
ഒന്നാം ലോകമഹായുദ്ധം തകർത്തെറിഞ്ഞ യൂറോപ്പിന്റെ ആത്മീയശൂന്യതയിൽ നിന്നാണ് 1925 ൽ ടി എസ് എലിയറ്റ് തന്റെ പ്രസിദ്ധമായ കവിത ‘ദ ഹോളോ മെന്‍’ (The Hollow Men, പൊള്ളയായ മനുഷ്യർ) രചിക്കുന്നത്. നോബൽ സമ്മാനജേതാവായ എലിയറ്റ്, ആധുനിക മനുഷ്യന്റെ ആന്തരികമായ പാപ്പരത്തത്തെ തീക്ഷ്ണമായി അവതരിപ്പിക്കുന്ന കവിതയാണിത്. യുദ്ധം കഴിഞ്ഞ് ബാക്കിയായ മനുഷ്യർ ശാരീരികമായി ജീവിക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിൽ വിശ്വാസമോ, പ്രത്യാശയോ, സ്നേഹമോ ഇല്ലായിരുന്നു. ആ അവസ്ഥയെയാണ് അദ്ദേഹം ഇപ്രകാരം വിശേഷിപ്പിച്ചത്:
“നമ്മളാണ് ആ പൊള്ളയായ മനുഷ്യർ
നമ്മളാണ് ആ വൈക്കോൽ നിറച്ച മനുഷ്യർ
പരസ്പരം ചാരിനിൽക്കുന്നു
തലയ്ക്കുള്ളിൽ വൈക്കോൽ നിറച്ചിരിക്കുന്നു, കഷ്ടം!”
ഈ വരികൾ വെറുമൊരു കവിതയല്ല, മറിച്ച് ദൈവത്തിൽ നിന്നും സ്വന്തം അസ്തിത്വത്തിൽ നിന്നും അകന്നുപോയ ഒരു തലമുറയുടെ വിലാപമാണ്. ഉള്ളിൽ ഒന്നുമില്ലാതെ, കേവലം വേഷപ്പകർച്ചകൾ മാത്രമായി ജീവിക്കുന്ന ആധുനിക മനുഷ്യന്റെ ദുരന്തമാണ് നാം ഇവിടെ കാണുന്നത്.
ക്രിസ്തുവും ഇത്തരം ശൂന്യതയ്‌ക്കെതിരെയുള്ള താക്കീത് നമുക്ക് നൽകുന്നുണ്ട്. അത്തിമരത്തെ ശപിക്കുന്ന സംഭവമാണത്. ദൂരത്തു നിന്ന് നോക്കിയപ്പോൾ പച്ചപ്പും ഇലകളും കൊണ്ട് സമൃദ്ധമായിരുന്ന ഒരു അത്തിവൃക്ഷം അവൻ കണ്ടു. എന്നാൽ, വിശന്നുചെന്നവന് നൽകാൻ അതിൽ ഒരു ഫലം പോലുമുണ്ടായിരുന്നില്ല. ഇലകളുണ്ട്, പക്ഷേ ജീവനില്ല; പൂക്കളുണ്ട്, പക്ഷേ പരിമളമില്ല.
എലിയറ്റിന്റെ വൈക്കോൽ മനുഷ്യരെപ്പോലെയാണ് ആ അത്തിവൃക്ഷം. പുറമെ നോക്കിയാൽ പൂർണ്ണരൂപം, പക്ഷേ ഉള്ളിൽ ശൂന്യത. ആ അത്തിയെ ക്രിസ്തു ശപിക്കുന്നത് അത് ഇലകൾ വിരിച്ചതുകൊണ്ടല്ല, മറിച്ച് അത് പ്രകടിപ്പിച്ച കാപട്യം കൊണ്ടാണ്. ഉള്ളിൽ നന്മയില്ലാതെ പുറമെ മാത്രം ആത്മീയത നടിക്കുന്ന ഏതൊരാളും ആ അത്തിവൃക്ഷത്തിന് സമാനമാണ്.
നിഴലുകൾക്കിടയിലെ ജീവിതം
എലിയറ്റ് തന്റെ കവിതയിൽ നിരീക്ഷിക്കുന്ന മറ്റൊരു പ്രധാന സംഗതിയുണ്ട്: “സങ്കൽപത്തിനും സൃഷ്ടിക്കുമിടയിൽ, വികാരത്തിനും പ്രതികരണത്തിനുമിടയിൽ, ഒരു നിഴൽ വീണുകിടക്കുന്നു” എന്നതാണ് അത്. നമ്മുടെ ജീവിതയാത്രയിലും ഈ നിഴൽ പലപ്പോഴും തടസ്സമാകാറുണ്ട്. നന്മ ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നു; പക്ഷേ, അത് പ്രാവർത്തികമാക്കുന്നില്ല. സ്നേഹിക്കാൻ തോന്നുന്നു; പക്ഷേ, അത് പ്രകടിപ്പിക്കുന്നില്ല. ഇത്തരം നിഴലുകളിൽ ജീവിക്കുന്ന മനുഷ്യർക്ക് ഒരിക്കലും ഉയിർപ്പിന്റെ വെളിച്ചം കാണാൻ കഴിയില്ല. ഇലകൾ വിരിച്ചുനിൽക്കുന്ന അത്തിവൃക്ഷത്തെപ്പോലെ അവർ വെറും നിഴലുകളായി മാറുന്നു.
