
റഷ്യൻ ഓർത്തഡോക്സ് പാരമ്പര്യത്തിൽ ഈസ്റ്റർ ദിനത്തിൽ അപരിചിതരെപ്പോലും ‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ (Christ is Risen) എന്നുപറഞ്ഞ് അഭിവാദ്യം ചെയ്യുന്ന പതിവുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ ജീവിതവുമായി ബന്ധപ്പെട്ട് 1820 കളിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്നതായി പറയപ്പെടുന്ന ഈ സംഭവം ശ്രദ്ധേയമാണ്. ഒരു ഈസ്റ്റർ ദിനത്തിൽ അദ്ദേഹം തെരുവിലൂടെ നടക്കുമ്പോൾ ദരിദ്രനായ ഒരു യാചകനെ കണ്ടു. അദ്ദേഹത്തിന്റെ കൈയിൽ പണമോ, സമ്മാനങ്ങളോ ഉണ്ടായിരുന്നില്ല. പുഷ്കിൻ ആ മനുഷ്യനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു: “സഹോദരാ, ക്രിസ്തു ഉയിർത്തെഴുന്നേറ്റു!” ആ യാചകൻ മറുപടി പറഞ്ഞു: “അറിയാം പ്രഭോ, ആ വിശ്വാസത്തിലാണ് ഞാൻ ഇന്നും ജീവിക്കുന്നത്.”
‘ആ വിശ്വാസത്തിലാണ് ഞാൻ ഇന്നും ജീവിക്കുന്നത്’ എന്ന വാക്യം വിശ്വാസത്തിന്റെ എത്രയോ മഹത്തരമായ പ്രഘോഷണമാണ്. നമ്മളും ആ വിശ്വാസത്തിലാണ് ജീവിക്കുന്നത്. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമാണെന്ന് നമുക്കറിയാം. അവൻ ഇന്നും ജീവിക്കുന്നു എന്ന സത്യം നമ്മുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഉയിർത്തെഴുന്നേറ്റ നാഥൻ ഇന്ന് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന ആറ് രീതികള്‍ ഏതൊക്കെയെന്നു നോക്കാം.
ആറ് രീതികള്‍
ഒന്നാമതായി, നാം നിൽക്കുന്നിടത്ത് അവൻ നമ്മെ തേടിയെത്തുന്നു. യേശു ദൂരെയെവിടെയോ ഇരിക്കുന്ന ഒരാളല്ല. സങ്കടപ്പെട്ടുനില്‍ക്കുന്ന മഗ്ദലേന മറിയത്തിന്റെ സാമീപ്യത്തിലേക്ക്, എമ്മാവൂസിലേക്ക് സങ്കടത്തോടെ നടന്ന ശിഷ്യന്മാരുടെ അടുത്തേക്ക് അവൻ നടന്നെത്തിയതുപോലെ, നമ്മുടെ തകർച്ചകളിലും നിരാശകളിലും നാം നിൽക്കുന്ന ഇടത്തേക്ക് അവൻ ഇറങ്ങിവരുന്നു. നാം അവനെ തേടിപ്പോകുന്നതിനേക്കാൾ മുൻപേ അവൻ നമ്മെ തേടിയെത്തും.
രണ്ടാമതായി, അവൻ നമ്മെ വ്യക്തിപരമായി അറിയുന്നു എന്നതാണ്. മഗ്ദലേന മറിയത്തെ പേര് ചൊല്ലി വിളിച്ചതുപോലെ, ഉയിർത്തെഴുന്നേറ്റ നാഥൻ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി അറിയുന്നു. നമ്മുടെ ഭയങ്ങളും സ്വപ്നങ്ങളും മുറിവുകളും അവന് അറിയാം. ജനക്കൂട്ടത്തിലെ ഒരാളായല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട മക്കളായിട്ടാണ് അവൻ നമ്മെ ഓരോരുത്തരെയും കാണുന്നത്.
