കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് യഹൂദ നടൻ

ഫ്രാൻസ്, മൊറോക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ പ്രശസ്തി നേടിയ മൊറോക്കൻ-ഫ്രഞ്ച് നടനാണ് ഗാഡ് എൽമലേ. യഹൂദ മതവിശ്വാസിയായ അദ്ദേഹം അടുത്തിടെ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മാനസാന്തരാനുഭവം വായിച്ചറിയാം.

കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം പുതിയ ചിത്രമായ ‘റെസ്റ്റേ അൻ പ്യൂ’ (അൽപസമയം നിൽക്കൂ) -വിൽ വെളിപ്പെടുത്തുന്നുണ്ട്. സ്പാനിഷ് പത്രമായ ‘എൽ മോണ്ടോ’ പറയുന്നതനുസരിച്ച്, മാമ്മോദീസ സ്വീകരിക്കുമ്പോൾ ജീൻ മേരി എന്ന പേരാണ് ഗാഡ് എൽമലേ സ്വീകരിച്ചത്. പാരീസിൽ അദ്ദേഹം ദൈവശാസ്ത്രം പഠിച്ചു. പരിശുദ്ധ കന്യകാമറിയത്തോട് അഗാധമായ സ്നേഹമാണ് അദ്ദേഹത്തിനുള്ളത്. “കന്യാമറിയം ഞാൻ അനുഭവിച്ച വശ്യമായ സ്നേഹത്തിന്റെ ഉറവിടമാണ്. ഫ്രാൻസിൽ ഭൂരിപക്ഷം കത്തോലിക്കരും തങ്ങളുടെ വിശ്വാസം തുറന്ന് ജീവിക്കുന്നില്ല” – ഫ്രഞ്ച് പത്രമായ ‘ലെ ഫിഗാരോ’യോട് ഗാഡ് എൽമലെഹ് വെളിപ്പെടുത്തി.

കുട്ടിക്കാലത്ത് ഒരു പള്ളിയിൽ പ്രവേശിക്കുകയും പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ചിത്രം കാണുകയും ചെയ്തു. ഒരു യഹൂദനെന്ന നിലക്ക് കത്തോലിക്കാ ദൈവാലയത്തിൽ പ്രവേശിക്കാൻ അവരുടെ മതം അംഗീകരിച്ചിരുന്നില്ല. മാതാവിന്റെ ചെറിയ രൂപം കണ്ട മാത്രയിൽ അദ്ദേഹം പരിഭ്രാന്തനായി. ദൈവാലയത്തിൽ കയറിയതിനാലും മാതാവിന്റെ രൂപം കണ്ടതിനാലും വീട്ടുകാർ കണ്ടുപിടിക്കുമോ എന്ന ഭയത്താൽ അദ്ദേഹം കരയാനും ഒളിക്കാനും നോക്കി. കുട്ടിക്കാലം മുഴുവൻ അദ്ദേഹമത് രഹസ്യമാക്കി വച്ചിരുന്നു.

നവംബർ 16- ന് ഫ്രാൻസിൽ റിലീസ് ചെയ്യുന്ന ‘Reste un peu’ എന്ന സിനിമയെക്കുറിച്ച് ഗാഡ് എൽമലെ സംസാരിച്ചു. നടന്റെ യഥാർത്ഥ മാതാപിതാക്കൾ ആ സിനിമയിലുണ്ട്. അവർ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള ഗാഡിന്റെ പരിവർത്തനത്തിൽ അത്ര സന്തുഷ്ടരല്ല. “ഇത് ആത്മീയവും മതപരവുമായ പാതയാണെന്നത് ശരിയാണ്. അൻപതാമത്തെ വയസിൽ ഞാൻ എന്നെത്തന്നെ ചോദ്യം ചെയ്യുന്നു എന്നത് സത്യമാണ്. കന്യകാമറിയം എന്നെ വിളിക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈസ്തവ വിശ്വാസത്തോടും പള്ളികളോടുമുള്ള വിലക്ക് അനുഭവിച്ചാണ് ചെറുപ്പം മുതൽ അദ്ദേഹം വളർന്നത്. എന്നാൽ, ക്രമേണ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും മനസിലാക്കുകയും ചെയ്തു. 2022- ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

കൊക്കോ, പ്രൈസ്‌ലെസ്, ലാ ഡബ്ലൂർ, മിഡ്‌നൈറ്റ് ഇൻ പാരീസ് എന്നിവയുൾപ്പെടെ നിരവധി ഫീച്ചർ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫ്രാൻസിലെ മികച്ച ഹാസ്യനടനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട് അദ്ദേഹം. കാർലോട്ട കാസിരാഗിയാണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.