പ്രതീക്ഷയുടെ യാത്ര 151: കാത്തിരിപ്പിന്റെ തടവുകാർ

ഇറ്റാലിയൻ എഴുത്തുകാരനായ ദീനോ ബുസാത്തി 1940 ൽ പ്രസിദ്ധീകരിച്ച നോവലാണ് ‘ദ ടാർട്ടർ സ്റ്റെപ്പ്.’ (Il deserto dei Tartari – ടാർട്ടറുകളുടെ മരുഭൂമി). ‘ദ സ്ട്രോങ്‌ഹോൾഡ്’ (La fortezza) എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലത്തിന്റെ ഒഴുക്കിനെയും ചില കാര്യങ്ങള്‍ക്കു വേണ്ടിയുള്ള നമ്മുടെ നിഷ്ഫലമായ കാത്തിരിപ്പിനെയും ബുസാത്തി ഇതിലൂടെ വരച്ചുകാട്ടുന്നു. വിജനമായ അതിർത്തി കോട്ടയായ ബാസ്ത്തിയാനി കോട്ടയില്‍ ജീവിതം മുഴുവന്‍ ചിലവഴിക്കേണ്ടിവന്ന ജിയോവാന്നി ദ്രോഗോ എന്ന ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്റെ കഥയ്ക്ക് നമ്മുടെയൊക്കെ ജീവിതവുമായി ചില സാമ്യങ്ങളുണ്ട്.

മഹത്വം തേടിയുള്ള ഒരു മനുഷ്യന്റെ ജീവിതകാലം മുഴുവനുള്ള കാത്തിരിപ്പിന്റെ കഥയാണിത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യ നിയമനമായി, വിജനമായ മരുഭൂമിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന ബാസ്ത്തിയാനി എന്ന ഒറ്റപ്പെട്ട കോട്ടയിലേക്ക് ലഫ്റ്റനന്റ് ജിയോവാന്നി ദ്രോഗോ എത്തിച്ചേരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വസന്തകാലമായിരുന്നു. മരുഭൂമിയുടെ നിശ്ശബ്ദതയിൽ ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ ഒരുനാൾ ആക്രമിക്കുമെന്നും അന്ന് താനൊരു യുദ്ധവീരനായി അവരെ കീഴടക്കുമെന്നും ദ്രോഗോ സ്വപ്നം കണ്ടു. എന്നാൽ, ആ ഒറ്റപ്പെട്ട കോട്ടയിൽ തന്റെ ജീവിതം പാഴായിപ്പോകുമെന്ന് അധികം വൈകാതെ തന്നെ അദ്ദേഹത്തിന് ബോധ്യമായി. മരുഭൂമിയില്‍ നിന്ന് വന്നെത്തുമെന്ന് വിശ്വസിക്കപ്പെടുന്ന ശത്രുക്കളുടെ വരവും കാത്ത്, തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അദ്ദേഹം ആ കോട്ടയുടെ മതിൽക്കെട്ടുകൾക്കുള്ളിൽ ജീവിക്കുന്നു.

താന്‍ പോലുമറിയാതെ വർഷങ്ങളും പതിറ്റാണ്ടുകളും കടന്നുപോയെന്ന് കോട്ടയിലെ കാവലിനിടയിൽ ദ്രോഗോ തിരിച്ചറിയുന്നു. നഗരത്തിലുള്ള അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ വിവാഹം കഴിച്ച്, മക്കളുണ്ടായി, ജീവിതത്തിന്റെ എല്ലാ വര്‍ണ്ണങ്ങളും ആസ്വദിച്ചു മുന്നേറുമ്പോൾ, തനിക്ക് സഹപ്രവർത്തകരുമായുള്ള ഐക്യദാർഢ്യമല്ലാതെ മറ്റൊന്നും ലഭിച്ചില്ല എന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഒടുവിൽ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ശത്രുക്കളുടെ ആക്രമണം നടക്കുമ്പോൾ, ദ്രോഗോ അസുഖബാധിതനാവുകയും കോട്ടയിലെ കേണൽ അദ്ദേഹത്തെ തിരികെ പറഞ്ഞയയ്ക്കുകയും ചെയ്യുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ വഴിമധ്യേയുള്ള ഒരു സത്രത്തിൽ വച്ച് ദ്രോഗോ മരിക്കുന്നു.

