
1994 ൽ പുറത്തിറങ്ങിയ ‘ഷോഷാങ്ക് റിഡംപ്ഷൻ’ (The Shawshank Redemption) എന്ന ചിത്രം സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു. സ്റ്റീഫൻ കിംഗിന്റെ കഥയെ ആസ്പദമാക്കി ഫ്രാങ്ക് ഡാരബോണ്ട് സംവിധാനം ചെയ്ത ഈ ചിത്രം, ജയിലിലെ ജീവിതത്തിനിടയിലും മനുഷ്യൻ എങ്ങനെ പ്രതീക്ഷ കൈവിടാതെ ജീവിക്കുന്നു എന്നതിന്റെ മനോഹരമായ ആവിഷ്കാരമാണ്.
താൻ ചെയ്യാത്ത കുറ്റത്തിന് ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന ആൻഡി എന്ന ബാങ്കറാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. ഷോഷാങ്ക് എന്ന, ക്രൂരതയ്ക്ക് പേരുകേട്ട ജയിലിലേക്ക് അയയ്ക്കപ്പെടുന്ന ആൻഡി അവിടെ നേരിടുന്ന കടുത്ത പീഡനങ്ങളും ഒറ്റപ്പെടലും സിനിമ വരച്ചുകാട്ടുന്നുണ്ട്. ജയിലിലെ ഭീകരമായ അന്തരീക്ഷത്തിൽ, അവിടെ വർഷങ്ങളായി തടവിൽകഴിയുന്ന റെഡ് എന്ന വ്യക്തിയുമായി ആൻഡി സൗഹൃദത്തിലാകുന്നു.
ജയിലിലെ മറ്റ് തടവുകാരെപ്പോലെ തളർന്നുപോകാൻ ആൻഡി തയ്യാറായില്ല. അവൻ തന്റെ അറിവും ബുദ്ധിയും ഉപയോഗിച്ച് ജയിലധികൃതരുടെ വിശ്വാസം നേടിയെടുത്തു. ജയിലിലെ ലൈബ്രറി മെച്ചപ്പെടുത്താനും തടവുകാർക്ക് വിദ്യാഭ്യാസം നൽകാനും അവൻ മുൻകൈയെടുത്തു. അങ്ങനെ ജയിലിന്റെ മതിലുകൾക്കുള്ളിലും സ്വാതന്ത്ര്യത്തിന്റെ ഒരു ചെറിയ ലോകം അവൻ പടുത്തുയർത്തി.
ഏതാണ്ട് 20 വർഷത്തോളം ജയിലിൽകഴിഞ്ഞ ആൻഡി, ഒരു ദിവസം അപ്രത്യക്ഷനായി. അവൻ എങ്ങനെയാണ് ജയിലിൽ നിന്ന് രക്ഷപെട്ടതെന്നത് സിനിമയിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണ്. വർഷങ്ങളായി അവൻ വളരെ സൂക്ഷ്മമായി, ഒരു ചെറിയ ചുറ്റിക ഉപയോഗിച്ച് ജയിൽഭിത്തി തുരക്കുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുന്നു. ജയിലിലെ അഴിമതിക്കാരനായ വാർഡന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്ന ആൻഡി, ഒടുവിൽ തന്റെ സ്വാതന്ത്ര്യം വീണ്ടെടുത്ത് മെക്സിക്കോയില്‍ എത്തി.
അടുത്ത വർഷം, 40 വർഷത്തെ ജയിൽവാസത്തിനു ശേഷം റെഡ് പരോളിൽ പുറത്തിറങ്ങി. എന്നാൽ, പുറംലോകത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ അയാൾ വല്ലാതെ വിഷമിച്ചു; തനിക്കൊരിക്കലും അതിന് സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എങ്കിലും, ആൻഡിക്ക് നൽകിയ വാക്ക് ഓർത്ത് റെഡ് ബക്സ്റ്റണിലെത്തി. അവിടെ ഒളിപ്പിച്ചുവച്ച പണവും തന്റെ അടുത്തേക്കു വരാൻ ക്ഷണിച്ചുകൊണ്ടുള്ള ആന്‍ഡിയുടെ ഒരു കത്തും അവന് ലഭിക്കുകയാണ്. ആ കത്തില്‍ ആന്‍ഡി ഇങ്ങനെ എഴുതിയിരിക്കുന്നു:
“പ്രതീക്ഷ എന്നത് ഒരു നല്ല കാര്യമാണ്. ഒരുപക്ഷേ, നല്ല കാര്യങ്ങളിൽ വച്ച് ഏറ്റവും മികച്ചത്. നല്ല കാര്യങ്ങളൊന്നും ഒരിക്കലും നശിച്ചുപോകില്ല.”
