

വചനപ്രഘോഷകനാകാൻ ആഗ്രഹിച്ച തൃശൂർ അതിരൂപതയിലെ ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ ഇന്ന് ചെയ്യുന്നത് ഏറെയും നിശ്ശബ്ദമായ ശുശ്രൂഷയാണ്. ദൈവം തനിക്കായി കരുതിവച്ച ദൗത്യം എന്താണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ ബധിര-മൂകസമൂഹത്തിൽ ശുശ്രൂഷ ചെയ്യാൻ വേണ്ടി ആംഗ്യഭാഷ പഠിക്കുകയാണ് ഈ വൈദികൻ. സെമിനാരിയിൽ ചേരുന്നതിനു മുൻപുതന്നെ മികച്ച ഒരു നർത്തകനായിരുന്നു അദ്ദേഹം. ഇന്നിപ്പോൾ തന്റെ കലാപരമായ എല്ലാ കഴിവുകളും ബധിരരും മൂകരുമായ ആളുകൾക്കായി നൽകാൻ തീരുമാനിച്ചിടത്താണ് ഈ വൈദികൻ വ്യത്യസ്തനാകുന്നത്. ഫാ. ഡിന്റോയുടെ സ്നേഹത്തിന്റെ നിശ്ശബ്ദവിപ്ലവത്തെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കാം.
തൃശൂർ അതിരൂപതയിലെ ഫാ. ഡിന്റോ വല്ലച്ചിറക്കാരൻ ഇപ്പോൾ തിരുവനന്തപുരത്ത് ‘ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രറ്റേഷൻ’ എന്ന രണ്ടു വർഷത്തെ കോഴ്‌സ് (ആംഗ്യഭാഷ) പഠിച്ചുകൊണ്ടിരിക്കുകയാണ്. ബധിര-മൂകസമൂഹത്തിലെ ആളുകൾക്കു വേണ്ടി തന്റെ കഴിവും സമയവുമെല്ലാം കൊടുക്കാൻ തയ്യാറായ ഊർജസ്വലനായ കൊച്ചച്ചൻ. വൈദികനാകുന്നതിനു മുൻപുതന്നെ അറിയപ്പെടുന്ന നർത്തകനായിരുന്ന ഈ വൈദികൻ, ഇന്ന് ദൈവം തനിക്ക് തന്ന കഴിവുകൾ വ്യത്യസ്തമായ ഒരു ദൈവവേലയ്ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. തന്റെ വിളിക്കുള്ളിലെ വിളിയെക്കുറിച്ച് ഫാ. ഡിന്റോ ലൈഫ്ഡേയുമായി സംസാരിക്കുന്നു.
ബിഷപ്പ് ടോണി നീലങ്കാവിലിന്റെ വേറിട്ട കാഴ്ചപ്പാട്
തൃശൂർ അതിരൂപതയിലെ സഹായമെത്രാനായ ബിഷപ്പ് ടോണി നീലങ്കാവിൽ മുൻകൈയെടുത്താണ് ഫാ. ഡിന്റോയ്ക്ക് ഈ കോഴ്സ് പഠിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തത്. ബധിര-മൂകസമൂഹത്തിനു വേണ്ടി ഒരുപാട് ശുശ്രൂഷകൾ ചെയ്യാനുണ്ട്. എന്നാൽ, ആംഗ്യഭാഷ വശമുള്ളവർ വിരലില്ലെണ്ണാവുന്നവർ മാത്രം. ഇത് മനസ്സിലാക്കിയ പിതാവ് തന്റെ അതിരൂപതയിൽ നിന്നും വൈദികരെ കണ്ടെത്തി ആംഗ്യഭാഷ പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കാരണം, കൂദാശകൾ പരികർമ്മം ചെയ്യുക, വിവാഹത്തിനു മുന്നോടിയായിട്ടുള്ള കോഴ്‌സുകൾ നയിക്കുക എന്നിങ്ങനെ ഇവർക്കു വേണ്ടി ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, അത് ആ സമൂഹത്തിന് വ്യാഖ്യാനിച്ചുകൊടുക്കാൻ വൈദികർ ഇല്ല. അതിനുള്ള ഒരു പരിഹാരമാണ് ഫാ. ഡിന്റോ ഈ കോഴ്സ് പൂർത്തിയാക്കുന്നതിലൂടെ നിറവേറുന്നത്.
വഴിത്തിരിവായത് ഒരു തിരുപ്പട്ട ചടങ്ങ്
2023 ഡിസംബർ 26 നായിരുന്നു ഫാ. ഡിന്റോ തിരുപ്പട്ടം സ്വീകരിച്ചത്. ആദ്യത്തെ ശുശ്രൂഷാമേഖല തൃശൂർ അതിരൂപതയിലെ പരിശുദ്ധ വ്യാകുലമാതാവിന്റെ ബസലിക്ക പള്ളി (പുത്തൻപള്ളി) ആയിരുന്നു. അവിടെ എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച ബധിരർക്കു വേണ്ടി വിശുദ്ധ കുർബാന, കുമ്പസാരം എന്നിവയുണ്ടായിരുന്നു. ഒപ്പം ഇവരുടെ ഒത്തുചേരൽ നടന്നിരുന്നതും ഈ പള്ളിയിലായിരുന്നു. തൃശൂരിൽ നിന്നുള്ള ബധിര-മൂക ദമ്പതികൾ, കുടുംബങ്ങൾ ഒക്കെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കുള്ള തിരുക്കർമ്മങ്ങളിൽ ഒത്തുകൂടും. കോട്ടയത്ത് നിന്നുള്ള വൈദികനാണ് ഇവർക്കായി തിരുക്കർമ്മങ്ങൾ പരികർമ്മം ചെയ്യാൻ എത്തിയിരുന്നത്.
അതേവർഷം തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള ബധിരനും മൂകനുമായ ആദ്യത്തെ പുരോഹിതൻ ഫാ. ജോസഫ് തേർമഠം തിരുപ്പട്ടം സ്വീകരിക്കുന്നതും. അദ്ദേഹവും തൃശൂർ ബസലിക്ക പള്ളി ഇടവകക്കാരൻ തന്നെയായിരുന്നു. 2024 മെയ് മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണം. വളരെ വ്യത്യസ്തമായ തിരുപ്പട്ട സ്വീകരണമായിരുന്നു അത്. കാരണം, ആ ചടങ്ങിൽ പ്രാർഥനകൾ, നിർദേശങ്ങൾ എന്നിങ്ങനെ എല്ലാം നടന്നത് ആംഗ്യഭാഷയിലായിരുന്നു. ബധിരരായിട്ടുള്ള കുറേപ്പേർ, വിദേശരാജ്യങ്ങളിൽ നിന്നുള്ളവർപ്പോലും ആ മഹനീയനിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
“ഒരു കൊച്ചച്ചനെന്ന നിലയിൽ ഞാൻ തിരുപ്പട്ടത്തിന്റെ ക്രമീകരണങ്ങൾ നടത്താനും മറ്റെല്ലാ കാര്യങ്ങളിലും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. വൈകിട്ട് നവവൈദികന് ആശംസകളർപ്പിക്കുന്ന ഒരു ചടങ്ങുണ്ട്. തിരുപ്പട്ടത്തിനു ശേഷമുള്ള ആ ചടങ്ങിൽ ഇടവകക്കാരെല്ലാവരും ഒത്തുകൂടുമായിരുന്നു. തൃശൂർ അതിരൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ടോണി നീലങ്കാവിൽ, നവവൈദികന് ആശംസകൾ അർപ്പിക്കാനായി സ്റ്റേജിലേക്ക് കയറി. പ്രസംഗത്തിനിടെ പിതാവ് ഒരു കാര്യം പറയുകയുണ്ടായി, ‘അടുത്ത വർഷം തൃശൂർ അതിരൂപതയിൽ നിന്നും ഒരു വൈദികനെ ആംഗ്യഭാഷ പഠിക്കുന്നതിനായി വിടുന്നതായിരിക്കും’ എന്ന്. അന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല അത് ഞാനായിരിക്കുമെന്ന്” – ആംഗ്യഭാഷ പഠിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഫാ. ഡിന്റോ വിശദമാക്കി.
