
“നാം തിന്മയുടെ ഏറ്റവും ഭീകരമായ മുഖം കണ്ടു, ഒപ്പം നന്മയുടെ ഏറ്റവും മഹത്തായ രൂപവും. എന്നാൽ അന്തിമ വിജയം എപ്പോഴും നന്മയ്ക്ക് തന്നെയാണ്” – ലോകത്തെ വിറപ്പിച്ച വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട പോൾ കാരിസിന്റെ വാക്കുകളാണ് ഇത്. ഇന്ന് ലോകം കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കുന്ന ആ ആക്രമണത്തിന്റെ തിന്മയുടെ വശത്തെ ഉയർത്തിപ്പിടിക്കാതെ അതിൽ നിന്നും ഉൾക്കൊണ്ട നന്മയുടെ പാഠങ്ങളെ ലോകത്തിനു മുൻപിൽ തന്റെ ജീവിത മാതൃകയിലൂടെ ഉയർത്തിക്കാട്ടുകയാണ് ഇന്ന് പോൾ കാരിസ്.
കോണിപ്പടിയിലെ മാലാഖ
2001 സെപ്റ്റംബർ 11-ന്റെ പ്രഭാതം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത ഏടുകളിലൊന്നാണ്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഇരട്ടഗോപുരങ്ങളിലേക്കും പെന്റഗണിലേക്കും വിമാനങ്ങൾ ഇടിച്ചുകയറിയപ്പോൾ, ഷാങ്ക്‌സ്‌വില്ലിലെ വിജനമായ പാടശേഖരത്തിൽ യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 തകർന്നുവീണപ്പോൾ ഒരു നിമിഷം എങ്കിലും ലോകം നിശ്ചലമായി. വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിൽ വിമാനം ഇടിച്ചുകയറുമ്പോൾ പോൾ കാരിസ് എന്ന 46-കാരൻ തന്റെ ഓഫീസിലിരിക്കുകയായിരുന്നു. കെട്ടിടം ചരിഞ്ഞുലഞ്ഞപ്പോൾ ജീവനുംകൊണ്ട് ഓടാൻ ശ്രമിച്ച അദ്ദേഹം, ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് പടവുകളിൽ വീണുപോയ ജൂഡിത്ത് ടോപ്പിൻ എന്ന സഹപ്രവർത്തകയെ കണ്ടുമുട്ടി. മറ്റ് പലരും സ്വന്തം ജീവൻ രക്ഷിക്കാൻ ഓടിയപ്പോൾ പോൾ അവരെ ഉപേക്ഷിച്ചില്ല. അവരെയും ചേർത്തുപിടിച്ച് 71 നിലകൾ പതുക്കെയിറങ്ങി അദ്ദേഹം വെളിയിലെത്തി. അവർ പുറത്തുകടന്ന് സെക്കന്റുകൾക്കുള്ളിൽ ഗോപുരം നിലംപൊത്തി.
മനസിനെ ഉലച്ച ചോദ്യവും ഒരു ഡീക്കന്റെ ജനനവും
ആക്രമണത്തിന്റെ ഭീകരത കെട്ടടങ്ങിയ ശേഷം ജൂഡിത്ത് ടോപ്പിൻ “Angels Walk Among Us” (മാലാഖമാർ നമുക്കിടയിൽ നടക്കുന്നു) എന്ന തലക്കെട്ടിൽ എഴുതി. ഈ ലേഖനത്തിൽ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന പോളിനെ ഒരു മാലാഖയായി വിശേഷിപ്പിച്ചു. ആ വിശേഷണം അനേകം വായനക്കാരെ സംബന്ധിച്ചിടത്തോളം ഒരു അനുഭവക്കുറിപ്പ് മാത്രമായിരുന്നു എങ്കിൽ പോളിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആത്മീയ മാറ്റത്തിന്റെ തുടക്കം ആയിരുന്നു അത്. ഈ വിശേഷണം പോളിന്റെ ഉള്ളിൽ വലിയൊരു ചോദ്യമുയർത്തി: “ഞാൻ ശരിക്കും അത്ര നല്ലൊരു കത്തോലിക്കനായിരുന്നോ?”
ഉള്ളിൽ തട്ടിയുള്ള ആ ചോദ്യത്തിലൂടെ തന്റെ ജീവിതത്തിൽ ദൈവവുമായുള്ള ബന്ധം എത്രത്തോളം അകന്നുപോയിരുന്നുവെന്ന് പോൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അദ്ദേഹത്തെ ആത്മീയ പാതയിലേക്ക് നയിച്ചു. വർഷങ്ങൾക്ക് ശേഷം ന്യൂവാർക്ക് അതിരൂപതയിൽ സ്ഥിരം ഡീക്കനായി അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 2021-ൽ ജൂഡിത്ത് മരണമടയുന്നത് വരെ അവർ അടുത്ത സുഹൃത്തുക്കളായി തുടർന്നു; പോളിന്റെ ഡീക്കൻപ്പട്ട സ്വീകരണ ശുശ്രൂഷയിൽ പങ്കെടുക്കാൻ ജൂഡിത്തുമുണ്ടായിരുന്നു.
9/11 ദുരന്തം ഇരുട്ടുനിറച്ച ലോകത്ത്, സാർവത്രിക സഭ എങ്ങനെയാണ് ക്രിസ്തുവിന്റെ പ്രകാശമായി മാറി പ്രത്യാശ പകർന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. മനുഷ്യൻ തിന്മയ്ക്ക് മുന്നിൽ തളരുമ്പോഴും, ദൈവീക സ്നേഹവും കരുണയും ഏറ്റവും ലളിതമായ മാനുഷിക പ്രവൃത്തികളിലൂടെ അവരിലേക്ക് ഒഴുകിയെത്തുമെന്ന വലിയ പാഠമാണ് ഈ 25 വർഷങ്ങൾ നമുക്ക് പകരുന്നത്.




