പ്രതീക്ഷയുടെ യാത്ര 122: തുടര്‍ച്ച 

ആമി ടാന്റെ ‘ദ ജോയ് ലക്ക് ക്ലബ്’ (The Joy Luck Club) എന്ന നോവൽ, ലോകത്തിലെ ഏറ്റവും മനോഹരമായ അമ്മ-മകള്‍ ബന്ധങ്ങളുടെ ആഖ്യാനമാണ്. 1989 ലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. ഇതേ പേരില്‍ പിന്നീട് ഒരു സിനിമയും ഇറങ്ങി. ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ നാല് അമ്മമാരുടെയും അമേരിക്കയിൽ ജനിച്ച അവരുടെ നാല് പെൺമക്കളുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലാണിത്‌. ഈ നാല് അമ്മമാര്‍ അവരുടെ അമ്മമാരുടെ ജീവിതങ്ങളെയും നോവലിലൂടെ വിവരിക്കുന്നുണ്ട്.

1949 ൽ സാൻഫ്രാൻസിസ്കോയിലെ ചൈനീസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ വച്ച് ഈ നാല് അമ്മമാർ കാണുകയും സ്ഥിരമായി ഒത്തുചേർന്ന് ‘മജോങ്’ (Mahjong) എന്ന ഗെയിം കളിക്കാൻ തീരുമാനിക്കുകയും ചെയ്തു. തങ്ങളുടെ ഈ മജോങ് കൂട്ടായ്മയെ അവർ ‘ജോയ് ലക്ക് ക്ലബ്’ എന്ന് വിളിച്ചു. ഈ അമ്മമാരിലെ സുയി യുവാൻ വൂ എന്ന അമ്മയും മകളായ ജൂണും തമ്മിലുള്ള ബന്ധം, തലമുറകൾക്കിടയിലുള്ള വിടവുകളെ എങ്ങനെ സ്നേഹം കൊണ്ട് നികത്താം എന്നതിന്റെ മികച്ച ഉദാഹരണമാണ്. ഈ നോവൽ നമ്മോട് പറയുന്നത്, അമ്മമാർ മക്കളിൽ കാണുന്നത് അവരുടെ കുറ്റങ്ങളെയല്ല, മറിച്ച് തങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച സ്വപ്നങ്ങളുടെ തുടർച്ചയാണ് എന്നാണ്.

ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയതാണ് സുയി യുവാൻ വൂവിന്റെ ജീവിതം. ചൈനയിലെ യുദ്ധകാലത്തെ ദുരിതങ്ങളിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിലെത്തുമ്പോൾ, താൻ പ്രസവിച്ച മക്കളെ ഉപേക്ഷിക്കേണ്ടിവന്ന വലിയൊരു വേദന ആ അമ്മയുടെ ഉള്ളിലുണ്ടായിരുന്നു. ആ വേദനയുടെ ഭാരവും പുതിയൊരു രാജ്യത്ത് ജീവിക്കാനുള്ള പോരാട്ടവും അവൾ തനിച്ച് അനുഭവിച്ചു. ജൂണ്‍ എന്ന മകളിലൂടെ സുയി യുവാൻ കാണാൻ ശ്രമിക്കുന്നത്, നഷ്ടപ്പെട്ട തന്റെ പഴയ ജീവിതത്തിന്റെ വീണ്ടെടുപ്പാണ്. മകൾ ഒരു പ്രതിഭയായി മാറണമെന്നും തനിക്ക് ലഭിക്കാത്ത അവസരങ്ങൾ അവൾക്ക് ലഭിക്കണമെന്നും ആഗ്രഹിച്ച ആ അമ്മയുടെ സ്നേഹം അമിതമായ നിയന്ത്രണമായി മകള്‍ പലപ്പോഴും തെറ്റിധരിക്കുന്നു.

എന്നാൽ, നോവലിന്റെ അന്ത്യത്തിൽ നമ്മൾ തിരിച്ചറിയുന്നത്, സുയി യുവാന്റെ എല്ലാ നിർബന്ധബുദ്ധികൾക്കും പിന്നിൽ മകളെക്കുറിച്ചുള്ള കരുതലായിരുന്നു എന്നതാണ്. അമ്മ മരിച്ചുപോയതിനു ശേഷം മകൾ ചൈനയിലേക്ക് യാത്ര ചെയ്യുകയും തന്റെ സഹോദരിമാരെ കാണുകയും ചെയ്യുമ്പോൾ, അമ്മ തന്നിൽ ചെലുത്തിയ സമ്മർദങ്ങളുടെ യഥാർഥ കാരണവും അര്‍ഥവും അവൾ മനസ്സിലാക്കുന്നു. അമ്മ തന്നെ രൂപപ്പെടുത്താൻ ശ്രമിച്ചത്, ലോകം എന്തുതന്നെ പറഞ്ഞാലും തലയുയർത്തി നിൽക്കാൻ കഴിയുന്ന ഒരു വ്യക്തിയാകാനാണെന്ന് അവള്‍ക്ക് അപ്പോഴാണ് മനസ്സിലാകുന്നത്.

