ബുദ്ധമതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക്; ഒരു കൗമാരക്കാരിയുടെ മാനസാന്തര അനുഭവം

ക്രൈസ്തവ ദേവാലയം നിർമ്മിച്ചിരുന്ന സ്വന്തം അപ്പന്റെ കൈകൾ പിടിച്ചാണ് അവൾ ആദ്യമായി ദേവാലയമുറ്റത്തെത്തുന്നത്. മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിലെ ഇടവക ദേവാലയമുറ്റത്ത് അപ്പനോടൊപ്പം ആദ്യമായി കാലുകുത്തുമ്പോൾ ഡാഷ്സെൻഡ് സെറ്റ്സെഗ് സുരൻ എന്ന പെൺകുട്ടിക്ക് മൂന്നുവയസ്സായിരുന്നു പ്രായം.

“ആദ്യമൊക്കെ ഞാൻ ഇവിടെ എത്തുമ്പോൾ ഇത് മതപരമായ ഒരു സ്ഥലമാണെന്ന് എനിക്കറിയില്ലായിരുന്നു. പലപ്പോഴും രുചികരമായി എന്തെങ്കിലും കഴിക്കാൻ വേണ്ടിയാണ് ഈ ദേവാലയമുറ്റത്ത് വന്നിരുന്നത്. എന്നാൽ ഇപ്പോൾ ഞാനിവിടെ പ്രാർഥിക്കാൻ വരുന്നു. കാരണം പള്ളി ദൈവത്തെ കണ്ടുമുട്ടാനുള്ള സ്ഥലമാണെന്ന് ഇന്നെനിക്കറിയാം” – സുരൻ പറയുന്നു.

ഒത്തുചേരലുകളിലൂടെ ക്രിസ്തുവിലേക്ക്

കുട്ടിക്കാലം മുതൽ ഏകദേശം ഒരു പതിറ്റാണ്ടോളം പള്ളിയിലെ വിശ്വാസികളുമായുള്ള അവളുടെ നിരന്തരമായ സമ്പർക്കമായിരുന്നു ഒരു ക്രിസ്ത്യാനി ആരായിരിക്കണം, എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള തിരിച്ചറിവിലേക്ക് ആ കൗമാരക്കാരിയെ നയിച്ചത്. അവൾ വലിയ മീറ്റിങ്ങുകളിലോ, ക്ലാസ്സുകളിലോ അല്ല പങ്കെടുത്തത്, മറിച്ച് പള്ളിയിൽ നടന്ന ആഘോഷങ്ങളിലും വിരുന്നുകളിലും ചെറുപ്രായം മുതൽ അവൾ പങ്കുചേർന്നു. അങ്ങനെ ഇടവക എന്ന ചെറിയ കത്തോലിക്കാ സമൂഹത്തിന്റെ ഭാഗമാകുന്നതിലെ ആനന്ദം അവൾ ആസ്വദിച്ചു. അതവളെ ക്രിസ്തുവിലേക്കു നയിക്കാനും കാരണമായി.

വേദപാഠ ക്ലാസ്സുകളിൽ കണ്ടെത്തിയ ക്രിസ്തു

ദേവാലയത്തിലെത്തുക എന്നത് പലപ്പോഴും സുരനെ സംബന്ധിച്ചിടത്തോളം സമാധാനത്തിലാകുന്ന അനുഭവമാണ്. ക്രിസ്തുവിനെക്കുറിച്ചും സഭയെക്കുറിച്ചും അറിയാൻ അതിയായ ആഗ്രഹമുണ്ടായിരുന്ന സുരൻ, ഇടവക വികാരിയായ ഫാ. തോമസ് റോ സാങ് മിന്നിന്റെ മാർഗനിർദേശത്തോടെ 2021 മുതൽ കാറ്റക്കിസം ക്ലാസ്സുകളിൽ പങ്കെടുത്തുതുടങ്ങി. അന്നവൾക്ക് 14 വയസ്സായിരുന്നു. “സഭയിൽ ചേരാനും യേശുക്രിസ്തുവിനെക്കുറിച്ച് കൂടുതലറിയാനും എനിക്ക് ശക്തമായ ആഗ്രഹമുണ്ടായിരുന്നു. ഞാൻ കൂടുതൽ പഠിക്കും” – എന്നായിരുന്നു സഭാപ്രവേശനത്തിനായി ഒരുങ്ങുന്ന സുരന്റെ വാക്കുകൾ.

വലിയ ഒരുക്കത്തോടും ആഗ്രഹത്തോടെയുമാണ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള ദിനങ്ങളിൽ ജ്ഞാനസ്നാനം സ്വീകരിക്കാനായി അവൾ ഒരുങ്ങിയത്. സഭയെക്കുറിച്ചുള്ള പഠനവും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവും അവളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു.

ജീവിതം മാറ്റിമറിച്ച കാറ്റിക്കിസം ക്ലാസ്സുകൾ 

“ഞാൻ പെട്ടെന്ന് കോപിക്കുന്നവളായിരുന്നു. എന്നാൽ വേദപാഠ ക്ലാസ്സുകളിൽ  പങ്കെടുത്തു തുടങ്ങിയതുമുതൽ ഞാൻ പഠിച്ച ഓരോ കാര്യങ്ങളും എന്നെ സ്വാധീനിക്കാൻ തുടങ്ങി” – കാറ്റക്കിസം ജീവിതത്തിൽ വരുത്തിയ സ്വാധീനത്തെക്കുറിച്ചുള്ള ആ കൗമാരക്കാരിയുടെ വാക്കുകളാണിവ. സഭയെക്കുറിച്ചും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവുകൾ അവളെ കൂടുതൽ സമാധാനത്തിലും സ്നേഹത്തിലും ജീവിക്കാൻ പ്രേരിപ്പിച്ചു. തന്നാൽ കഴിയുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തിജീവിക്കാൻ അവൾ പരിശ്രമിച്ചുതുടങ്ങി.

ദരിദ്രരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടിയുള്ള ഇടവകപ്രവർത്തനങ്ങളിൽ അവൾ സജീവസാന്നിധ്യമാണ്. വ്യാഴാഴ്ചകൾതോറും അവരുടെ ഇടവകാതിർത്തിയിലുള്ള മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ ജീവിക്കുന്നവരെ സന്ദർശിക്കാനും അവിടെ ജോലി ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവർക്ക് ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാനും അവൾ മുന്നിലുണ്ട്. ‘ദൈവം ഈ ലോകത്തിൽ പലവിധത്തിൽ പ്രവർത്തിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്. പാവപ്പെട്ടവർക്ക് എന്തെങ്കിലും കഴിക്കാൻവേണ്ടി അവൻ ഞങ്ങളിലൂടെ ഈ മാലിന്യക്കൂമ്പാരത്തിൽ പ്രവർത്തിക്കുന്നു’ എന്നതാണ് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സുരനെ നയിക്കുന്ന ചിന്ത.

ആ കൗമാരക്കാരിക്ക് സഹപാഠികളായോ, ബന്ധുക്കളായോ കത്തോലിക്കരായി ആരുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും അവൾ പറയുന്നത്, ഞങ്ങൾ പരസ്പരം പിന്തുണച്ചുകൊണ്ട് ദൈവരാജ്യത്തിലേക്കുള്ള പാതയിൽ ഒരുമിച്ചു മുന്നേറുമെന്നാണ്. കത്തോലിക്കാ ജീവിതത്തിലും ഉയർച്ചതാഴ്ചകൾ ഉണ്ടാകുമെന്നുള്ള ബോധ്യവും അവൾക്കുണ്ട്.

മംഗോളിയൻ സഭ

3.5 മില്യൺ ജനസംഖ്യയുള്ള മംഗോളിയയിൽ ഏകദേശം 1,300 കത്തോലിക്കരുണ്ട്. അവിടെ രണ്ട് മംഗോളിയൻ പുരോഹിതരും 22 വിദേശ മിഷനറിമാരും 35 കന്യാസ്ത്രീകളും ശുശ്രൂഷ ചെയ്യുന്നു. 13-ാം നൂറ്റാണ്ടിൽ മംഗോളിയയിൽ കത്തോലിക്കാ വിശ്വാസം പ്രചരിച്ചുതുടങ്ങിയെങ്കിലും 1368-ൽ യുവാൻ രാജവംശത്തിന്റെ അവസാനത്തോടെ അത് നിഷ്ക്രിയമായി. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ ദൗത്യം പുനരാരംഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് അധികാരത്തിൽ വന്നതുകൊണ്ട് ക്രിസ്തുമതം വളരാൻ സാഹചര്യം അനുകൂലമായിരുന്നില്ല. പിന്നീട് 1992-ലാണ് സുവിശേഷവൽക്കരണദൗത്യങ്ങൾ പുനരാരംഭിക്കുന്നത്. 2022-ൽ മംഗോളിയൻ സഭ പുനർജന്മത്തിന്റെ 30 വർഷങ്ങൾ ആഘോഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.