ഖലീൽ ജിബ്രാൻ ഒരിക്കൽ ഇപ്രകാരം കുറിച്ചു: “നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങളുടെ സൗന്ദര്യത്തെ വളരെയധികം മറയ്ക്കുന്നുണ്ടാകാം. എങ്കിലും അവ നിങ്ങളുടെ ഉള്ളിലെ അശുദ്ധിയെ, അനാകർഷകമായതിനെ മറയ്ക്കുന്നില്ല.” നമ്മുടെ പുറമെയുള്ള ആത്മീയവേഷങ്ങൾ കൊണ്ട് ലോകത്തെ ബോധിപ്പിക്കാൻ നമുക്ക് കഴിഞ്ഞേക്കാം. പക്ഷേ ഉള്ളിലെ ശൂന്യത ദൈവത്തിന് മുൻപിൽ വെളിപ്പെട്ടുകൊണ്ടിരിക്കും. വേരുകളിൽ ജീവനില്ലാത്ത വൃക്ഷം എത്ര വലിയ ഇലകൾ വിരിച്ചാലും അത് വെറുമൊരു മരത്തടി മാത്രമാണ്. നമ്മുടെ ആത്മീയതയുടെ വേരുകൾ സത്യസന്ധമല്ലെങ്കിൽ, നമ്മുടെ ജീവിതം എലിയറ്റ് പറഞ്ഞതുപോലെ വെറുമൊരു വൈക്കോൽ രൂപം മാത്രമായി അവശേഷിക്കും.
ചെയ്യേണ്ടത്
ജീവിതത്തിലെ വേഷങ്ങൾ അഴിച്ചുവയ്ക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആത്മീയത എന്നത് മറ്റുള്ളവര്‍ക്കു മുന്‍പില്‍ അണിയേണ്ട ഉടയാടകളല്ല. മറ്റുള്ളവരുടെ കൈയടികൾക്കു വേണ്ടി ചെയ്യുന്ന നന്മകൾ വൈക്കോൽ പോലെ പെട്ടെന്ന് കത്തിത്തീരും. ദൈവത്തിന് വേണ്ടത് നമ്മുടെ ഉള്ളിലെ ഫലങ്ങളാണ്. അതുപോലെ, ആന്തരിക ശുദ്ധീകരണം ജീവിതത്തില്‍ നടന്നേ മതിയാവൂ. ക്രിസ്തു ദൈവാലയത്തിലെ കച്ചവടക്കാരെ പുറത്താക്കിയതുപോലെ, നമ്മുടെ ഉള്ളിലെ ലാഭേച്ഛകളെയും സ്വാർഥതകളെയും പുറത്താക്കി ഹൃദയത്തെ ശുദ്ധീകരിക്കണം. ശൂന്യത നികത്തുക എന്നതും നമ്മള്‍ ജീവിതത്തില്‍ ചെയ്യണം. ബ്ലെയ്സ് പാസ്കൽ പറഞ്ഞതുപോലെ, നമ്മുടെ ഉള്ളിലെ ആ വലിയ ശൂന്യതയെ ഭൗതികവസ്തുക്കൾ കൊണ്ട് നിറയ്ക്കാൻ ശ്രമിക്കാതെ, ദൈവസ്നേഹം കൊണ്ട് നിറയ്ക്കുക.
പ്രായോഗികം
ഇന്ന് കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ സ്വന്തം കണ്ണുകളിലേക്ക് നോക്കി ചോദിക്കുക: ‘ഞാൻ വെറുമൊരു വൈക്കോൽ മനുഷ്യനാണോ, അതോ എന്നിൽ സ്നേഹത്തിന്റെ ജീവനുണ്ടോ’ എന്ന്. “കർത്താവേ, പുറമെയുള്ള പച്ചപ്പുകളിലല്ല, ഉള്ളിലെ നന്മയിലാണ് എന്റെ ജീവിതം അളക്കപ്പെടുന്നത് എന്ന് എന്നെ ഓർമ്മിപ്പിക്കണമേ. വെറും ശൂന്യരായ മനുഷ്യരായിത്തീരാതെ, നിന്റെ സ്നേഹത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്ന വൃക്ഷമായി വളരാൻ എന്നെ സഹായിക്കണമേ” എന്ന് പ്രാർഥിക്കുകയും ചെയ്യാം.

ഫാ. ജി. കടൂപ്പാറയിൽ MCBS




