കുടുംബജീവിതത്തിനിടയിലും എങ്ങനെ വിശുദ്ധി കണ്ടെത്താമെന്ന് പഠിപ്പിക്കുന്ന വിവാഹിതരായ രണ്ട് വിശുദ്ധർ

സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ് (1303-1373) തന്റെ രാജ്യത്തിന്റെ മധ്യസ്ഥ എന്ന നിലയിലും നൂഴ്സിയയിലെ ബെനഡിക്ട്, വിശുദ്ധരായ സിറിൾ, മെത്തോഡിയസ്, സിയന്നയിലെ കാതറിൻ, എഡിത്ത് സ്റ്റെയിൻ എന്നിവർക്കൊപ്പം യൂറോപ്പിന്റെ ആറ് മധ്യസ്ഥരിൽ ഒരാളായും അറിയപ്പെടുന്നു. ‘ബ്രിജിറ്റൈൻ’ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയായ ഇവർ, തനിക്ക് ലഭിച്ച ദൈവീക ദർശനങ്ങൾക്കും, പ്രത്യേകിച്ച് ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രാർഥനകൾക്കും പ്രശസ്തയാണ്. മറ്റൊരു വിശുദ്ധയായ സ്വീഡനിലെ കാതറിന്റെ (1330-1381) അമ്മ കൂടിയാണ് വിശുദ്ധ ബ്രിജിറ്റ്.

നാൽപതുകളിൽ ഭർത്താവിന്റെ മരണം സംഭവിക്കുന്നത് വരെ ബ്രിജിറ്റും ഭർത്താവും 20 വർഷം സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു. അവർക്ക് നാല് ആൺകുട്ടികളും നാല് പെൺകുട്ടികളും ഉൾപ്പെടെ എട്ട് മക്കളുണ്ടായിരുന്നു. കാതറിൻ വിവാഹിത ആയിരുന്നെങ്കിലും അവളും ഭർത്താവും ബ്രഹ്മചര്യം പാലിച്ചായിരുന്നു ജീവിച്ചത്.

1350-ലെ ജൂബിലി വർഷത്തിൽ റോമിലേക്ക് തീർഥാടനം നടത്തുന്നതിനായി വിശുദ്ധ ബ്രിജിറ്റും കാതറിനും പ്ലേഗ് രോഗത്തെപ്പോലും വകവെക്കാതെ യാത്ര തിരിച്ചു. ബ്രിജിറ്റിന്റെ ജീവിതാവസാനം വരെയും അവർ അവിടെ തുടർന്നു. അവർ അവിടെനിന്ന് വിശുദ്ധ നാട്ടിലേക്കും മറ്റ് തീർഥാടന കേന്ദ്രങ്ങളിലേക്കും യാത്രകൾ നടത്തി. ക്രിസ്തുവിന്റെ പീഡാസഹന സമയത്ത് അവിടുത്തേക്ക് ഏൽക്കേണ്ടിവന്ന അടികളുടെ എണ്ണത്തെ ഓർമ്മിക്കുന്ന പ്രാർഥനകളുടെ പേരിലാണ് വിശുദ്ധ ബ്രിജിറ്റ് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. തനിക്ക് 5,480 പ്രഹരങ്ങൾ ഏറ്റതായി യേശു അവൾക്ക് വെളിപ്പെടുത്തി നൽകി.

അവിടുന്ന് അവളോട് പറഞ്ഞു: “ഏതെങ്കിലും വിധത്തിൽ അവയെ ബഹുമാനിക്കാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു വർഷം മുഴുവൻ ഞാൻ തന്നെ നിന്നെ പഠിപ്പിക്കുന്ന പ്രാർഥനകൾക്കൊപ്പം 15 ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ…’, 15 ‘നന്മ നിറഞ്ഞ മറിയമേ…’ എന്നിവ ചൊല്ലുക. ഒരു വർഷം പൂർത്തിയാകുമ്പോൾ, എന്റെ ഓരോ മുറിവുകളെയും നീ ബഹുമാനിച്ചിട്ടുണ്ടാകും.”

ജൂലൈ 23-നാണ് വിശുദ്ധ ബ്രിജിറ്റിന്റെ തിരുനാൾ ആഘോഷിക്കുന്നത്; മാർച്ച് 24-ന് വിശുദ്ധ കാതറിന്റെ തിരുനാളും. അമ്മമാർക്കും മക്കൾക്കും ഒരുപോലെ മികച്ച മധ്യസ്ഥരാണ് ഇവരെങ്കിലും ഗർഭച്ഛിദ്രത്തിനെതിരെയുമുള്ള പ്രാർഥനകൾക്കും ഗർഭമലസൽ ഒഴിവാക്കുന്നതിനുമുള്ള മധ്യസ്ഥയായി വിശുദ്ധ കാതറിനെ വിളിച്ചപേക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.