
തോമസ് മെർട്ടന്റെ ‘ദ സെവൻ സ്റ്റോറി മൗണ്ടൻ’ (The Seven Storey Mountain, ഏഴ് നിലകളുള്ള പർവതം) എന്ന കൃതി കേവലം ഒരു വ്യക്തിയുടെ ആത്മകഥയല്ല, മറിച്ച് ഇരുപതാം നൂറ്റാണ്ടിലെ ആത്മീയസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നാണ്. 1948 ൽ പ്രസിദ്ധീകരിച്ച ഈ കൃതി, ലൗകികസുഖങ്ങളിലും ആധുനിക ജീവിതത്തിന്റെ ആഘോഷങ്ങളിലും മുഴുകി ജീവിച്ചിരുന്ന ഒരു യുവാവ് എങ്ങനെ ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി മാറി എന്നതിന്റെ ഹൃദയസ്പർശിയായ വിവരണമാണ് നൽകുന്നത്.
ദാന്തെയുടെ വിഖ്യാതമായ ‘ഡിവൈൻ കോമഡി’യിലെ പർഗേറ്ററി അഥവാ ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നാണ് ‘ഏഴ് നിലകളുള്ള പർവതം’ എന്ന പേര് മെർട്ടൻ സ്വീകരിച്ചിരിക്കുന്നത്. പാപത്തിന്റെ ആഴങ്ങളിൽ നിന്ന് ആത്മീയമായ ശുദ്ധീകരണത്തിന്റെ ഏഴ് ഘട്ടങ്ങൾ കടന്ന് ദൈവത്തിന്റെ പ്രകാശത്തിലേക്ക് പടിപടിയായി ഉയർന്നുപോകുന്ന ഒരു മനുഷ്യന്റെ ആന്തരിക തീർഥാടനത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയും സാഹിത്യപ്രേമിയുമായിരുന്ന മെർട്ടൻ, ബാഹ്യമായ എല്ലാ വിജയങ്ങൾക്കിടയിലും തന്റെയുള്ളിൽ ഭീകരമായ ഒരു ശൂന്യത അനുഭവിച്ചിരുന്നു. ലോകം നൽകുന്ന പണമോ, പദവിയോ ഈ ‘ആത്മീയദാരിദ്ര്യം’ നികത്താൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേക്കും പിന്നീട് നിശ്ശബ്ദതയുടെ ആശ്രമത്തിലേക്കും നയിച്ചത്.
മനുഷ്യൻ ലോകത്തിനു മുന്നിൽ കെട്ടിയാടുന്ന അഹന്ത നിറഞ്ഞ കപടവ്യക്തിത്വവും (False Self) ദൈവത്തിനു മുൻപിലുള്ള അവന്റെ നിഷ്കളങ്കമായ യഥാർഥ വ്യക്തിത്വവും (True Self) തമ്മിലുള്ള പോരാട്ടമാണ് ഈ പുസ്തകത്തിന്റെ കാതൽ. ഓരോ മനുഷ്യനും തന്റെ സ്വാർഥതയുടെ ചങ്ങലകളാൽ ഒരു തടവറയിലാണ് ജീവിക്കുന്നതെന്നും ആ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് നിശ്ശബ്ദതയിലൂടെ ദൈവത്തെ കണ്ടെത്തുമ്പോഴാണ് യഥാർഥ മോചനം സാധ്യമാകുന്നതെന്നും മെർട്ടൻ തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. വി. അഗസ്റ്റിന്റെ ‘കൺഫെഷൻസിന്’ ശേഷം ആത്മീയലോകം കണ്ട ഏറ്റവും സത്യസന്ധമായ പരിവർത്തനത്തിന്റെ കഥയാണിത്.