പ്രോഗ്രാമെല്ലാം കഴിഞ്ഞ് ചായ കുടിക്കാനായി പിതാവ് റെഫക്ടറിയിൽ എത്തിയ സമയത്ത് വ്യക്തിപരമായി ഫാ. ഡിന്റോയോടു ചോദിച്ചു: “നമുക്ക് ഇതൊന്ന് ട്രൈ ചെയ്താലോ” എന്ന്. പിതാവിന്റെ ആ ചോദ്യത്തിന് ഡിന്റോ അച്ചൻ കൊടുത്ത ‘ഓക്കെ’ ആണ് ഇന്നിപ്പോൾ ഈ കോഴ്സ് പഠിക്കുന്നതിലേക്ക് എത്തിയത്. ഇപ്പോൾ പഠനത്തോടൊപ്പം ചെറിയ തോതിൽ ബധിര-മൂകസമൂഹത്തിനു വേണ്ടിയുള്ള ശുശ്രൂഷയും വളരെ സന്തോഷത്തോടെ ഈ കൊച്ചച്ചൻ മുന്നോട്ട് കൊണ്ടുപോകുന്നു
പഠനത്തിന് പോകുന്നതിനു മുൻപുതന്നെ ആംഗ്യഭാഷയുമായി ബന്ധപ്പെട്ട ചില അടിസ്ഥാനകാര്യങ്ങൾ യൂട്യൂബിൽ നോക്കി അച്ചൻ പഠിച്ചിരുന്നു. അങ്ങനെ ഈ കോഴ്സിന്റെ അഡ്മിഷനെക്കുറിച്ച് അന്വേഷിക്കുകയും ഈ കോഴ്സിന് ചേരുകയുമായിരുന്നു. തിരുവന്തപുരത്തുള്ള ‘നിഷ്’ (നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്) എന്ന ഈ കോളേജിൽ നോർമൽ ആയിട്ടുള്ളവരാണ് ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രറ്റേഷൻ കോഴ്സ് പഠിക്കുന്നത്. എന്നാൽ, ആ സ്ഥാപനത്തിലെ മറ്റ് കോഴ്സുകൾ പഠിക്കുന്നത് ബധിരരും മൂകരുമായ ആളുകളാണ്. അഞ്ഞൂറോളം വിദ്യാർഥികൾ ഇത്തരത്തിൽ വിവിധ കോഴ്സുകൾ ഇവിടെ പഠിക്കുന്നുണ്ട്.
നിശ്ശബ്ദമായി പഠിപ്പിക്കുന്ന അധ്യാപകർ!
ഈ കോഴ്സ് പഠിപ്പിക്കുന്ന അധ്യാപകർ ബധിരരാണെങ്കിലും പഠിക്കുന്നവർ സംസാരശക്തിയും കേഴ്വിയും ഉള്ളവരാണ്. ആംഗ്യഭാഷയിലാണ് അധ്യാപകർ ക്ലാസുകൾ എടുക്കുന്നത്. ഫാ. ഡിന്റോ ഉൾപ്പെടെയുള്ള വിദ്യാർഥികളും ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്തുന്നത്. കോഴ്സ് തുടങ്ങിയ ആദ്യനാളുകളിൽത്തന്നെ ആംഗ്യഭാഷയിലുള്ള ആശയവിനിമയം പഠിച്ചു. കാരണം, ബധിര-മൂകവിദ്യാർഥികളും ഈ കോളേജിൽ ഉണ്ടായിരുന്നതിനാൽ ആംഗ്യഭാഷ വളരെ വേഗം സ്വായത്തമാക്കാൻ കഴിഞ്ഞു. കൂടാതെ, ക്‌ളാസുകൾ കഴിഞ്ഞ് രണ്ട് മണിക്കൂറോളം ബധിരരും മൂകരുമായ വിദ്യാർഥികളോടൊപ്പം ആശയവിനിമയം നടത്താനുള്ള അവസരവും ഇവർക്കുണ്ട്.