മൂന്നാമതായി, അവൻ നമുക്കൊരു സന്ദേശം നൽകുന്നു. “ഭയപ്പെടേണ്ട, സമാധാനം നിങ്ങളോടു കൂടെ” എന്നതാണ് അവന്റെ സന്ദേശം. ഇരുളടഞ്ഞ നമ്മുടെ ജീവിതസാഹചര്യങ്ങളിലേക്ക് പ്രത്യാശയുടെയും പ്രകാശത്തിന്റെയും ഈ പുതിയ സന്ദേശം അവൻ ഓരോ ദിവസവും നൽകിക്കൊണ്ടിരിക്കുന്നു. വെറുതെ ഇരിക്കുന്ന ശിഷ്യന്മാര്‍ക്കല്ല, ഭയം കാരണം വാതിലുകൾ അടച്ചിരുന്ന ശിഷ്യന്മാർക്ക് നടുവിൽ വന്നുനിന്നാണ് അവൻ സമാധാനം ആശംസിച്ചത്. ജീവിതത്തിലെ പ്രതിസന്ധികളും ഭാവിെയക്കുറിച്ചുള്ള ഉത്കണ്ഠകളും നമ്മെ തളർത്തുമ്പോൾ, ലോകത്തിന് നൽകാൻ കഴിയാത്ത ആന്തരികസമാധാനം ഉയിർത്തെഴുന്നേറ്റ നാഥൻ നമുക്ക് വാഗ്ദാനം ചെയ്യുന്നു.
നാലാമതായി, അവൻ നമുക്കൊരു ദൗത്യവും അത് പൂർത്തിയാക്കാൻ ശക്തിയും നൽകുന്നുണ്ട്. ഉയിർത്തെഴുന്നേറ്റ യേശു തന്റെ ദൗത്യം ശിഷ്യന്മാരെ ഏല്‍പിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് അയയ്ക്കുകയാണ്. അതുപോലെ നമുക്കോരോരുത്തർക്കും ജീവിതത്തിൽ ഒരു ദൗത്യമുണ്ട്. ആ ദൗത്യം പൂർത്തിയാക്കാൻ ആവശ്യമായ പരിശുദ്ധാത്മാവിന്റെ ശക്തിയും അവൻ നമുക്ക് നൽകുന്നു.
അഞ്ചാമതായി, സംശയങ്ങളെ നേരിടാൻ അവൻ നമ്മെ സഹായിക്കുന്നു. തോമസിനോട് കാണിച്ചതുപോലെ, നമ്മുടെ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും വേളകളില്‍ യേശു നമ്മെ സഹായിക്കാന്‍ എത്തുന്നു. “അവിശ്വസിക്കാതെ വിശ്വസിക്കുക” എന്ന് പറഞ്ഞുകൊണ്ട്, നമ്മുടെ സംശയങ്ങളിൽ നിന്ന് ഉറച്ച വിശ്വാസത്തിലേക്ക് കടന്നുവരാൻ അവൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുന്നു.
അവസാനമായി, രക്ഷ നൽകുന്ന വിശ്വാസത്തിലേക്ക് അവൻ നമ്മെ നയിക്കുന്നു. ഉയിർപ്പുതിരുനാൾ നമ്മെ വിളിക്കുന്നത് രക്ഷ നൽകുന്ന ആഴമേറിയ വിശ്വാസത്തിലേക്കാണ്. അവൻ ജീവിക്കുന്നു എന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തിന് പുതിയൊരു അർഥവും നിത്യജീവന്റെ പ്രത്യാശയും നൽകുന്നു. സെന്റ് പീറ്റേഴ്സ്ബർഗിലെ യാചകന്‍ പറഞ്ഞതുപോലെ, ക്രിസ്തു ഉയിര്‍ത്തു എന്ന വിശ്വാസത്തിലാണ് ഞാൻ ഇന്നും ജീവിക്കുന്നത് എന്നു പറയാന്‍ നമുക്കും സാധിക്കണം.
