നോമ്പുകാലം 42: ഹോസാന

ഹെൻറിക് ഇബ്സന്റെ വിശ്വപ്രസിദ്ധമായ ‘ആൻ എനിമി ഓഫ് ദി പീപ്പിൾ’ (An Enemy of the People) എന്ന നാടകത്തിലെ ഡോക്ടർ തോമസ് സ്റ്റോക്ക്മാൻ സത്യത്തിന്റെ ഏകാന്തമായ വഴിയിലൂടെ നടന്ന ഒരാളാണ്. തന്റെ നഗരത്തിലെ പ്രശസ്തമായ പൊതുസ്നാനഘട്ടങ്ങളിലെ (Public Baths) വെള്ളം മാരകമായ വിഷാംശം കലർന്നതാണെന്നും അത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അദ്ദേഹം ശാസ്ത്രീയമായി തെളിയിക്കുന്നു.

ആദ്യം നഗരവാസികൾ അദ്ദേഹത്തെ ഒരു രക്ഷകനായി കണ്ടു. തങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ വന്ന ദൈവദൂതൻ എന്ന് അവർ അദ്ദേഹത്തെ വാഴ്ത്തി. ‘ഹോസാന’ പാടിയ ജെറുസലേം ജനതയെപ്പോലെ അവർ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. എന്നാൽ, കഥ മാറിയത് വളരെപ്പെട്ടെന്നായിരുന്നു. ആ സ്നാനഘട്ടങ്ങൾ അടച്ചുപൂട്ടിയാൽ നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുമെന്നും നഗരവാസികൾക്ക് വലിയ സാമ്പത്തികനഷ്ടമുണ്ടാകുമെന്നും അധികാരികൾ പ്രചരിപ്പിച്ചതോടെ ആളുകള്‍ അയാള്‍ക്കെതിരെയായി.

സത്യം തങ്ങളുടെ സമ്പത്തിനെ ബാധിക്കുമെന്ന് കണ്ട നിമിഷം, ആ ജനക്കൂട്ടം ഡോക്ടർ സ്റ്റോക്ക്മാനെതിരെ തിരിയുകയാണ്. ഇന്നലെവരെ സ്തുതിഗീതങ്ങൾ പാടിയ അതേ നാവുകൾ അദ്ദേഹത്തെ ‘ജനങ്ങളുടെ ശത്രു’ എന്ന് വിളിച്ചു; അദ്ദേഹത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞു; സ്വന്തം നഗരത്തിൽ അദ്ദേഹത്തെ അവര്‍ ഒറ്റപ്പെടുത്തി. പക്ഷേ, ആ ആൾക്കൂട്ടത്തിന്റെ നടുവിൽ നിസ്സഹായനായി നിൽക്കുമ്പോഴും സ്റ്റോക്ക്മാൻ ലോകത്തിന് ഒരു വലിയ സത്യം വെളിപ്പെടുത്തിക്കൊടുത്തു: “ഈ ലോകത്ത് ഏറ്റവും കരുത്തനായ മനുഷ്യൻ തികച്ചും ഏകനായി നിൽക്കുന്നവനാണ്” എന്ന സത്യം.

ജെറുസലേം തെരുവുകളിൽ കുരുത്തോല വീശിയ ജനക്കൂട്ടവും ഇതുതന്നെയാണ് ചെയ്തത്. തങ്ങളുടെ രാഷ്ട്രീയമോഹങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രക്ഷകനെയാണ് അവർ തിരഞ്ഞത്. എന്നാൽ, ക്രിസ്തു വന്നത് അവരുടെ ആത്മാവിനെ രക്ഷിക്കാനായിരുന്നു. തങ്ങളുടെ സ്വാർഥമായ പ്രതീക്ഷകൾക്കൊത്ത് ക്രിസ്തു പ്രവർത്തിക്കുന്നില്ല എന്ന് കണ്ടപ്പോൾ, സ്തുതിഗീതങ്ങൾ പാടിയ അതേ നാവുകൾകൊണ്ട് അവർ ‘അവനെ ക്രൂശിക്കുക’ എന്ന് ആക്രോശിക്കുന്നു.

വ്യാജ രക്ഷകന്മാര്‍

‘ഹോസാന’ എന്നാൽ “ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ” എന്നാണ് അർഥം. നമ്മള്‍ രക്ഷ തേടിപ്പോകുന്നത് എവിടേക്കാണ്, ആരുടെ പക്കലേക്കാണ്? നമ്മള്‍ പലപ്പോഴും രക്ഷ തേടിപ്പോകുന്നത് വ്യാജമായ ഇടങ്ങളിലേക്കാണ് എന്നതാണ് യാഥാര്‍ഥ്യം. പണം, അധികാരം, സോഷ്യൽ മീഡിയയിലെ താൽക്കാലികമായ കൈയടികൾ – ഇതൊക്കെ നമ്മെ രക്ഷിക്കുമെന്ന് നാം വിശ്വസിക്കുന്നു. എന്നാൽ യഥാർഥ പ്രതിസന്ധികളിൽ ഈ ‘രക്ഷകർ’ നമ്മെ കൈവിടും.

നമ്മൾ രക്ഷ തേടിപ്പോകേണ്ടത് ലൗകികമായ സുരക്ഷിതത്വങ്ങളിലേക്കല്ല, മറിച്ച് നിത്യരക്ഷകനായ ദൈവത്തിലേക്കാണ്. സി എസ് ലൂയിസ് നിരീക്ഷിച്ചതുപോലെ, “ദൈവം നമുക്ക് നൽകാൻ ആഗ്രഹിക്കുന്ന സന്തോഷം സമുദ്രം പോലെ വലുതാണ്. പക്ഷേ, നാം ചെളിക്കുഴികളിലെ വെള്ളത്തിൽ തൃപ്തിയടഞ്ഞ് അതിൽ നിന്ന് മുഖം തിരിക്കുന്നു.” ലൗകികമായ സുരക്ഷിതത്വങ്ങളല്ല, ദൈവികമായ ശാന്തിയായിരിക്കണം നമ്മുടെ ലക്ഷ്യം. വി. പൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നു: “നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്ക്  മടുപ്പ്  തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാ. 6:9).

നല്ല രക്ഷകര്‍

ക്രിസ്തു പഠിപ്പിച്ചത് മറ്റുള്ളവർക്ക് നല്ല രക്ഷകരാകാനാണ്. നമ്മുടെ രക്ഷയുടെ പരിധിയില്‍ നിന്നും ആരെയും ഒഴിവാക്കാന്‍ പാടില്ല. മറ്റുള്ളവര്‍ നമ്മെ ഒഴിവാക്കിയാലും നമ്മള്‍ അവരെ ഒഴിവാക്കരുത്.  മറ്റുള്ളവർക്ക് രക്ഷകരാകുക എന്നതിനർഥം അവരെ ഉൾക്കൊള്ളുക എന്നതാണ്. ലോകം പുറന്തള്ളാൻ ശ്രമിക്കുമ്പോഴും സ്നേഹം കൊണ്ട് അതിരുകൾ മായ്ക്കുന്നവനാണ് യഥാർഥ ക്രിസ്തുശിഷ്യൻ. അമേരിക്കന്‍ കവിയായ എഡ്വിൻ മാർക്കാം (Edwin Markham) പാടിയതുപോലെ:

“അവനൊരു വട്ടം വരച്ചു, എന്നെ പുറത്താക്കാൻ,
വിരുദ്ധനെന്നും വിപ്ലവകാരിയെന്നും,
പുച്ഛിക്കപ്പെടേണ്ടവനെന്നും മുദ്രകുത്തി.
എന്നാൽ സ്നേഹവും ഞാനും
അതിനെ ജയിക്കാൻ തന്ത്രം മെനഞ്ഞു:
ഞങ്ങളൊരു വട്ടം വരച്ചു, അവനെ ഉള്ളിലാക്കാൻ!

ഇതാണ് നമ്മള്‍ ചെയ്യേണ്ടത്. ലോകം നമ്മെ പുറന്തള്ളാൻ വട്ടം വരയ്ക്കുമ്പോൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹത്തിന്റെ വലിയ വൃത്തം വരയ്ക്കാൻ നമുക്ക് സാധിക്കണം.

രക്ഷിച്ചവര്‍ ഉപേക്ഷിക്കുമ്പോൾ

നമ്മൾ സഹായിച്ചവരും രക്ഷിച്ചവരും തന്നെ നമ്മെ ഉപേക്ഷിക്കുന്ന സാഹചര്യം ജീവിതത്തിൽ ഉണ്ടായേക്കാം. ഉപകാരം സ്വീകരിച്ചവർ നന്ദികേട് കാണിക്കുമ്പോൾ നാം തളർന്നുപോകരുത്. ക്രിസ്തുവിനെ ഹോസാന പാടി എതിരേറ്റവർ അവനെ തനിച്ചാക്കിയപ്പോഴും അവൻ തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറിയില്ല. കാരണം, അവന്റെ ആശ്രയം മനുഷ്യരിലല്ല, ദൈവത്തിലായിരുന്നു. മനുഷ്യർ നൽകുന്ന അംഗീകാരങ്ങൾ വെറും നിഴലുകൾ മാത്രമാണെന്നും ദൈവത്തിന്റെ സ്നേഹം മാത്രമാണ് ശാശ്വതമെന്നും അവൻ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു.

പ്രായോഗികം

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നന്മ ചെയ്തിട്ടും നിങ്ങളെ മറന്നുപോയ ഒരാളെ ഓർക്കുക. അവരോട് മനസ്സിൽ ക്ഷമിക്കുക. “ഞാൻ ചെയ്തത് മനുഷ്യർക്കല്ല, ദൈവത്തിനാണ്” എന്ന ബോധ്യത്തോടെ ആ നിശ്ശബ്ദതയെ പുൽകുക. ഇന്ന് സഹായം ആവശ്യമുള്ള ഒരാൾക്കെങ്കിലും ഒരു ചെറിയ ആശ്വാസമാകാൻ ശ്രമിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.