മകള്‍ അമ്മയെ മനസ്സിലാക്കുന്ന ആ നിമിഷം എത്ര മനോഹരമാണ്! അമ്മ മരിച്ചുപോയെങ്കിലും, അവൾ തന്റെയുള്ളിൽ അമ്മയെക്കുറിച്ചുള്ള ഓർമ്മകളും അമ്മയുടെ സ്വപ്നങ്ങളും സൂക്ഷിക്കുന്നു. മാതൃത്വം എന്നത് മരിച്ചുപോയാലും ഇല്ലാതാകുന്നില്ല. നമ്മുടെ ജീവിതത്തില്‍ നമ്മൾ ചെയ്യുന്നത് പലതും നമ്മുടെ അമ്മയുടെ രീതികളായിരിക്കും. അമ്മയുടെ സംസാരം, അമ്മയുടെ ശീലങ്ങൾ, അമ്മയുടെ സ്നേഹം – ഇതൊക്കെ നമ്മിലൂടെ പുറത്തുവരും.

ഇന്നത്തെ കാലത്ത് മക്കൾ അമ്മമാരെ പലപ്പോഴും വിമർശിക്കാറുണ്ട്. “അമ്മയ്ക്ക് എന്നെ മനസ്സിലാകുന്നില്ല,” അല്ലെങ്കിൽ “അമ്മ എന്നെ പ്രഷറൈസ് ചെയ്യുന്നു” എന്നൊക്കെ നമ്മൾ പറയാറുണ്ട്. എന്നാൽ, സുയി യുവാൻ വൂയെപ്പോലെ, മക്കൾക്ക് ഒരു നല്ല ഭാവി ലഭിക്കാൻ വേണ്ടി സ്വന്തം വേദനകൾ മാറ്റിവയ്ക്കുന്ന അമ്മമാരുടെ മനസ്സ് ആഴമുള്ളതാണ്. തങ്ങളനുഭവിച്ച കഷ്ടപ്പാടുകൾ മക്കൾ അനുഭവിക്കരുതെന്ന ആഗ്രഹമാണ് ഓരോ അമ്മയെയും ഇങ്ങനെയാക്കുന്നത്.

നമ്മുടെ ജീവിതത്തിലും അമ്മയുടെ ചില ഉപദേശങ്ങൾ ശല്യമായി തോന്നിയെങ്കിലും, പിന്നീട് അത് വലിയൊരു തിരിച്ചറിവായി മാറിയ സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലേ? ചിലപ്പോൾ അമ്മമാർ പറയുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാകില്ല. എന്നാൽ, കുറേക്കാലം കഴിയുമ്പോൾ, നമ്മൾ ജീവിതത്തിന്റെ ഗൗരവം മനസ്സിലാക്കുമ്പോൾ, ആ വാക്കുകള്‍ക്ക് പുതിയൊരു അർഥം ലഭിക്കും. അതാണ് അമ്മയുടെ സ്നേഹം. അത് കാത്തിരിപ്പിന്റെ സ്നേഹമാണ്.

അമ്മമാർ മക്കളിൽ കാണുന്നത് തങ്ങളെത്തന്നെയാണ്. സുയി യുവാൻ വൂ മകളിലൂടെ കണ്ട സ്വപ്നം, ഏതൊരമ്മയും മക്കളിലൂടെ കാണാനാഗ്രഹിക്കുന്ന സ്വപ്നങ്ങളാണ്. ആ സ്നേഹത്തെ നമുക്ക് ചേർത്തുപിടിക്കാം. ജീവിതം വളരെ ചെറുതാണ്. അമ്മയോട് സ്നേഹം പങ്കുവയ്ക്കാൻ സമയം കണ്ടെത്തുക. അവർ തരുന്ന ഉപദേശങ്ങൾ കേവലം നിർബന്ധങ്ങളല്ല, മറിച്ച് അവരുടെ ജീവിതാനുഭവങ്ങളുടെ സംഗ്രഹമാണെന്ന്  മനസ്സിലാക്കുക.

അമ്മയുടെ സ്നേഹം അദൃശ്യമായ ഒരു സുരക്ഷാകവചമാണ്. നമ്മൾ എവിടെയാണെങ്കിലും ആ സ്നേഹം നമ്മെ കാത്തുസൂക്ഷിക്കുന്നുണ്ട്. നമ്മുടെ അമ്മയുടെ ഏത് ശീലമാണ് നമ്മിലൂടെ തുടരുന്നത്, അല്ലെങ്കിൽ അമ്മയുടെ ഏത് ഉപദേശമാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടത്?

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.