
2005 ൽ പുറത്തിറങ്ങിയ ‘ദ ക്രോണിക്കിൾസ് ഓഫ് നാർണിയ: ദ ലയൺ, ദ വിച്ച് ആൻഡ് ദ വാർഡ്രോബ്’ എന്ന സിനിമ സ്നേഹം, ത്യാഗം, വിശ്വാസം, വീണ്ടെടുപ്പ് എന്നീ വിഷയങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രമാണ്. സി.എസ്. ലൂയിസിന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം, ഒരു വാർഡ്രോബിനുള്ളിലൂടെ മാന്ത്രികലോകമായ ‘നാർണിയ’യിലേക്ക് കടന്നുചെല്ലുന്ന നാല് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബോംബാക്രമണങ്ങളിൽ നിന്ന് രക്ഷപെടാനായി ലണ്ടനിൽ നിന്ന് ഗ്രാമപ്രദേശത്തെ ഒരു വീട്ടിലേക്കു മാറുന്ന പീറ്റർ, സൂസൻ, എഡ്മണ്ട്, ലൂസി എന്നീ നാല് സഹോദരങ്ങളാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ആ വീട്ടിലെ വാർഡ്രോബ് – തുണികൾ സൂക്ഷിക്കുന്ന അലമാര – വഴി മാന്ത്രികലോകമായ നാർണിയയിലേക്ക് ലൂസി യാദൃശ്ചികമായി എത്തിച്ചേരുന്നു. എക്കാലവും മഞ്ഞ് വീണുകിടക്കുന്ന, ‘വൈറ്റ് വിച്ച്’ എന്ന ദുഷ്ടയായ രാജ്ഞിയുടെ ഭരണത്തിൻകീഴിലുള്ള ആ ലോകത്ത്, പ്രവചനങ്ങൾ പ്രകാരമെത്തുന്ന നാല് മനുഷ്യരാണ് തങ്ങളെ രക്ഷിക്കുകയെന്ന് മൃഗങ്ങളും ജീവികളും വിശ്വസിക്കുന്നു. നാർണിയയുടെ യഥാർഥ ഭരണാധികാരിയും ദൈവതുല്യനായ സിംഹവുമായ അസ്‌ലാനിന്റെ നേതൃത്വത്തിൽ അവർ രാജ്ഞിക്കെതിരെ യുദ്ധം ചെയ്ത് നാർണിയയെ വീണ്ടെടുക്കുന്നതാണ് സിനിമയില്‍ നമ്മള്‍ കാണുന്നത്.
ഈ കഥയിൽ അസ്‌ലാൻ എന്നത് കേവലം ഒരു കഥാപാത്രമല്ല, മറിച്ച് നീതിയുടെയും ത്യാഗത്തിന്റെയും ഏറ്റവും ഉയര്‍ന്ന രൂപമാണ്. എഡ്മണ്ട് എന്ന കുട്ടി ചെയ്ത തെറ്റുകൾക്ക് പരിഹാരമായി സ്വന്തം ജീവൻ ബലിയർപ്പിക്കാൻ തയ്യാറാകുന്ന അസ്‌ലാൻ, സ്നേഹത്തിലൂടെ എങ്ങനെ തിന്മയെ കീഴടക്കാമെന്ന് കാണിച്ചുതരുന്നു. നാർണിയയിലെ ജീവികൾ അസ്‌ലാനെക്കുറിച്ച് നന്മ മാത്രം പറയുന്നത് അദ്ദേഹത്തിന്റെ സവിശേഷമായ സ്വഭാവത്തെ വ്യക്തമാക്കുന്നു. അസ്‌ലാനിന്റെ മരണവും പുനരുത്ഥാനവും നാർണിയയ്ക്ക് പുതിയൊരു ജീവൻ നൽകുന്നു; ഇത് നമ്മുടെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളെ അതിജീവിച്ച് വെളിച്ചത്തിലേക്ക് വരാനാവശ്യമായ ആത്മവിശ്വാസത്തെയും സൂചിപ്പിക്കുന്നു.
