
നമ്മുടെ വേരുകളെയും സംസ്കാരത്തെയും വിനാശകരമായ ശക്തികൾ വേട്ടയാടുമ്പോൾ, എന്ത് വിലകൊടുത്തും അവയെ സംരക്ഷിക്കാൻ മനുഷ്യൻ നടത്തുന്ന അടിയുറച്ച പോരാട്ടമാണ് യഥാർഥ അതിജീവനം. മെൽ ഗിബ്സൺ സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ ‘അപൊക്കലിപ്റ്റോ’ (Apocalypto) എന്ന വിഖ്യാത ചലച്ചിത്രം അത്തരമൊരു കടുത്ത പരീക്ഷണത്തിന്റെ തീച്ചൂളയാണ് പ്രേക്ഷകർക്കു മുന്നിൽ തുറന്നുകാട്ടുന്നത്. മായൻ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ, മനുഷ്യന്റെ ഭയത്തെയും അതിജീവനമോഹത്തെയും പ്രത്യാശയുടെ പ്രകാശത്തെയും ഈ സിനിമ അടയാളപ്പെടുത്തുത്തുന്നുണ്ട്.
ജാഗ്വാർ പോ (Jaguar Paw) എന്ന യുവാവും അദ്ദേഹത്തിന്റെ കുടുംബവുമാണ് സിനിമയുടെ കേന്ദ്രബിന്ദു. വനത്തിനുള്ളിൽ സമാധാനപരമായി ജീവിച്ചിരുന്ന അവരെ മറ്റൊരു ഗോത്രം ആക്രമിക്കുന്നു. ഗ്രാമം അഗ്നിക്കിരയാക്കപ്പെടുകയും ഗ്രാമത്തലവനായ ജാഗ്വാറിന്റെ പിതാവും മറ്റ് നിരവധി പേരും കൊല്ലപ്പെടുകയും അനവധി പേര്‍ തടവിലാക്കപ്പെടുകയും ചെയ്യുമ്പോൾ, ഗർഭിണിയായ ഭാര്യയെയും മകനെയും സുരക്ഷിതമായ ഒരു കിണറ്റില്‍ ഒളിപ്പിക്കാൻ ജാഗ്വാറിന് സാധിക്കുന്നുണ്ട്. എങ്കിലും ബന്ധനസ്ഥനാക്കപ്പെടുന്ന അദ്ദേഹം ശത്രുക്കളുടെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകപ്പെടുന്നു. അവിടെ അന്ധവിശ്വാസങ്ങളുടെയും മനുഷ്യബലിയുടെയും ഇരയാകാൻ അദ്ദേഹം വിധിക്കപ്പെടുകയാണ്.
അദ്ദേഹത്തിന്റെ മുന്നിൽ മരണം മാത്രമാണുള്ളത്. എങ്കിലും അവിടെയും അദ്ദേഹം പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും വഴി കണ്ടെത്തുകയാണ്. ഭാര്യയെയും മകനെയും രക്ഷപെടുത്തണമെന്ന അടങ്ങാത്ത ആഗ്രഹവും സ്നേഹവുമാണ് ഇതിനാവശ്യമായ അപാരമായ കരുത്ത് അദ്ദേഹത്തിന് പകരുന്നത്. വിനാശത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും, തളർന്നുപോകാതെ സ്വന്തം ജനതയുടെയും കുടുംബത്തിന്റെയും ജീവനു വേണ്ടി പൊരുതുന്ന ഈ മനുഷ്യന്റെ ഇച്ഛാശക്തി നമ്മെ വിസ്മയിപ്പിക്കും. ഇരുളടഞ്ഞ, ഭയത്തിന്റെ ലോകത്തു നിന്ന് വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ആ യാത്ര മനുഷ്യന്റെ അതിജീവന ശേഷിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.
മരണത്തിന്റെ വക്കിൽ നിന്ന് അദ്ഭുതകരമായി രക്ഷപെട്ട് കാടുകളിലൂടെ സ്വന്തം കുടുംബത്തെ തേടി ജാഗ്വാർ പോവ് നടത്തുന്ന ആ യാത്ര സിനിമയെ കൂടുതൽ ആവേശകരമാക്കുന്നു. തന്നെ വേട്ടയാടാനെത്തുന്ന ക്രൂരരായ ശത്രുക്കളെ സ്വന്തം കാട്ടില്‍, സ്വാഭാവികമായ കരുത്ത് കൊണ്ട് നേരിടുന്ന അദ്ദേഹത്തിന്റെ അതിജീവന തന്ത്രങ്ങൾ പ്രേക്ഷകര്‍ക്ക് ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. പ്രകൃതിയും മൃഗങ്ങളും അദ്ദേഹത്തിന് തുണയായി മാറുന്ന ആ കാഴ്ച പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരുടെ ആത്മബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നു.