കൂടെയുള്ള യാത്രയും അകന്നുപോകുന്ന ഹൃദയവും
നമ്മുടെ ജീവിതം ദൈവത്തിലേക്കുള്ള ഒരു നിതാന്ത യാത്രയാണ്. എന്നാൽ, ഈ യാത്രയിൽ നാം ദൈവത്തോട് അടുക്കുകയാണോ അതോ അകലുകയാണോ എന്നത് നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. യൂദാസിന്റെ ജീവിതം ഇതിനൊരു വലിയ ഉദാഹരണമാണ്. മൂന്നുവർഷം അവൻ ക്രിസ്തുവിനോടൊപ്പം സഞ്ചരിച്ചു, അവിടുത്തെ വചനങ്ങൾ കേട്ടു, അദ്ഭുതങ്ങൾ കണ്ടു, അവിടുത്തെ സ്നേഹം നേരിട്ട് അനുഭവിച്ചു. പുറമെ നോക്കുന്നവർക്ക് അവൻ ക്രിസ്തുവിനോടൊപ്പം ‘യാത്ര ചെയ്യുകയായിരുന്നു.’ എന്നാൽ, അവന്റെ ആന്തരികയാത്ര ക്രിസ്തുവിൽ നിന്നകന്ന് സ്വന്തം സ്വാർഥതയിലേക്കും ലാഭേച്ഛയിലേക്കുമായിരുന്നു. മെർട്ടൻ പറയുന്ന ‘കപടവ്യക്തിത്വം’ യൂദാസിൽ അത്രമേൽ ശക്തമായിരുന്നു. ക്രിസ്തുവിനോടൊപ്പമുള്ള യാത്രയെ തന്റെ ഭൗതികനേട്ടങ്ങൾക്കുള്ള മാർഗമായി അവൻ കണ്ടു. ഒടുവിൽ, മുപ്പത് വെള്ളിക്കാശിനു വേണ്ടി അവൻ തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്തപ്പോൾ, അവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് ചതിച്ചത്. കൂടെനടക്കുമ്പോഴും ഹൃദയം കൊണ്ട് അകലെയായിരിക്കുക എന്നത് വലിയൊരു ദുരന്തമാണ്. ആ ദുരന്തമാണ് അവന് സംഭവിച്ചത്.
വി. ബെർണാഡ് ഒരിക്കൽ പറഞ്ഞു: “ദൈവത്തിലേക്കുള്ള യാത്രയിൽ നാം മുന്നോട്ട് പോകുന്നില്ലെങ്കിൽ, നാം പിന്നോട്ട് പോവുകയാണ്” എന്ന്. വളരെ സത്യസന്ധമായ ഒരു പ്രസ്താവനയാണ് ഇത്. ഏതെങ്കിലും ഒരു ദിശയില്‍ നമ്മള്‍ സഞ്ചരിച്ചേ മതിയാവൂ. ദൈവത്തിലേക്കുള്ള യാത്രയെന്നാൽ വെറുമൊരു ഭൗതികമായ ചലനമല്ല, മറിച്ച് ആന്തരികമായ മാറ്റമാണ്. നാം പള്ളികളിൽ പോകുന്നതും പ്രാർഥിക്കുന്നതും ക്രിസ്തുവിലേക്ക് അടുക്കാനാണോ, അതോ നമ്മുടെ ‘കപടവ്യക്തിത്വത്തെ’ തൃപ്തിപ്പെടുത്താനാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. പണം, പദവി, അഹന്ത തുടങ്ങിയ ചങ്ങലകൾ നമ്മുടെ യാത്രയെ തടസ്സപ്പെടുത്തുന്നുണ്ടോ എന്നും തിരിച്ചറിയണം.
യൂദാസിനെപ്പോലെ ലാഭത്തിന്റെ വഴി തിരഞ്ഞെടുക്കാതെ, മെർട്ടനെപ്പോലെ സത്യത്തിന്റെ പർവതം കയറാൻ നമുക്ക് കഴിയണം. ലോകത്തിന്റെ കോലാഹലങ്ങളിൽ നിന്ന് മാറി ആന്തരികമായ നിശ്ശബ്ദതയിൽ ദൈവത്തെ കേൾക്കുമ്പോൾ മാത്രമേ നമ്മുടെ യാത്ര ശരിയായ ദിശയിലാണോ എന്ന് നമുക്ക് മനസ്സിലാകൂ. ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു: “ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങള്‍ മനസ്സിലാക്കണമേ! വിനാശത്തിന്റെ മാര്‍ഗത്തിലാണോ ഞാന്‍ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ” (സങ്കീ. 139: 23-24).
പ്രായോഗികം
ഇന്ന് നമ്മുടെ ജീവിതയാത്രയുടെ ദിശ ഒന്ന് പരിശോധിക്കുക. ദൈവത്തോട് അടുത്തുനിൽക്കുമ്പോഴും മനസ്സ് കൊണ്ട് നമ്മള്‍ എവിടെയാണ് നിൽക്കുന്നത്? നമ്മളെ ദൈവത്തിൽ നിന്ന് അകറ്റുന്ന ഒരു സ്വഭാവമോ, താൽപര്യമോ ഇന്ന് ഉപേക്ഷിക്കാൻ ശ്രമിക്കുക. നമുക്ക് പ്രാർഥിക്കാം: “നാഥാ, നിന്നോടൊപ്പം നടക്കുമ്പോഴും ഹൃദയം കൊണ്ട് നിന്നിൽ നിന്ന് അകന്നുപോകാതിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഉള്ളിലെ കപടമായ വേഷങ്ങൾ അഴിച്ച് നിന്റെ പ്രകാശത്തിലേക്ക് പടിപടിയായി ഉയരാൻ എനിക്ക് കരുത്ത് നൽകണമേ.”

ഫാ. ജി. കടൂപ്പാറയിൽ MCBS




