
റഷ്യന്‍ നോവലിസ്റ്റായ മിഖായേൽ ബുൾഗാക്കോവിന്റെ ‘ദി മാസ്റ്റർ ആൻഡ് മാർഗരീത്ത’ എന്ന നോവലിൽ മാർഗരീത്ത എന്ന കഥാപാത്രം തന്റെ പ്രിയപ്പെട്ടവനു വേണ്ടി നടത്തുന്ന ത്യാഗങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. സ്നേഹത്തിനു വേണ്ടി അവൾ തന്റെ സുരക്ഷിതമായ ജീവിതവും തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്നു. ബുൾഗാക്കോവ് എഴുതുന്നു: “സ്നേഹം ഞങ്ങളുടെ മുന്നിലേക്ക് പെട്ടെന്ന് കടന്നുവന്ന്, ഒരു ഇടവഴിയിൽ ഒളിഞ്ഞിരുന്ന് പൊടുന്നനെ പുറത്തുവരുന്ന ഒരു അപകടകാരിയെപ്പോലെ അത് ഞങ്ങളെ കീഴടക്കി. ഇടിമിന്നലോ, കഠാരയോ പോലെയാണത്!” യുക്തിക്കും കണക്കുകൂട്ടലുകൾക്കും കീഴ്‌പ്പെടുന്നതല്ല യഥാർഥ സ്നേഹം എന്നാണ് ബുൾഗാക്കോവ് ഓർമ്മിപ്പിക്കുന്നത്. ഒരുതരം ‘ഭ്രാന്തമായ’ സമർപ്പണമാണത്. ലാഭനഷ്ടങ്ങൾ നോക്കി സ്നേഹിക്കുന്നവർക്ക് ഈ ആത്മസമർപ്പണത്തിന്റെ ഭാഷ മനസ്സിലാകില്ല.
സുഗന്ധതൈലം
ബഥാനിയായിൽ മറിയം ചെയ്തതും സ്നേഹത്തിന്റെ വെളിപ്പെടുത്തലായിരുന്നു. മറിയം തന്റെ പക്കലുണ്ടായിരുന്ന ഏറ്റവും വിലയേറിയ തൈലമെടുത്ത് ക്രിസ്തുവിന്റെ പാദങ്ങളിൽ പൂശുകയും തന്റെ തലമുടി കൊണ്ട് അത് തുടയ്ക്കുകയും ചെയ്യുകയാണ്. അപ്പോള്‍ അവിടെ രണ്ടുതരം ചിന്താഗതികൾ ഏറ്റുമുട്ടുന്നതായി നമ്മള്‍ കാണുന്നു. ഒന്ന്, മറിയത്തിന്റെ സ്നേഹത്തിന്റെ ചിന്താഗതി. അവൾ നല്‍കിയത് വെറുമൊരു സുഗന്ധതൈലമായിരുന്നില്ല, മറിച്ച് തന്റെ ജീവിതത്തിലെ സമ്പാദ്യമത്രയും ക്രിസ്തുവിനോടുള്ള നന്ദിയായി നല്‍കുകയായിരുന്നു. സ്നേഹം അളവില്ലാതെ നൽകുമ്പോഴാണ് അത് സ്നേഹമാകുന്നത് എന്ന കാര്യം നമ്മള്‍ ഇവിടെ കാണുന്നു.
രണ്ടാമത്തെ ചിന്താഗതി യൂദാസിന്റെ യുക്തിയാണ്. യൂദാസ് ഉടൻതന്നെ സുഗന്ധതൈലത്തിന്റെ വിലയുടെ കണക്കുകളെടുക്കുകയാണ്. “ഇത് മുന്നൂറ് ദിനാറയ്ക്ക് വിറ്റ് ദരിദ്രർക്കു നൽകാമായിരുന്നില്ലേ” എന്ന് അവൻ ചോദിച്ചു. യൂദാസിനെ സംബന്ധിച്ചിടത്തോളം സ്നേഹം എന്നത് ഒരു കണക്കാണ്; അളന്നുതൂക്കി നൽകേണ്ട ഒന്നാണ്. ലാഭവും നഷ്ടവും നോക്കി സ്നേഹിക്കുന്ന ആര്‍ക്കും മറിയത്തിന്റെ പ്രവൃത്തി ഒരു നഷ്ടക്കച്ചവടമായി തോന്നും.
