
വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ പേരിനോട് ചേര്‍ത്ത് പ്രസിദ്ധമായ ഒരു വചനമുണ്ട്: “എല്ലാ പൂക്കളെയും നിനക്ക് നുള്ളിക്കളയാം. എന്നാൽ, വസന്തത്തിന്റെ വരവിനെ തടയാൻ നിനക്കാവില്ല.” തന്റെ ‘നിശ്ശബ്ദമായിരിക്കുക’ (Keeping Quiet) എന്ന കവിതയിൽ അദ്ദേഹം പാടുന്നു:
ഭൂമി നമ്മെ ഒരു പാഠം പഠിപ്പിക്കുന്നുണ്ടാകാം;
സകലതും മരിച്ചുവെന്ന് തോന്നിപ്പിക്കുമ്പോഴും
ഉള്ളിൽ ജീവൻ തുടിക്കുന്നുണ്ടെന്നും,
പിന്നീട് അതെല്ലാം ഉയിർത്തെഴുന്നേൽക്കുമെന്നും.
ശീതകാലത്ത് ഭൂമി മരിച്ചതുപോലെ കിടക്കും. ഒരു ചലനവുമില്ലാത്ത, മരവിച്ച അവസ്ഥ. എന്നാൽ ആ നിശ്ശബ്ദതയ്ക്കുള്ളിൽ വസന്തത്തിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ദുഃഖശനിയിലെ കല്ലറ ഇത്തരമൊരു വസന്തത്തിന്റെ കാത്തിരിപ്പാണ്. റോമൻ അധികാരികൾ ക്രിസ്തുവാകുന്ന പൂവിനെ നുള്ളിക്കളഞ്ഞുവെന്ന് കരുതി കല്ലറയ്ക്ക് കാവൽ നിന്നു. എന്നാൽ കല്ലറയ്ക്കുള്ളിലെ ആ ഇരുട്ടിൽ വസന്തത്തിന്റെ വിത്തുകൾ മുളപൊട്ടുകയായിരുന്നു. ലോകത്തിന് കാണാൻ കഴിയാത്ത ആ വലിയ രഹസ്യം കാത്തിരിപ്പിന്റേതാണ്. നമ്മുടെ ജീവിതത്തിലും പ്രതിസന്ധികൾ പൂക്കളെ നുള്ളിക്കളയുമ്പോൾ, ഉള്ളിൽ വസന്തമൊരുക്കുന്ന ദൈവത്തെ കാണാൻ ദുഃഖശനി നമ്മെ പഠിപ്പിക്കുന്നു.
നിശ്ശബ്ദതയുടെ ഗാംഭീര്യം
ബ്രിട്ടീഷ് ചിന്തകനായ എഡ്മണ്ട് ബർക്ക് നിശ്ശബ്ദതയെ വിശേഷിപ്പിച്ചത് ഭയത്തെയും അദ്ഭുതത്തെയും ഒരുപോലെ ഉണർത്തുന്ന ‘മഹത്തായ ഭയാനകത’ എന്നാണ്. അദ്ദേഹത്തിന്റെ ദർശനത്തിൽ, അതിശക്തമായ ശബ്ദത്തേക്കാൾ വലിയ വിസ്മയം സൃഷ്ടിക്കാൻ ആഴമേറിയ നിശ്ശബ്ദതയ്ക്ക് കഴിയും. ദുഃഖശനിയാഴ്ച പ്രപഞ്ചം സാക്ഷ്യം വഹിച്ചത് ഇത്തരമൊരു നിശ്ശബ്ദതയ്ക്കാണ്.
ദൈവം മൗനമായിരിക്കുമ്പോൾ അവൻ പ്രവർത്തിക്കുന്നില്ല എന്നല്ല അർഥം, മറിച്ച് വാക്കുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം വലിയൊരു കാര്യം അവൻ ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ്. യഥാര്‍ഥത്തില്‍, കല്ലറയിലെ ആ നിശ്ശബ്ദത ദൈവത്തിന്റെ ഏറ്റവും ഉന്നതമായ പ്രവൃത്തിയുടെ നിമിഷമായിരുന്നു. ലോകം തോൽവിയായിക്കണ്ട ആ ശൂന്യതയിലാണ് ദൈവം മരണത്തെ കീഴടക്കിക്കൊണ്ടിരുന്നത്. അതൊരു നിശ്ചലതയല്ലായിരുന്നു, മറിച്ച് വരാനിരിക്കുന്ന വലിയൊരു വിജയത്തിനായുള്ള പ്രപഞ്ചത്തിന്റെ ഒരുക്കമായിരുന്നു.
