
“മക്കള്‍ക്ക് നല്ല വസ്തുക്കള്‍ കൊടുക്കണമെന്ന് ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോട് ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും” (11). നമ്മുടെ പ്രാർഥനകൾക്ക് ദൈവം ഉത്തരം നൽകുമെന്ന ബോധ്യം മനസ്സിലുറപ്പിക്കാൻ ഈ വചനഭാഗം നമ്മെ സഹായിക്കട്ടെ. ദൈവം എപ്പോഴും നമ്മുടെ നിലവിളികൾ കേൾക്കുന്നുണ്ട്. പക്ഷേ, ദൈവത്തിന്റെ ഉത്തരം നമുക്ക് എല്ലായ്‌പ്പോഴും മനസ്സിലാകുന്നില്ല.
പ്രാർഥിക്കുമ്പോൾ തന്നെ നമുക്ക് ദൈവത്തിൽ നിന്ന് എന്തെങ്കിലും ലഭിക്കുന്നു എന്നതാണ് യാഥാർഥ്യം. പ്രാർഥനയിൽ നാം നമ്മുടെ ഹൃദയം ദൈവത്തോടു തുറക്കുമ്പോൾ, നമുക്ക് നല്ല സമ്മാനങ്ങൾ നൽകാൻ ദൈവത്തിന്റെ കരങ്ങൾ തുറന്നിരിക്കുന്നു. തീക്ഷ്‌ണമായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിലൂടെ നാം ദൈവസന്നിധിയിലായിരിക്കുമ്പോൾ ദൈവത്തിന്റെ ആശ്വാസം നമ്മുടെ ഹൃദയങ്ങളിലേക്ക് പ്രവഹിക്കുന്നു. പ്രാർഥനയുടെ സമയം ഒരിക്കലും പാഴാകില്ല. എല്ലാ പ്രാർഥനകളും ദൈവത്തോടുള്ള സ്നേഹത്തിന്റെ നിറവിലാണ് നമ്മൾ ചെയ്യേണ്ടത്. അപ്പോൾ ദൈവം നമ്മിലേക്ക് നന്മകൾ ചൊരിയും. പ്രാർഥിക്കുന്നവർക്ക് നന്മകൾ നൽകപ്പെടുമെന്ന് ഉറച്ചുവിശ്വസിച്ച്, നമുക്ക് ജീവിക്കാം; കൂടുതല്‍ പ്രാർഥിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS




