കുഷ്ഠരോഗത്തിന്റെ സഹനങ്ങൾക്കിടയിലും അനേകരെ സ്വർഗ്ഗത്തിലേക്കു നയിച്ച യുവാവ്

തന്റെ ചുറ്റുമുള്ള എല്ലാവരുടെയും സന്തോഷത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച വ്യക്തിയാണ് റോബർട്ട് നൗസി. 1970 ഒക്‌ടോബർ ഒന്നിന് കുഷ്ഠരോഗം ബാധിച്ച് അദ്ദേഹം മരിക്കുമ്പോൾ, കാമറൂണിലെ കുഷ്ഠരോഗാശുപത്രിയുടെ മണികൾ മുഴങ്ങി. പുറത്ത് രോഗികൾ പാട്ടു പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. റോബർട്ട് നൗസി വെറും 23 വയസു വരെ മാത്രമേ ഈ ലോകത്തിൽ ജീവിച്ചുള്ളൂ. രോഗത്തിന്റെ വേദനകൾക്കിടയിലും അനേകരെ ദൈവത്തിലേക്കടുപ്പിച്ചതാണ് ഈ യുവാവിന്റെ ജീവിതം.

റോബർട്ട് നൗസി 1947-ൽ കാമറൂണിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. ഏഴ് വയസ്സുള്ളപ്പോൾ, തന്റെ ഗ്രാമത്തിലെ വൈദികനോട് തന്നെ മാമ്മോദീസ മുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവന്റെ ആവേശം ചുറ്റുമുള്ളവരെ അമ്പരപ്പിച്ചു. പ്രാർത്ഥനാജീവിതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം താൻ സെമിനാരിയിൽ പ്രവേശിക്കുന്നത് സ്വപ്നം കണ്ടു. പക്ഷേ, അവന്റെ ജ്യേഷ്ഠൻ അതിനെ എതിർത്തു. വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഹൈസ്കൂളിലേക്ക് അയക്കപ്പെട്ട അദ്ദേഹം അവിടെ ഒരു നാട്ടുകാരനോടൊപ്പമാണ് താമസിച്ചിരുന്നത്. പലപ്പോഴും പ്രഭാതഭക്ഷണം തികയാതെ വരുമ്പോൾ റോബർട്ട് തന്റെ വിഹിതം ആതിഥേയന്റെ മകന് നൽകി, ഒഴിഞ്ഞ വയറുമായി സ്കൂളിലേക്ക് പോയി.

17 വയസ്സുള്ളപ്പോൾ അദ്ദേഹം കുഷ്ഠരോഗബാധിതനായി. വളരെ ഗുരുതരമായ അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ രോഗം. ദൈവത്തിനു വേണ്ടി ജീവിക്കാനുള്ള വലിയൊരു പരീക്ഷണത്തിന്റെ കാലഘട്ടമായിരുന്നു അദ്ദേഹത്തിന് അത്. 1969 മെയ് മാസത്തിൽ അദ്ദേഹത്തെ ദിബാംബ കുഷ്ഠരോഗ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരാശനായ അദ്ദേഹം ചാപ്ലിനോട്, എന്തിനാണ് എന്റെ അടുത്ത് വന്നതെന്നു ചോദിച്ചു. “യേശുവിനു മാത്രമേ നിങ്ങൾക്ക് ഉത്തരം നൽകാൻ കഴിയൂ” – അതിനു മറുപടിയായി ചാപ്ലിൻ പറഞ്ഞു. മൂന്നു ദിവസം മുഴുവൻ റോബർട്ട് ജലപാനമില്ലാതെ, ഉറങ്ങാതെ പ്രാർത്ഥിച്ചു. ഒടുവിൽ അവൻ മനസ്സിലാക്കി, എന്റെ സഹോദരീസഹോദരന്മാർക്ക് യേശുവിനെ അറിയിക്കാൻ ഞാൻ ഇവിടെയുണ്ടാക്കണം.

