫ്

മാനസികാരോഗ്യവും മാനസികരോഗവും പലപ്പോഴു പരസ്പരപൂരകങ്ങളായാണ് ഉപയോഗിക്കുന്നതെങ്കിലും ഇതു രണ്ടും വ്യത്യസ്തമായ ആശയങ്ങളാണ്. വൈകാരിക-മാനസിക-സാമൂഹികക്ഷേമത്തെയാണ് മാനസികാരോഗ്യം സൂചിപ്പിക്കുന്നത്. അനുദിനജീവിതത്തിലെ സമ്മർദങ്ങളെ നാം എങ്ങനെ കൈകാര്യം ചെയ്യുന്നു, മറ്റുള്ളവരുമായി എങ്ങനെ ഇടപെടുന്നു, എപ്രകാരമാണ് നാം തീരുമാനങ്ങളെടുക്കുന്നത് തുടങ്ങിയവയെല്ലാം നമ്മുടെ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. സന്തുലിതമായ മാനസികാരോഗ്യാവസ്ഥ മുതൽ വിവിധ തലത്തിലുള്ള സമ്മർദങ്ങൾ വരെയുള്ള അവസ്ഥകളെ ഉൾക്കൊള്ളുന്ന വളരെ വിശാലമായ ഒരു ആശയമാണ് മാനസികാരോഗ്യം.

അതേസമയം ഒരു വ്യക്തിയുടെ ചിന്ത, മനോഭാവം, പെരുമാറ്റം എന്നിവയെ ബാധിക്കുന്നതും പ്രത്യേക രോഗനിർണ്ണയവും പ്രൊഫഷണൽ ഇടപെടലും ആവശ്യമായതുമായ അവസ്ഥയാണ് മാനസികരോഗം എന്നതുകൊണ്ട് അർഥമാക്കുന്നത്. ശരീരാരോഗ്യം പോലെതന്നെ എല്ലാവർക്കും മാനസികാരോഗ്യവും ഉണ്ട്. എന്നാൽ, ജീവിതസാഹചര്യങ്ങളെ ആശ്രയിച്ച് അതിന്റെ നിലവാരം വ്യത്യസ്തമായിരിക്കുമെന്നുമാത്രം. നല്ല മാനസികാരോഗ്യമുള്ള വ്യക്തികൾക്കുപോലും സമ്മർദം, ഉത്കണ്ഠ, ദു:ഖം എന്നിവ അനുഭവപ്പെടാം. എന്നാൽ, സാധാരണയായി ഈ സാഹചര്യങ്ങളെ അവർ ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദൈനംദിന ജീവിതത്തിൽ പ്രതിസന്ധികളില്ലാതെ മുന്നേറുകയുമാണ് പതിവ്. ഉദാഹരണത്തിന്, ജോലിയുമായി ബന്ധപ്പെട്ട സമ്മർദം അനുഭവിക്കുന്ന ഒരാൾ ക്ഷീണിതനായി തോന്നിച്ചേക്കാം. എങ്കിലും അവർ സ്വയം പരിചരണം, ആശയവിനിമയം, പ്രശ്‌നപരിഹാരം എന്നിവയിലൂടെ സമ്മർദത്തെ നിയന്ത്രിക്കുന്നു. ഇത്തരം സമ്മർദങ്ങൾ താൽക്കാലികവും വ്യക്തിയുടെ ഫലപ്രദമായ പ്രവർത്തനത്തെ തടസ്സപ്പെടുത്താത്തതുമാണ്.

തുടർച്ചയായതും ഗുരുതരവുമായ മാനസികാരോഗ്യ പ്രശ്നങ്ങളാണ് മാനസികരോഗത്തിന്റെ പരിധിയിൽ വരിക. ഇത്, ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും പ്രവർത്തനക്ഷമതയെയും ബാധിക്കുന്നു. വിഷാദം, ഉത്കണ്ഠ, ബൈപ്പോളർ ഡിസോർഡർ, സ്കിസോഫ്രേനിയ തുടങ്ങിയ അവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, വിഷാദരോഗമുള്ള ഒരാൾക്ക് ശക്തമായ ദു:ഖം, ക്ഷീണം, ദൈനംദിന പ്രവർത്തികളിൽ താല്പര്യക്കുറവ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത് ആഴ്ചകളോ, മാസങ്ങളോ തുടർന്നുകൊണ്ടിരിക്കാം. തൽഫലമായി ജോലിയോ, ബന്ധങ്ങളോ, വ്യക്തിപരമായ പരിചരണമോ പരിപാലിക്കാൻ കഴിയാതാകും. താൽക്കാലിക സമ്മർദത്തിലോ, ദു:ഖത്തിലോനിന്നും വ്യത്യസ്തമായി മാനസികരോഗങ്ങൾക്ക് സാധാരണയായി മരുന്ന് അല്ലെങ്കിൽ കൗൺസിലിംഗ് പോലുള്ള ചികിത്സാവിധികൾ ആവശ്യമാണ്.

ഒരുവശത്ത് മാനസികരോഗം സവിശേഷ വ്യക്തികളെ ബാധിക്കുന്നതും മാനസികാരോഗ്യം എല്ലാ വ്യക്തികളും പരിപോഷിപ്പിക്കേണ്ടതുമായ ഒന്നാണ്. മാനസികരോഗം ഇല്ലാത്ത അവസ്ഥയല്ല മാനസികാരോഗ്യം എന്ന അനിവാര്യമായ തിരിച്ചറിവിനൊപ്പം ശരിയായ പിന്തുണ, മരുന്ന്, ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവയിലൂടെ മാനസികരോഗങ്ങൾ സ്ഥിരീകരിച്ചവർക്കുപോലും രോഗാവസ്ഥയെ നിയന്ത്രിച്ച് പോസിറ്റീവായി ജീവിക്കാൻ സാധിക്കുമെന്ന കാര്യം മറക്കാതിരിക്കാം. വ്യക്തിപരവും സാമൂഹികവുമായ നിരന്തര സമ്മർദങ്ങൾ അനുഭവിക്കുന്നവർ ശരിയായ സമയത്ത് ചികിത്സ തേടാത്തപക്ഷം ഗുരുതരമായ മാനസികരോഗങ്ങൾക്ക് അടിപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ചുരുക്കത്തിൽ, സമൂഹത്തിൽ എല്ലാവർക്കുംതന്നെ മാനസികാരോഗ്യത്തിൽ വെല്ലുവിളികളുണ്ടാകാം; പക്ഷേ, മാനസികരോഗം ഉണ്ടാവണമെന്നില്ല. മാനസികാരോഗ്യം ഒരു വ്യക്തിയുടെ ആകെ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം, ചികിത്സയും ഇടപെടലും ആവശ്യമായ അവസ്ഥകളെ സൂചിപ്പിക്കാനാണ് മാനസികരോഗം എന്ന വാക്ക് ഉപയോഗിക്കുക. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിലൂടെ മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട അബദ്ധധാരണകൾ ഇല്ലാതാക്കാനും സഹായകരമാകും.

ഡോ. സെമിച്ചൻ ജോസഫ്

(തുടരും)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.