ദൈവത്തിന്റെ പ്രകാശം
റൈനർ വിന്നിന്റെ അതിശയിപ്പിക്കുന്ന ജീവിതകഥ പറയുന്ന ‘ദ സോൾട്ട് പാത്ത്’ (The Salt Path) എന്ന പുസ്തകവും സിനിമയും ഉയിർപ്പിന്റെ ഏറ്റവും മനോഹരമായ ഒരു ആധുനിക വ്യാഖ്യാനമാണ്. ജീവിതത്തിന്റെ ഒടുവിലത്തെ കല്ലറയും അടയ്ക്കപ്പെട്ടു എന്ന് കരുതിയിടത്തു നിന്നാണ് ഉയിർപ്പ് ആരംഭിക്കുന്നത് എന്ന് യഥാര്‍ഥത്തില്‍ നടന്ന ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. റൈനറും ഭർത്താവ് മോട്ടും നേരിട്ടത് അക്ഷരാർഥത്തിൽ ഒരു മരണമായിരുന്നു. തങ്ങൾ 30 വർഷം അധ്വാനിച്ചുണ്ടാക്കിയ വീടും സമ്പാദ്യവും അവർക്ക് നഷ്ടപ്പെടുന്നു. അതിനേക്കാൾ വലിയ ആഘാതമായിരുന്നു, മോട്ടിന് ഭേദമാക്കാനാവാത്ത മസ്തിഷ്കരോഗമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. “ഇനി വിശ്രമിക്കുക മാത്രം ചെയ്യുക” എന്ന ചുറ്റുമുള്ളവരുടെ ഉപദേശത്തെ അവഗണിച്ചുകൊണ്ട്, ഒന്നുമില്ലായ്മയിൽ നിന്ന് അവർ ഇംഗ്ലണ്ടിന്റെ തീരങ്ങളിലൂടെ 630 മൈൽ നീളുന്ന നടത്തം ആരംഭിക്കുന്നു.
രോഗത്താൽ തളർന്ന മോട്ട് ഓരോ ദിവസവും വേദനയോടെയാണ് എഴുന്നേറ്റുനടക്കുന്നത്. അവര്‍ മരിക്കാൻ കാത്തിരിക്കുന്നതിനു പകരം, ജീവിക്കാൻ തീരുമാനിക്കുന്നിടത്താണ് ഉയിർപ്പ് സംഭവിക്കുന്നത്. കടൽക്കാറ്റും ഉപ്പും വെയിലും അവരുടെ ശരീരത്തെയും മനസ്സിനെയും മാറ്റിമറിക്കുന്നു. സിനിമയുടെ ഒടുവിൽ റൈനർ പറയുന്ന ഒരു വാചകമുണ്ട്: “ഞങ്ങൾ എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. പക്ഷേ, ഞങ്ങൾ സ്വതന്ത്രരായിരുന്നു.” യാത്രയുടെ അവസാനം അവർ പഴയ റൈനറും മോട്ടും ആയിരുന്നില്ല. അവരുടെ ശരീരത്തിന് കരുത്ത് കൂടിയിരുന്നു, മനസ്സിന് തെളിച്ചം വന്നിരുന്നു. ഡോക്ടർമാർ വിധിച്ച ‘മരണവാറന്റിനെ’ അവർ സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും തോൽപിച്ചു. ഉയിർപ്പ് എന്നാൽ ഇതാണ്; നമ്മുടെ പരിമിതികളെയും വിധികളെയും അതിജീവിച്ച് ദൈവത്തിന്റെ പ്രകാശത്തിലേക്ക് നടന്നുകയറുക.
ഉയിർത്തെഴുന്നേറ്റ യേശു നമ്മുടെ ജീവിതയാത്രയിലെ കൂട്ടുകാരനാണ്. അവൻ നമ്മെ അറിയുന്നു, സമാധാനിപ്പിക്കുന്നു, പുതിയൊരു ജീവിതത്തിലേക്കു നയിക്കുന്നു. ഈ ഈസ്റ്റർ ദിനം നമ്മുടെ ഉള്ളിലെ കല്ലറകൾ തുറക്കപ്പെടാനും ക്രിസ്തുവിന്റെ പ്രകാശത്തിൽ പുതിയ മനുഷ്യരായി ഉയിർത്തെഴുന്നേൽക്കാനുമുള്ള അവസരമാകട്ടെ.
പ്രായോഗികം
ഇന്ന് നിരാശയിലായിരിക്കുന്ന ഒരാൾക്ക് ഒരു പ്രത്യാശയുടെ വാക്ക് നൽകുക. അത് ഒരു ഫോൺ കോള്‍ സന്ദേശമോ, നേരിട്ടുള്ള സംസാരമോ ആകാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