വ്യക്തമായ ലക്ഷ്യത്തോടും ആത്മസമർപ്പണത്തോടും കൂടി
“ഞാൻ ആംഗ്യഭാഷയിൽ കുമ്പസാരം നടത്തി. കത്തോലിക്കരായ ബധിര-മൂകസമൂഹത്തിനായി ക്യാമ്പുകൾ, ക്ലാസുകൾ, വിശുദ്ധ കുർബാന മധ്യേയുള്ള വചനസന്ദേശം ഒക്കെ ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം ഒരു വൈദികൻ, ഒരു സിസ്റ്റർ അവർക്കു വേണ്ടി ആംഗ്യഭാഷ പഠിച്ച് അവരോട് ചേർന്നുനിൽക്കുക എന്നത് വളരെ സന്തോഷം പകരുന്ന ഒരു കാര്യമാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്നവരും തങ്ങൾക്ക് ആരുമില്ലെന്ന് ചിന്തിക്കുന്നവരുമായ അനേകർ അവരുടെ ഇടയിലുണ്ട്. നിരാശയിൽ കഴിയുന്ന ആളുകളും നിരവധിയാണ്. അവർക്ക് നല്ല പ്രചോദനങ്ങൾ നൽകാനോ, നയിക്കാനോ ആരുമില്ല എന്നതാണ് ഞാൻ ഈ ഫീൽഡിലേക്ക് വരാൻ കാരണം” – ഫാ. ഡിന്റോ പറയുന്നു.
മറ്റ് സാധ്യതകളെ വച്ചു നോക്കുമ്പോൾ വളരെ ഡ്രൈ ഫീൽഡ് ആണ് ഇത്. ഈ ശുശ്രൂഷയ്ക്ക് നല്ല ക്ഷമയും പ്രതിബദ്ധതയുമൊക്കെ അത്യാവശ്യമാണ്. ഫാ. ഡിന്റോയെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ഈ ശുശ്രൂഷ ചെയ്യുന്നത്. ഇപ്പോൾ എല്ലാ മാസവും ഫാ. ഡിന്റോ, തൃശൂരിൽ ബധിര-മൂകസമൂഹത്തിനായുള്ള വിശുദ്ധ കുർബാനയിൽ സഹായിക്കാനായി പോകുന്നുണ്ട്. പ്രസംഗത്തിന്റെ സമയത്ത് ആംഗ്യഭാഷയിൽ വ്യാഖ്യാനിച്ച് കൊടുക്കാറുണ്ട്. അങ്ങനെ ചെറിയചെറിയ രീതിയിൽ ഈ ഫീൽഡിലേക്ക് ഡിന്റോ അച്ചൻ ഇറങ്ങിത്തുടങ്ങി.
ആംഗ്യഭാഷ അറിയാവുന്നവർ ചുരുക്കം; സഹായം വേണ്ടവർ നിരവധി
കത്തോലിക്കാ മിനിസ്ട്രിയോടൊപ്പം മറ്റ് പല തരത്തിലും സഹായം ആവശ്യമുള്ളവരാണ് ബധിര-മൂകസമൂഹത്തിലുള്ളത്. അവർക്ക് എന്തെങ്കിലും കേസുകൾ ഉണ്ടെങ്കിൽ അവരുടെ കൂടെ പൊലീസ് സ്റ്റേഷനിൽ പോകുക, കോടതിയിൽ പോകേണ്ട സാഹചര്യമുണ്ടെങ്കിൽ സഹായിക്കുക, ആശുപത്രിയിൽ കൊണ്ടുപോകുക എന്നിങ്ങനെ നീളുന്നു അവരുടെ അടിയന്തര ആവശ്യങ്ങൾ. ഒരു വ്യാഖ്യാതാവെന്ന നിലയിൽ ആംഗ്യഭാഷയിൽ ഈ സാഹചര്യങ്ങളിലെല്ലാം ഇവരെ സഹായിക്കേണ്ടത് ആവശ്യമാണ്.
“കഷ്ടപ്പെട്ട് ചെയ്യുന്നതിനേക്കാൾ ഇഷ്ടപ്പെട്ടു ചെയ്യുക. അതാണ് ഈ മേഖലയിൽ ഏറ്റവും അനിവാര്യമായത്. ബുദ്ധിമുട്ടായി കണ്ടാൽ അതിനെ സ്നേഹിക്കാൻ സാധിക്കുകയില്ല. യഥാർഥത്തിൽ ഈ ശുശ്രൂഷ വിളിക്കുള്ളിലെ ഒരു വിളിയാണ്” – ഡിന്റോ അച്ചൻ തികഞ്ഞ സന്തോഷത്തോടെ പറയുന്നു.