സിനിമയുടെ ക്ലൈമാക്സിലേക്കെത്തുമ്പോൾ കഥ കൂടുതൽ വൈകാരികവും ഉദ്വേഗജനകവുമാകുന്നു. ശത്രുക്കളുടെ എല്ലാ വേട്ടയാടലുകളെയും അതിജീവിച്ച്, കിണറ്റില്‍ ഒളിച്ചിരിക്കുന്ന തന്റെ ഗര്‍ഭിണിയായ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തേക്ക് ജാഗ്വാർ തിരിച്ചെത്തുന്നു. എന്നാല്‍, അതിനു മുന്‍പേ കനത്ത മഴ മൂലം ആ കിണറ്റില്‍ വെള്ളം നിറയുകയും കൊടിയ യാതനകളുടെ പശ്ചാത്തലത്തില്‍ അവള്‍ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നുണ്ട്. അദ്ഭുതകരമെന്നോണം ജാഗ്വാർ ഒടുവിൽ അവരുമായി ഒന്നിക്കുന്നു.
എന്നാൽ, അവിടെയും ആവേശം അവസാനിക്കുന്നില്ല. തങ്ങളെ തടവിലാക്കാനെത്തിയ ശത്രുക്കളുടെ അവസാന കണ്ണികളെയും കാടിന്റെ സ്വാഭാവികതയറിഞ്ഞ് ജാഗ്വാർ മറികടക്കുമ്പോൾ, ചരിത്രത്തിന്റെ മറ്റൊരു വഴിത്തിരിവാണ് കടൽതീരത്ത് തെളിയുന്നത്. മായൻ നാഗരികതയുടെ അവശേഷിപ്പുകളിലേക്ക് ഇരുണ്ട നിഴൽ വീഴ്ത്തിക്കൊണ്ട് വലിയ കപ്പലുകളിൽ യൂറോപ്യന്മാരായ ആളുകള്‍ കടന്നുവരുന്ന കാഴ്ച സിനിമയെ തികച്ചും അപ്രതീക്ഷിതമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. തങ്ങളുടെ സംസ്കാരത്തെയും ലോകത്തെയും വിഴുങ്ങാൻ പോകുന്ന മറ്റൊരു വലിയ വിപത്തിന്റെ വരവറിയിക്കുന്നതായിരുന്നു ആ കാഴ്ച!
സിനിമയുടെ അവസാന രംഗം മനോഹരമാണ്. പുതുതായി വന്ന മനുഷ്യരെ കണ്ട് ജാഗ്വാറിന്റെ ഭാര്യ ചോദിക്കുന്നു: “നമ്മള്‍ അവരുടെ അടുത്തേക്ക് പോകണോ?”
അതിനുള്ള ജാഗ്വാറിന്റെ മറുപടി പ്രതീക്ഷയുടെ പരകോടിയാണ്. അയാള്‍ പറയുന്നു:
“നമ്മള്‍ കാട്ടിലേക്കു പോകുന്നു. ഒരു പുതിയ തുടക്കത്തിനായി.”
ഏതു പ്രതിസന്ധിയുടെ മുന്‍പിലും തളരാത്ത മനുഷ്യന്റെ ഇച്ഛാശക്തിയുടെയും പ്രത്യാശയുടെയും വലിയൊരു സന്ദേശമാണ് ഈ ചിത്രം അവശേഷിപ്പിക്കുന്നത്. ഏത് വലിയ സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞാലും, ക്രൂരമായ അടിച്ചമർത്തലുകൾക്കു മുന്നിൽ മനുഷ്യൻ ഒറ്റപ്പെട്ടാലും, സ്നേഹവും കുടുംബവും തലമുറകളിലൂടെ കൈമാറുന്ന നന്മയും ഒരിക്കലും നശിക്കുകയില്ല. വിനാശത്തിന്റെ വക്കിൽ നിന്നും പുതിയൊരു തുടക്കത്തിലേക്ക് വെളിച്ചം വീശുന്ന ‘അപൊക്കലിപ്റ്റോ,’ മനുഷ്യന്റെ അതിജീവനശ്രമങ്ങള്‍ക്ക് ഒരിക്കലും നാശം സംഭവിക്കില്ലെന്ന വലിയ സത്യമാണ് ഓർമ്മിപ്പിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS




