നോമ്പുകാലം 41: നിറങ്ങള്‍ 

ഫ്രെഡറിക് ബാക്മാന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ‘എ മാൻ കോൾഡ് ഓട്ടോ’ (A Man Called Otto) ‘ഓട്ടോ എന്ന് പേരുള്ള ഒരു മനുഷ്യന്‍’ എന്ന ചിത്രം സ്നേഹത്തിന്റെ അദൃശ്യമായ കൈവഴികളെക്കുറിച്ചുള്ള വലിയൊരു പാഠമാണ്. തന്റെ പ്രിയതമയുടെ വേർപാടോടെ ജീവിതത്തിന്റെ നിറങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഓട്ടോ എന്ന വൃദ്ധൻ, ലോകത്തോടും അയൽക്കാരോടും കലഹിച്ചാണ് കഴിയുന്നത്. താന്‍തന്നെ ഉണ്ടാക്കിയെടുത്ത കണിശമായ നിയമങ്ങൾക്കും തന്റെ കോപത്തിലും ജീവിക്കുകയാണ് അയാള്‍. മറ്റാരെയും തന്റെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാൻ അയാൾ ആഗ്രഹിച്ചില്ല.

ഭാര്യയില്ലാത്ത ലോകത്ത് തനിക്കും സ്ഥാനമില്ലെന്ന് ഉറപ്പിച്ച ഓട്ടോ, സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഓരോ തവണ ശ്രമിക്കുമ്പോഴും അയൽക്കാർ അയാളുടെ വാതിലിൽ മുട്ടുന്നു. ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആ സാധാരണ മനുഷ്യർ യഥാർഥത്തിൽ അയാളെ ജീവിതത്തിലേക്ക് തിരികെവിളിക്കുകയായിരുന്നു. “അവൾക്ക് മുൻപ് എന്റെ ജീവിതം കറുപ്പും വെളുപ്പുമായിരുന്നു, അവളാണ് അതിൽ നിറങ്ങൾ നിറച്ചത്” എന്ന് വിലപിച്ച ഓട്ടോ, ഒടുവിൽ തന്റെ അയൽക്കാരിലൂടെ ആ നിറങ്ങൾ വീണ്ടും കണ്ടെത്തുകയാണ്. മരിച്ചുപോയവർക്കു വേണ്ടി കരയുന്നതിനേക്കാൾ വലിയ സ്നേഹം, ജീവിച്ചിരിക്കുന്നവർക്ക് താങ്ങായി മാറുന്നതാണെന്ന് അയാൾ തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നു.

സ്നേഹം: ജീവിച്ചിരിക്കുമ്പോൾ നൽകേണ്ട പുണ്യം

ഓട്ടോയെപ്പോലെ നമ്മളും പലപ്പോഴും നഷ്ടപ്പെട്ടുപോയ കാലത്തെയോ, വേർപിരിഞ്ഞുപോയവരെയോ ഓർത്ത് വർത്തമാനകാലത്തെ സ്നേഹങ്ങളെ കാണാതെപോകുന്നു. പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ നാം നൽകുന്ന ചെറിയ പരിഗണനകൾക്ക്, അവർ പോയിക്കഴിഞ്ഞ് നാം ഒഴുക്കുന്ന കണ്ണുനീർക്കടലിനേക്കാൾ വിശുദ്ധിയുണ്ട്. എമിലി ഡിക്കിൻസന്റെ ‘ഒരു ഹൃദയത്തെയെങ്കിലും തകരാതെ തടയാൻ എനിക്ക് കഴിഞ്ഞാൽ’ (If I can Stop One Heart from Breaking) എന്ന കവിതയിലെ വരികൾ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്നവയാണ്:

“വേദനിക്കുന്ന ഒരു ഹൃദയത്തിന് ആശ്വാസമേകാൻ എനിക്ക് കഴിഞ്ഞാൽ,
എന്റെ ജീവിതം വ്യർഥമാവില്ല;
ഒരു ജീവന്റെയെങ്കിലും വിങ്ങലൊന്ന് കുറയ്ക്കാൻ,
അല്ലെങ്കിൽ ഒരൊറ്റ മുറിവിലെങ്കിലും ഒന്ന് തഴുകാൻ,
തളർന്നുവീഴുന്ന ഒരു കുരുവിയെയെങ്കിലും തിരികെ കൂട്ടിലെത്തിക്കാൻ,
എനിക്ക് കഴിഞ്ഞാൽ, എന്റെ ജീവിതം ധന്യമായി.”

വൈകിപ്പോകുന്ന മാപ്പപേക്ഷകൾ

കഥയുടെ അവസാനം ഓട്ടോ മരിക്കുമ്പോൾ, അയാൾ ഒറ്റയ്ക്കായിരുന്നില്ല. അയാളെ സ്നേഹിക്കുന്ന നല്ല മനുഷ്യരുടെ ഒരു വലിയ കുടുംബം അയാൾക്കു ചുറ്റുമുണ്ടായിരുന്നു. മരണം എല്ലാ വാതിലുകളും അടയ്ക്കുന്നതിനു മുൻപ് സ്നേഹത്തിന്റെ വാതിൽ തുറന്നിടാൻ അയാൾക്ക് കഴിഞ്ഞു എന്നതാണ് അയാളുടെ വിജയം. താൻ ബാക്കിവച്ച സ്നേഹം അയാൾ തന്റെ അയൽക്കാരിലൂടെ പൂർത്തിയാക്കി.

തിരിച്ചറിവുകൾ

ദൈവം മനുഷ്യനായി വരുന്നത് നമ്മുടെ അയൽക്കാരിലൂടെയും പ്രിയപ്പെട്ടവരിലൂടെയുമാണ്. ഓട്ടോയുടെ വാതിലിൽ അയൽക്കാർ ഓരോ തവണ മുട്ടിയപ്പോഴും മുഴങ്ങിയത് ദൈവത്തിന്റെ ശബ്ദമായിരുന്നു. വി. യോഹന്നാന്‍ സ്നേഹത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: “കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്” (1 യോഹ. 3:18). നമ്മുടെ പ്രിയപ്പെട്ടവരുടെ ചെറിയ ആവശ്യങ്ങളിൽ നാം സഹായിക്കുമ്പോഴാണ് യഥാർഥ സ്നേഹം വെളിപ്പെടുന്നത്. നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓർത്ത് വിലപിക്കുന്നതിനേക്കാൾ നല്ലത്, കൈവശമുള്ള സ്നേഹത്തെ കാത്തുസൂക്ഷിക്കുന്നതാണ്.

പ്രായോഗികം

ഇന്ന് മാനസികമായോ, ശരീരികമായോ ഒറ്റപ്പെട്ടുകഴിയുന്ന ഒരാളെ കണ്ടെത്തുക. അവർക്കായി അൽപസമയം മാറ്റിവയ്ക്കുക. ഓട്ടോ ചെയ്തതുപോലെ, മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ സഹായമായി മാറാൻ ഇന്ന് നമുക്ക് ശ്രമിക്കാം. മരിച്ചവർക്കായി വലിയ സ്മാരകങ്ങൾ പണിയുന്നതിനേക്കാൾ ശ്രേഷ്ഠമാണ്, ജീവിച്ചിരിക്കുന്നവർക്കായി നൽകുന്ന ഒരു ചെറിയ പുഞ്ചിരി.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.