വചനപ്രഘോഷകനാകാൻ ആഗ്രഹിച്ചയാൾ ചെയ്യുന്ന നിശ്ശബ്ദപ്രഘോഷണം
ഒരു വചനപ്രഘോഷകനാകാൻ ആഗ്രഹിച്ച വൈദികനാണ് ഫാ. ഡിന്റോ. എന്നാൽ, ഇന്ന് അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ശുശ്രൂഷയാണ് അദ്ദേഹം ചെയ്യുന്നത്. അത്യാവശ്യം പാട്ടും പ്രസംഗവുമൊക്കെ അറിയാവുന്നതുകൊണ്ട് പലരും അതൊക്കെ നഷ്ടമാകുമല്ലോ എന്നുപറഞ്ഞ് ഈ ഉദ്യമത്തെ എതിർത്തിരുന്നു. എങ്കിലും അച്ചൻ പിന്നോട്ട് പോയില്ല. തന്റെ വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം മുന്നോട്ടുതന്നെ പോയി.
നൃത്തം ചെയ്യാനുള്ള കഴിവും ഡിന്റോ അച്ചനെ പുതിയ ദൗത്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. കാരണം, ആംഗ്യഭാഷയിൽ പ്രധാനമായും അഭിനയം, കൈകളുടെ ചലനങ്ങൾ, ഓറിയന്റേഷൻ, എക്‌സ്പ്രഷൻ ഇവയൊക്കെ ഉൾപ്പെടുന്നു. അതിനാൽ, നൃത്തം ചെയ്യാനുള്ള അച്ചന്റെ കഴിവ് ആംഗ്യഭാഷ പഠിക്കാൻ കൂടുതൽ സഹായകമായി; നിരീക്ഷണപാടവവും അതിൽ വളരെ പ്രധാനപ്പെട്ടതാണ്.
“ഇവരുമായി കൂടുതൽ അടുത്തിടപഴകാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ ജീവിതത്തിലും കാഴ്ചപ്പാടിലും വളരെയധികം മാറ്റങ്ങൾ വന്നുതുടങ്ങി. ഉദാഹരണത്തിന്, രണ്ടുപേർ വഴിയിലൂടെ സംസാരിച്ച് കടന്നുപോകുമ്പോൾ സാധാരണ ആളുകളുടെ നേരെ നോക്കി സംസാരിച്ചുകൊണ്ട് നടക്കാം. എന്നാൽ, ഇവരോട് സാംസാരിക്കുമ്പോൾ അവരെ മാത്രം നോക്കിക്കൊണ്ടുവേണം സംസാരിക്കാൻ. കാരണം, അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കാൻ അതാണ് ഏകവഴി. അത് കുറച്ചു നേരം മാത്രം പോരാ. കൈകൾ കൊണ്ടുള്ള ആംഗ്യഭാഷ ആയതിനാൽ മുഴുവൻ സമയവും നോക്കണം. അതിനൊക്കെ വളരെയേറെ ക്ഷമ ആവശ്യമാണ്. അങ്ങനെ ഞാൻ കുറച്ചും കൂടി ക്ഷമയുള്ള ഒരാളായി. അതിലൂടെ എന്റെ കാഴ്ചപ്പാടും കുറെ മാറി” – അച്ചൻ വിശദമാക്കി.
വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും ഇടയിൽ നിന്നും ആംഗ്യഭാഷ പഠിക്കാനായി കൂടുതൽ പേർ കടന്നുവരണമെന്നാണ് ഡിന്റോ അച്ചന്റെ ആഗ്രഹം. നിരാശയിൽ കഴിയുന്ന നിരവധിപ്പേരുണ്ട് ഈ സമൂഹത്തിൽ. അവരെ മാനസികമായി സഹായിക്കാൻ ഇവർക്കു വേണ്ടിയുള്ള കൗൺസലിംഗ് പഠിക്കാനും ഇതോടൊപ്പം തന്നെ അച്ചൻ തയ്യാറെടുക്കുന്നു. തന്റെ കഴിവും സമയവുമെല്ലാം ബധിര-മൂകസമൂഹത്തിനു വേണ്ടി നൽകാൻ സന്നദ്ധനായിരിക്കുന്ന ഫാ. ഡിന്റോയ്ക്ക് ലൈഫ്ഡേയുടെ ആശംസകളും പ്രാർഥനകളും!
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