ആ നിമിഷം മുതൽ, അവൻ പിന്നീടൊരിക്കലും പരാതിപ്പെട്ടില്ല. അദ്ദേഹം ജീവിതത്തിൽ എടുത്ത ആ തീരുമാനം, പരിശുദ്ധ കന്യകാമറിയത്തിന്റെ ‘യെസ്’ പോലെ ആയിരുന്നു. ജീവിതത്തിലെ വളരെ നിർണ്ണായകമായ അവസരത്തിൽ ദൈവത്തെ മുറുകെ പിടിക്കാൻ അദ്ദേഹം മറന്നില്ല.

തനിക്ക് ഈ രോഗത്തിൽ നിന്നും സൗഖ്യം നേടാൻ കഴിയില്ലെന്ന് അദ്ദേഹം വേദനയോടെ മനസിലാക്കി. കഷ്ടപ്പാടുകളുടെ ഈ നാളുകളിൽ അദ്ദേഹം മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുകയും തന്നെ കാണാൻ വന്നവരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ലിസ്യൂവിലെ വി. കൊച്ചുത്രേസ്യയുടെ ജീവിതകഥ ആ നാളുകളിൽ റോബർട്ട് വായിക്കാനിടയായി. തന്റെ കഷ്ടപ്പാടുകൾക്കും രോഗങ്ങൾക്കുമൊപ്പം ഒരു മിഷനറിയാകാനും കഴിയുമെന്ന് ആ ജീവിതകഥയിലൂടെ അദ്ദേഹം മനസിലാക്കി.

അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് യേശുവിനെ അറിയില്ലായിരുന്നു. അവരുടെ ഹൃദയം ദുഃഖപൂരിതമായിരുന്നു. “അവർ സന്തുഷ്ടരായിരിക്കാൻ ഞാൻ എന്റെ ജീവൻ നൽകും. മറ്റുള്ളവർക്ക് സ്വർഗത്തിലേക്കുള്ള വഴിയൊരുക്കാനുള്ള ഉപകരണമാണ് എന്റെ ഈ അസുഖം” – റോബർട്ട് പറയുന്നു. വളരെ വേദനാജനകമായ തന്റെ രോഗം ദൈവഹിതത്തിന് വിട്ടുകൊടുത്തു കൊണ്ട് അവൻ തന്റെ പുഞ്ചിരിയും വിശ്വാസവും കൊണ്ട് ചുറ്റുമുള്ളവരിൽ മതിപ്പുളവാക്കി.

ഒടുവിൽ 1970 ഒക്‌ടോബർ ഒന്നിന് അദ്ദേഹം അന്തരിച്ചു. അവസാനം വരെ അവന്റെ നഴ്‌സായിരുന്നയാൾ ഇപ്രകാരം പറയുന്നു: “റോബർട്ടിനൊപ്പം പ്രവർത്തിക്കാൻ കർത്താവ് എനിക്ക് ധൈര്യം നൽകി. ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു: ‘കുഷ്ഠരോഗം ഈ ലോകം വിട്ടുപോകാൻ ദൈവം എനിക്ക് കൂടുതൽ വേദന നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.'”

ആഫ്രിക്കയിലെ ജനങ്ങൾ വിശ്വാസിച്ചിരുന്നത്, മന്ത്രവാദം മൂലമാണ് കഷ്ടപ്പാടുകൾ എന്നാണ്. എന്നാൽ, റോബർട്ടിന്റെ വിശ്വാസവും മാതൃകയും അതിനെ മാറ്റിയെഴുതി. ഇന്ന് റോബർട്ട് നൗസിയുടെ ശവകുടീരത്തിലേക്ക് നിരവധി തീർത്ഥാടകർ എത്തുന്നു. റോബർട്ടിന്റെ ജീവിതസാക്ഷ്യം ഡൗലാ രൂപതയിലും അതിനപ്പുറത്തേക്കും വ്യാപിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.