തിരിച്ചറിവുകൾ
നമ്മുടെ ജീവിതത്തില്‍ നമ്മളും പലപ്പോഴും യൂദാസിന്റെ ഈ കണക്കുപുസ്തകം കൊണ്ടുനടക്കാറുണ്ട്. നാം മറ്റൊരാൾക്കു നൽകുന്ന പരിഗണനയോ, സ്നേഹമോ, സമയമോ അമിതമാകുന്നുണ്ടോ എന്ന് നാം ഭയപ്പെടുന്നു. “ഞാൻ അവനെ ഇത്രയധികം സഹായിച്ചിട്ടും എനിക്ക് എന്ത് കിട്ടി,” “ഞാൻ മാത്രം എന്തിന് എപ്പോഴും വിട്ടുവീഴ്ച ചെയ്യണം” തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നത് സ്നേഹത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച് സ്നേഹത്തിൽ യുക്തി കലർത്തുന്നതുകൊണ്ടാണ്. യുക്തി കലര്‍ത്താതെ സ്നേഹിച്ചാല്‍ അത് ഫലം പുറപ്പെടുവിക്കും. മറിയം ഒഴിച്ച തൈലത്തിന്റെ സുഗന്ധം ആ വീട് മുഴുവൻ നിറഞ്ഞതുപോലെ, നാം കണക്കില്ലാതെ നൽകുന്ന സ്നേഹം ലോകത്തെ മുഴുവൻ പരിമളപൂരിതമാക്കും.
ഓസ്ട്രിയൻ എഴുത്തുകാരനായ റൈനർ മരിയ റിൽക്കെയുടെ (Rainer Maria Rilke) ‘മാൾട്ടെ ലോറിഡ്‌സ് ബ്രിഗിന്റെ നോട്ട്ബുക്കുകൾ’ (The Notebooks of Malte Laurids Brigge) എന്ന നോവലിൽ സ്നേഹത്തെക്കുറിച്ച് പറയുന്ന ഒരു ചിന്തയുണ്ട്: “സ്നേഹിക്കപ്പെടുക എന്നാൽ ദഹിപ്പിക്കപ്പെടുക എന്നാണ് അർഥം. എന്നാൽ, സ്നേഹിക്കുക എന്നാൽ വറ്റാത്ത എണ്ണയൊഴിച്ച് ദീപം തെളിക്കുക എന്നതാണ്. സ്നേഹിക്കപ്പെടുക എന്നാൽ ഇല്ലാതാകുക എന്നും സ്നേഹിക്കുക എന്നാൽ സഹിക്കുക എന്നുമാണ്.”
പ്രായോഗികം
ഇന്ന് പകരമായി ഒന്നും പ്രതീക്ഷിക്കാതെ ഒരാൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുക. അത് ഒരു ഫോൺ കോളാകാം, അല്ലെങ്കിൽ നമ്മുടെ അൽപം സമയമാകാം. ഒപ്പം ഇങ്ങനെ പ്രാർഥിക്കുകയും ചെയ്യാം: “ദൈവമേ, ലാഭനഷ്ടങ്ങൾ നോക്കാതെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ നിനക്കും മറ്റുള്ളവര്‍ക്കുമായി നൽകാൻ എനിക്ക് കരുത്ത് നൽകണമേ. സ്നേഹത്തിന്റെ കണക്കുപുസ്തകങ്ങൾ വലിച്ചെറിഞ്ഞ് കരുണയുടെ ആഴം തിരിച്ചറിയാൻ എന്നെ സഹായിക്കണമേ.”

ഫാ. ജി. കടൂപ്പാറയിൽ MCBS