തുടർന്ന്, റെഡ് മെക്സിക്കോയിലേക്ക് യാത്ര തിരിക്കുന്നു. ആ യാത്രയ്ക്കിടയില്‍ റെഡിന്റെ ഒരു ആത്മഗതം നാം കേള്‍ക്കുന്നു:
“എനിക്ക് പറഞ്ഞറിയിക്കാനാവാത്തത്ര ആവേശം തോന്നുന്നു. അടങ്ങിയിരിക്കാനോ, ചിന്തകൾ ഒരുമിപ്പിക്കാനോ എനിക്ക് കഴിയുന്നില്ല. ഒരു സ്വതന്ത്രമനുഷ്യനു മാത്രം അനുഭവിക്കാൻ കഴിയുന്ന ആവേശമാണിതെന്ന് ഞാൻ കരുതുന്നു. അനിശ്ചിതമായ ഒരു നീണ്ട യാത്രയുടെ തുടക്കത്തിൽ നിൽക്കുന്ന ഒരു സ്വതന്ത്രമനുഷ്യന്റെ ആവേശം. അതിർത്തി കടക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. എന്റെ സുഹൃത്തിനെ കണ്ട് അവന്റെ കൈകൾ ചേർത്തുപിടിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ സ്വപ്നങ്ങളിലെ നീലനിറം തന്നെയായിരിക്കണം പസിഫിക് സമുദ്രത്തിനുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പ്രതീക്ഷിക്കുന്നു.”
ഒടുവിൽ, മെക്സിക്കോയിലെ കടൽത്തീരത്ത് വച്ച് അവൻ ആൻഡിയെ കണ്ടെത്തുകയാണ്.
ഈ സിനിമയില്‍ നിന്ന് നമുക്ക് പഠിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പാഠം ഇതാണ്: നമ്മുടെ ജീവിതത്തിലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാകാം, ചിലപ്പോൾ നാം ഇരുളടഞ്ഞ ഇടങ്ങളിൽ അകപ്പെട്ടതുപോലെ തോന്നും. പക്ഷേ, ഭയപ്പെടരുത്. അത്തരം നിമിഷങ്ങളില്‍ നാം പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് മുറുകെപ്പിടിക്കണം.
ആൻഡിയുടെ ജീവിതം നമുക്ക് നൽകുന്ന സന്ദേശം ലളിതമാണ് – സാഹചര്യങ്ങൾ എത്ര മോശമായാലും നാം നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല. ക്ഷമയോടെ കാത്തിരിക്കാനും കൃത്യമായ സമയത്ത് വേണ്ട രീതിയില്‍ പ്രവർത്തിക്കാനും നാം തയ്യാറാകണം. അന്യായമായ തടവറയിൽ നിന്നും ആൻഡി രക്ഷപെട്ടത് പെട്ടെന്നുള്ള ഒരു അദ്ഭുതത്താലല്ല, മറിച്ച് വർഷങ്ങളോളം അവൻ നടത്തിയ ചെറിയ ചെറിയ ശ്രമങ്ങളുടെ ഫലമായാണ്. നമ്മൾ ചെയ്യുന്ന ചെറിയ നല്ല പ്രവർത്തികൾ പോലും ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഈ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഒരുതരം തടവറ തന്നെയാണ്. അതിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി പുറത്തുനിന്നുള്ള സഹായത്തേക്കാൾ ഉപരിയായി നമ്മുടെ ഉള്ളിലെ ഉറച്ച തീരുമാനമാണ്. ആൻഡി തന്റെ ജയിലറയിൽ ഒരു പോസ്റ്റർ വച്ച് മതിൽ തുരന്നതുപോലെ, നമ്മുടെ മനസ്സിലെ ഭയത്തെ മാറ്റിനിർത്തി ലക്ഷ്യത്തിലേക്ക് ചെറിയ ചുവടുകൾ വയ്ക്കുക. നിരാശയിലേക്ക് വീണുപോകുമ്പോൾ ഓർക്കുക, ഇരുട്ടിനു ശേഷം വെളിച്ചം വരിക തന്നെ ചെയ്യും.
ഇന്നത്തെ ദിവസം നമുക്ക് തീരുമാനിക്കാം, നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികൾ കണ്ട് ഭയക്കാതെ, ‘പ്രതീക്ഷ’ എന്ന കരുത്തുറ്റ ആയുധവുമായി മുന്നോട്ടുപോകാൻ. എന്തെങ്കിലും ലക്ഷ്യത്തിനായി നാം ശ്രമിക്കുന്നുണ്ടെങ്കിൽ, അത് എത്ര ചെറിയതായാലും തുടരുക. ആ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിനം വിദൂരമല്ല. കാരണം, പ്രതീക്ഷ കൈവിടാത്തവന്റെ മുന്നിൽ ഒരു തടവറയും സ്ഥിരമല്ല.

ഫാ. ജി. കടൂപ്പാറയിൽ MCBS