ഈ നോവൽ നമ്മോട് ചോദിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്: “നമ്മൾ എന്തിനു വേണ്ടിയാണ് ഇന്നും കാത്തിരിക്കുന്നത്?” ചിലപ്പോൾ വലിയൊരു വിജയത്തിനു വേണ്ടിയാകാം, അല്ലെങ്കിൽ ആരെങ്കിലും നമ്മളെ അംഗീകരിക്കുന്ന ഒരു നിമിഷത്തിനു വേണ്ടിയാകാം. സത്യത്തില്‍, ആ ലക്ഷ്യത്തിനു വേണ്ടി വർത്തമാനകാലത്തെ നമ്മൾ ബലികൊടുക്കുകയല്ലേ? നമ്മൾ സ്നേഹിക്കുന്നവരുടെ മുഖം കാണാനും, ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാനും സ്വയം തിരിച്ചറിയാനും മാറ്റിവയ്ക്കുന്ന സമയം നമുക്ക് തിരികെ ലഭിക്കില്ല. സമയം എത്ര വേഗമാണ് നമ്മൾ  അറിയാതെ കടന്നുപോകുന്നത്! ദ്രോഗോയുടെ ജീവിതത്തില്‍ അങ്ങനെയായിരുന്നല്ലോ.

പുറമേയുള്ള വലിയ നേട്ടങ്ങളേക്കാൾ വലുതാണ് ഉള്ളിലെ സമാധാനം. നാളെ എന്ത് സംഭവിക്കുമെന്നതിനേക്കാൾ ഇന്ന് നമ്മൾ എന്താണ് അനുഭവിക്കുന്നത് എന്നതിലാണ് ജീവിതത്തിന്റെ അർഥം. നാളെയെ കാത്തിരിക്കുന്നവർക്ക് ഇന്ന് എപ്പോഴും നഷ്ടപ്പെടുന്നു. നമ്മൾ പലപ്പോഴും ഭാവിയുടെ തടവുകാരായി ജീവിക്കുന്നു. ഇന്നത്തെ ഒരു ചെറിയ ചിരിയേക്കാൾ വില നാളെയുടെ ആ വിജയത്തിന് നമ്മൾ നൽകുന്നു. പക്ഷേ, ആ വിജയം വന്നെത്തുമ്പോഴേക്കും ജീവിതത്തിന്റെ വാതിൽ അടഞ്ഞുപോയിട്ടുണ്ടാകാം.

നമ്മള്‍ ദ്രോഗോയെപ്പോലെ, അവസാന നിമിഷം മാത്രം തിരിച്ചറിവിലേക്ക് എത്തേണ്ടവരല്ല; നമുക്ക് ഇപ്പോഴേ തുടങ്ങാം. ജീവിതം എന്നാല്‍ ഓരോ നിമിഷവും നമ്മൾ അനുഭവിക്കുന്ന സ്നേഹവും സൗഹൃദവും സത്യവുമാണ്. വലിയ യുദ്ധങ്ങൾ ജയിക്കുന്നതിനേക്കാൾ വലുതാണ് സ്വന്തം മനസ്സിന്റെ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നത്. ജീവിതം ജീവിക്കാനുള്ളതാണ്.

ജീവിതത്തിന്റെ അവസാന നിമിഷത്തിൽ നാം ഓര്‍മ്മിക്കുന്നത് നമ്മള്‍ നേടിയ നേട്ടങ്ങളായിരിക്കില്ല , മറിച്ച് സ്നേഹത്തിന്റെ നിമിഷങ്ങളായിരിക്കും. മറ്റുള്ളവരുമായി നമ്മൾ പങ്കുവച്ച സ്നേഹം, സൗഹൃദം, ആർദ്രത എന്നിവയാണ് നമ്മുടെ യഥാർഥ സമ്പാദ്യം. ആ സമ്പാദ്യം വർധിപ്പിക്കാൻ നമുക്ക് ഇനിയും വൈകിക്കൂടാ. ഇനിയെങ്കിലും, ചില കാര്യങ്ങള്‍ക്കായുള്ള വ്യര്‍ഥമായ കാത്തിരിപ്പ് മതിയാക്കി, സമീപസ്ഥമായ ചെറിയ സന്തോഷങ്ങളിലേക്ക് കണ്ണുതുറക്കാം. പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാം. നാളെ എന്ന സങ്കൽപ്പത്തേക്കാൾ മനോഹരമാണ് ഇന്നെന്ന യാഥാർഥ്യം. ആ യാഥാർഥ്യത്തെ നമുക്ക് ഹൃദയപൂര്‍വം ഉള്‍ക്കൊള്ളാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.