സജീവ നിശ്ശബ്ദത
മരണം സാധാരണയായി ഒരു ശൂന്യതയാണ്. എന്നാൽ, ആ കല്ലറയിൽ നിന്ന് പുറപ്പെട്ടത് ജീവന്റെ സ്പന്ദനങ്ങളുള്ള ഒരു ‘സജീവ നിശ്ശബ്ദത’ ആയിരുന്നു. നിശ്ശബ്ദതയ്ക്ക് സംഗീതത്തേക്കാൾ ശക്തിയുണ്ടെന്നും പ്രകാശത്തേക്കാൾ തിളക്കമുണ്ടെന്നും ആ നിമിഷങ്ങൾ ലോകത്തിന് കാണിച്ചുതന്നു. നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാത്ത ശനിയാഴ്ചകളിൽ ദൈവം നമുക്ക് നൽകുന്നത് ഈ ‘ശക്തമായ നിശ്ശബ്ദത’യാണ്. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത ആ സാന്നിധ്യം അനുഭവിക്കണമെങ്കിൽ നാം കാത്തിരിക്കാൻ പഠിക്കണം. പരാജയത്തിന്റെ കല്ലറകളിൽ നിന്ന് പ്രത്യാശയുടെ പ്രകാശത്തിലേക്ക് ദൈവം നമ്മെ നയിക്കുന്നത് ഈ നിശ്ശബ്ദതയിലൂടെയാണ്.
ശൂന്യതയിലെ പൂർണ്ണത
കല്ലറ ഒന്നിന്റെയും അന്ത്യമല്ല, മറിച്ച് രൂപാന്തരീകരണത്തിന്റെ ഇടമാണ്. ഒരു ശലഭമായി മാറുന്നതിനു മുൻപ് പുഴു അതിന്റെ കൊക്കൂണ്‍ ആയിരിക്കുന്ന അവസ്ഥയാണിത്. ആ നിശ്ചലതയിലാണ് ചിറകുകൾ മുളയ്ക്കുന്നത്. ദുഃഖശനി നമ്മുടെ ചിറകുകൾ മുളയ്ക്കുന്ന ദിനമാണ്. ദൈവം മിണ്ടാതിരിക്കുന്നു എന്ന് നാം പരാതിപ്പെടുമ്പോൾ, അവൻ നമ്മുടെ ഉള്ളിലെ പുതിയ മനുഷ്യനെ രൂപപ്പെടുത്തുന്ന തിരക്കിലായിരിക്കും. ഈ മൗനം നമ്മെ ഉപേക്ഷിക്കലല്ല, മറിച്ച് പുതിയൊരു ഉയിർപ്പിനായുള്ള തയ്യാറെടുപ്പാണ്.
നമ്മുടെ ശനിയാഴ്ചകൾ
നമ്മുടെ ജീവിതത്തിലും പലപ്പോഴും ശനിയാഴ്ചകളുണ്ടാകാറുണ്ട്. പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാത്ത, രോഗത്തിന് ശമനമില്ലാത്ത, ഒറ്റപ്പെടൽ അനുഭവപ്പെടുന്ന ശനിയാഴ്ചകൾ. എന്നാൽ കല്ലറയുടെ ഭാരമേറിയ വാതിൽക്കൽ ഒരു വലിയ ശിലയുണ്ടെങ്കിലും അതിനുള്ളിൽ പ്രകാശം ജനിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയുന്നവർക്കും, ജീവിതം അവസാനിച്ചു എന്ന് കരുതുന്നവർക്കും ദുഃഖശനി നൽകുന്ന സന്ദേശം ഇതാണ്: ഇരുട്ട് പ്രകാശത്തിന്റെ അന്ത്യമല്ല, മറിച്ച് പ്രകാശത്തിന്റെ വരവിനായുള്ള ഒരുക്കകാലമാണ്. “ഇരുട്ടത്ത് ഇരിക്കുന്ന ജനങ്ങൾ വലിയൊരു പ്രകാശം കണ്ടു” (മത്തായി 4:16) എന്ന വചനം ഈ കാത്തിരിപ്പിൽ നമുക്ക് തുണയാകട്ടെ.
പ്രായോഗികം
ഇന്ന് നമ്മുടെ ജീവിതത്തിലെ പരിഹരിക്കപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതിരിക്കാം. ദൈവം മൗനമായിരിക്കുമ്പോൾ അവൻ നമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിശ്വസിക്കാം. ഇന്ന് രാത്രി ഒരു മെഴുകുതിരി തെളിയിച്ച് നിശ്ശബ്ദമായി പ്രാർഥിക്കാം; ആ വെളിച്ചം ഉയിർപ്പിന്റെ പ്രകാശത്തിനായുള്ള നമ്മുടെ കാത്തിരിപ്പിന്റെ അടയാളമാകട്ടെ. പ്രാര്‍ഥിക്കാം: “കല്ലറയിൽ വിശ്രമിക്കുന്ന നാഥാ, നിന്റെ നിശ്ശബ്ദതയെ ഭയപ്പെടാതെ അതിൽ ആശ്രയിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ജീവിതത്തിലെ ഇരുളടഞ്ഞ നിമിഷങ്ങളിൽ നീ പുതിയൊരു പ്രകാശം ഒരുക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിശ്ശബ്ദമായി കാത്തിരിക്കാനും നിന്റെ ഉയിർപ്പിന്റെ ആനന്ദത്തിനായി ഒരുങ്ങാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.”

ഫാ. ജി. കടൂപ്പാറയിൽ MCBS