ഈ സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു വശം തെറ്റുതിരുത്തലിന്റെയും ക്ഷമയുടെയും പാഠമാണ്. തന്റെ സഹോദരങ്ങളെ ഒറ്റിക്കൊടുക്കുന്ന എഡ്മണ്ട് എന്ന കഥാപാത്രത്തിലൂടെ, മനുഷ്യന്റെ ബലഹീനതകളും അതിൽ നിന്നുള്ള മോചനവുമാണ് സംവിധായകൻ വരച്ചുകാട്ടുന്നത്. ആഗ്രഹങ്ങൾക്കും പ്രലോഭനങ്ങൾക്കും അടിമപ്പെട്ട് തെറ്റുകൾ ചെയ്യുന്ന ഒരു വ്യക്തിയെ, അസ്‌ലാൻ എങ്ങനെയാണ് ത്യാഗത്തിലൂടെ വീണ്ടെടുക്കുന്നത് എന്നത് ഹൃദയസ്പർശിയാണ്. നാർണിയയിലെ നിത്യമായ മഞ്ഞ്, മനുഷ്യന്റെ ഹൃദയത്തിലുണ്ടാകുന്ന ജഡികതയുടെയും പ്രതീക്ഷയില്ലായ്മയുടെയും പ്രതീകമാണ്. രാജ്ഞിയുടെ ഭീകരഭരണത്തിൽ അവിടം ശൈത്യകാലം മാത്രം അനുഭവിക്കുന്ന ഇടമാണ്. എന്നാൽ, അസ്‌ലാൻ എത്തുമ്പോൾ വസന്തം തിരിച്ചുവരുന്നു. നമ്മൾ എപ്പോൾ സ്നേഹത്തെയും നീതിയെയും മുറുകെപ്പിടിക്കുന്നുവോ, അപ്പോൾ നമ്മുടെ ജീവിതത്തിലെ ദുരിതങ്ങളുടെ തണുപ്പ് മാറി സന്തോഷത്തിന്റെ വസന്തം പൂത്തുതുടങ്ങും എന്നതിന്റെ തെളിവാണിത്.
ഈ സിനിമ നമ്മുടെ ഉൾവിളികളെയും വിശ്വാസത്തെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. ലൂസി നാർണിയയെക്കുറിച്ച് പറഞ്ഞപ്പോൾ ആരും അവളെ വിശ്വസിച്ചില്ലെങ്കിലും, അവൾ തന്റെ അനുഭവത്തിൽ ഉറച്ചുനിന്നു. സത്യം പലപ്പോഴും അവിശ്വസനീയമായി തോന്നാം. പക്ഷേ, അത് ആർജവത്തോടെ വെളിപ്പെടുത്തുമ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കിടയിൽ മനംമടുക്കുമ്പോൾ, ലൂസിയെപ്പോലെ ഒരു ചെറിയ വാർഡ്രോബിനുള്ളിൽ പോലും അദ്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിയാൻ കഴിയണം.
‘ദ ക്രോണിക്കിൾസ് ഓഫ് നാർണിയ’ നമ്മെ പഠിപ്പിക്കുന്നത് ഒത്തൊരുമയുടെ ശക്തിയെക്കുറിച്ചാണ്. നാല് സഹോദരങ്ങൾ വെവ്വേറെ നിൽക്കുമ്പോൾ ദുർബലരാണെങ്കിലും, അസ്‌ലാനിന്റെ പാത പിന്തുടർന്ന് ഒത്തൊരുമിക്കുമ്പോൾ അവർക്ക് വിധി മാറ്റിയെഴുതാൻ കഴിയുന്നു. അവസാന യുദ്ധരംഗത്ത് അസ്‌ലാൻ നൽകുന്ന സന്ദേശം, ധൈര്യം എന്നാൽ ഭയമില്ലായ്മയല്ല, മറിച്ച് ഭയത്തിനിടയിലും ശരിയായ തീരുമാനമെടുക്കാനുള്ള കഴിവാണ് എന്നതാണ്. വാർഡ്രോബിന് അപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്ന തിരിച്ചറിവ് പോലെ, അനുദിന ജീവിതത്തില്‍ നമ്മള്‍ കാണുന്ന തിന്മകളുടെ അപ്പുറത്ത് പ്രപഞ്ചത്തിന്റെ വലിയൊരു നന്മയുണ്ടെന്ന ബോധം നമ്മളെ മുന്നോട്ടുനയിക്കട്ടെ. അസ്‌ലാൻ എന്ന ആത്മീയസാന്നിധ്യം ഓരോ ഹൃദയത്തിലുമുണ്ടെന്നും, അത് ഉണരുമ്പോൾ ഏതു ശൈത്യകാലവും മാറി വസന്തം വരുമെന്നും ഈ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു. നാർണിയയും അകലങ്ങളിളല്ല, നമ്മില്‍ തന്നെയാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS




