പൂക്കളെയും മരങ്ങളേയും സ്നേഹിച്ച ബെനഡിക്ട് പാപ്പാ: ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസിന്റെ ഓർമ്മകളിൽ നിറയുന്ന ബെനഡിക്ട് പിതാവ് 

സി. സൗമ്യ DSHJ

ബെനഡിക്ട് പാപ്പയെ ഓര്‍ക്കുമ്പോള്‍… ബാല്യത്തിൽ വനത്തിലൂടെ നടന്ന് പൂക്കൾ പറിച്ചതും തടാകത്തിൽ നിന്ന് മീൻപിടിച്ചതും അദ്ദേഹം ഞങ്ങളോടു പറഞ്ഞിരുന്നു. പല പ്രൊഫസർമാരും കാറിൽ യാത്ര ചെയ്യുമ്പോൾ പ്രൊഫസർ ജോസഫ് റാറ്റ്‌സിംഗർ ബസിൽ വിദ്യാർത്ഥികളോടൊത്ത് സഞ്ചരിച്ചിരുന്നു. സർവ്വകലാശാലയിൽ 300-400 പേർക്ക് വരെ ഇരിക്കാവുന്ന ലക്ചർ ഹാളുകളിൽ അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാനായി കസേരകൾ തികയാതെ നിലത്തിരുന്ന് അദ്ദേഹത്തെ ശ്രവിക്കുന്ന വിദ്യാർത്ഥികളെ ഞാൻ കണ്ടിട്ടുണ്ട്. റേഗൻസ് ബുർഗിൽ  ബെനഡിക്ട് പാപ്പയുടെ ക്‌ളാസുകളിലുണ്ടായിരുന്ന യാക്കോബായ ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസിന്റെ ഓർമ്മകൾ. തുടർന്നു വായിക്കുക.       

2022 വിടപറയുന്ന ദിവസം ഇരുപതാം നൂറ്റാണ്ടു കണ്ട, കത്തോലിക്കാ സഭയുടെ ഏറ്റവും പ്രശസ്തനായ ദൈവശാസ്ത്രജ്ഞനും പണ്ഡിതനും മാർപാപ്പായും ആയിരുന്ന ബെനഡിക്ട് പതിനാറാമൻ വിടപറഞ്ഞത് ഏറെ ദുഃഖത്തോടെയാണ് ലോകം ശ്രവിച്ചത്. 2017 ഫെബ്രുവരി 28 ന് ഉന്നതമായ പദവിയായ കത്തോലിക്കാ സഭയുടെ തലവൻ എന്ന തന്റെ സ്ഥാനം ത്യാഗം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ജീവിതം കൊണ്ടും, ശക്തവും വ്യക്തവുമായ നിലപാടുകൾ കൊണ്ടും ലോകത്തിൽ ശ്രദ്ധേയനായ ബനഡിക്ട് പതിനാറാമൻ എന്ന ജോസഫ് റാറ്റ്‌സിംഗറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്.

പ്രൊഫസർ ജോസഫ് റാറ്റ്‌സിംഗർ മാർപാപ്പയാകുന്നതിനു മുമ്പ് ജർമനിയിലെ റേഗൻസ് ബുർഗ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്നു. ആ യൂണിവേഴ്സിറ്റിയിൽ പുതിയനിയമത്തിലായിരുന്നു ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് ഡോക്ടറേറ്റ് ചെയ്തത്. ആഴമേറിയ ദൈവശാസ്ത്ര വിഷയങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നിരുന്ന അദ്ധ്യാപകൻ – ബിഷപ്പ് ഡോ. കുര്യാക്കോസിന്റെ ഓർമ്മകളിൽ അതാണ് ജോസഫ് റാറ്റ്‌സിംഗർ എന്ന അധ്യാപകൻ. ക്ലാസുകളിൽ മാത്രമല്ല, ജീവിതത്തിലും ആ ലാളിത്യം പാപ്പാ കാത്തുസൂക്ഷിച്ചിരുന്നു.

റേഗൻസ് ബുർഗ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കർദ്ദിനാൾ റാറ്റ്സിംഗർ

“ഞാൻ ആദ്യമായി ബെനഡിക്ട് പാപ്പായെ നേരിൽ കാണുന്നതും പരിചയപ്പെടുന്നതും റേഗൻസ് ബുർഗ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറൽ സ്റ്റഡീസിനായി ചെന്ന സമയത്താണ്. കർദ്ദിനാളായതിനുശേഷവും അദ്ദേഹം ക്ലാസുകൾ നൽകാനായി യൂണിവേഴ്‌സിറ്റിയിൽ ഇടക്ക് വരുമായിരുന്നു. ലക്ചർ ഹാളിൽ കർദ്ദിനാൾ റാറ്റ്‌സിംഗറിൽ കണ്ടിരുന്നത് ബുദ്ധിരാക്ഷസനും അറിവിന്റെ നിറകുടവും ആനുകാലികതയുടെ അവസാന നിമിഷത്തെക്കാര്യങ്ങൾ പോലും നിശ്ചയമുള്ള ഒരു ഉത്തമ പ്രൊഫസറെയാണ്. വെല്ലുവിളിക്കുന്നതും ചൊടിപ്പിക്കുന്നതുമായ ചോദ്യങ്ങൾക്ക് ആസ്വദിച്ച് മറുപടി നൽകുന്ന ഗുരുശ്രേഷ്ഠൻ. സർവ്വകലാശാലയിൽ 300-400 പേർക്ക് വരെ ഇരിക്കാവുന്ന ലക്ചർ ഹാളുകളുണ്ട്. പ്രൊഫ. റാറ്റ്‌സിംഗർ വരുമ്പോൾ അവ നിറഞ്ഞു കവിയും. ദൈവശാസ്ത്ര വിദ്യാർത്ഥികൾ മാത്രമല്ല ശാസ്ത്ര, സാമൂഹ്യ വിഷയം പഠിക്കുന്നവരും അദ്ദേഹത്തിന്റെ ക്ലാസ് കേൾക്കാനെത്തും. കസേരകൾ തികയാതെ നിലത്തിരുന്ന് അദ്ദേഹത്തെ ശ്രവിക്കുന്ന വിദ്യാർത്ഥികളെ ഞാൻ കണ്ടിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ സെവൻ കോഴ്‌സ് ഭക്ഷണം കഴിച്ച സംതൃപ്തി. ക്ലാസിൽ പണ്ഡിതനും അറിവിൽ ധനികനുമായ പ്രൊഫ. റാറ്റ്‌സിംഗർ പുറത്തിറങ്ങിയാൽ പിന്നെ സാധാരണക്കാരൻ ആണ്. മറ്റു പ്രൊഫസർമാർ പലരും കാറിൽ യാത്ര ചെയ്യുമ്പോൾ യാത്രാ ബസിൽ വിദ്യാർത്ഥികളോടൊത്ത് സഞ്ചരിച്ചിരുന്നു അദ്ദേഹം. ദൈവശാസ്ത്രത്തിന്റെ അത്യുന്നത ശൃംഗങ്ങളിൽ നിൽക്കുമ്പോഴും പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ തൊട്ടറിയുന്ന റാറ്റ്‌സിംഗറെയും എനിക്കു കാണാൻ കഴിഞ്ഞു.” ഓർമ്മകളിലെ ആ നല്ല അദ്ധ്യാപകനെ ബിഷപ്പ് ഓർത്തെടുക്കുന്നു.

സരസമായി സംസാരിച്ചിരുന്ന പാപ്പാ

“ഒരിക്കൽ അദ്ദേഹം ക്ലാസ് കഴിഞ്ഞപ്പോൾ എന്റെ തിസീസ് ഗൈഡ് ആയ പ്രൊഫ. ഡോ. ഹുബർട്ട് റിറ്റ് അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. കൂടെ ഞങ്ങളിൽ കുറേ വിദ്യാർഥികളെയും. ഓസ്ട്രിയക്കാരനായ പ്രൊഫ. റിറ്റിനോട് അദ്ദേഹം തമാശയായി പറഞ്ഞു: ‘എന്റെ ചെറുപ്പകാലത്ത് ഞാൻ നിങ്ങളുടെ രാജ്യത്ത് നിന്ന് മോഷണം നടത്തിയിട്ടുണ്ട്’. ഇതുകേട്ട് അമ്പരന്ന പ്രൊഫ. റിറ്റിന്റെയും ഞങ്ങളുടെയും മുന്നിൽ ആ മഹാനായ മനുഷ്യൻ ഒരു കൊച്ചുകുട്ടിയായി. അദ്ദേഹം തുടർന്നു. തന്റെ കുടുംബം രണ്ടാമത് താമസിച്ച ജർമനിയിലെ റിറ്റ്‌മോണിംഗ് എന്ന സ്ഥലം ഓസ്ട്രിയയുടെ അതിർത്തിയിലായിരുന്നു. വല്ലപ്പോഴും അമ്മയുടെ കൂടെ വനത്തിലൂടെ നടക്കാൻ പോകും. വനത്തിൽ നിന്ന് സാലഡ് ഇലകളും കൂണുകളും പറിച്ചെടുക്കും. ആ വനം ഓസ്ട്രിയയുടെ ഭാഗമായിരുന്നു. ഈ മോഷണം രാഷ്ട്രീയ തടവിനുള്ള കുറ്റമാണോ എന്ന് ചോദിച്ച് അദ്ദേഹം ഞങ്ങളുടെ ചിരിയിൽ പങ്കുചേർന്നു. ഒരിക്കൽ അദ്ദേഹം ഞങ്ങളോട് ചോദിച്ചു: ‘നിങ്ങളിൽ ഹോസ്റ്റൽ താമസം ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട്? സ്പോർട്ട്സുകാർ എത്രപേരുണ്ട്?’ കുറച്ചുപേർ കൈപൊക്കി. അദ്ദേഹം അവരോട് പറഞ്ഞു: ‘നമ്മൾ തമ്മിൽ ചേരില്ലാട്ടോ.’ അതിനു കാരണമായി അദ്ദേഹം ഒരു കഥ പറഞ്ഞു; ’12 വയസുള്ളപ്പോൾ ട്രവൻസ്‌റ്റൈൻ എന്ന സ്ഥലത്തെ അച്ചന്റെ നിർബന്ധപ്രകാരം കുട്ടികളുടെ സെമിനാരിയിലേക്ക് എന്നെ അയയ്ക്കാൻ തീരുമാനിച്ചു. സെമിനാരിയിൽ പഠിച്ച ചേട്ടൻ സെമിനാരിയെക്കുറിച്ചു പറഞ്ഞപ്പോൾ അവിടത്തെ ഹോസ്റ്റലിൽ താമസിക്കാൻ തിടുക്കമായി. പക്ഷേ ഹോസ്റ്റലിലെ ജീവിതം തുടങ്ങിയപ്പോഴേ മനസിലായി ഈ വാസത്തിനു പറ്റിയവനല്ല ഞാനെന്ന്. ദിവസവും രണ്ടുമണിക്കൂർ നേരത്തെ സ്‌പോർട്‌സ് ആയിരുന്നു ഇന്നും ഓർക്കാൻ പറ്റാത്തത്. യൂറോപ്പിൽ യുദ്ധം തുടരുകയും അധികം താമസിയാതെ ഹോസ്റ്റൽ അടയ്ക്കുകയും ചെയ്തു. വീട്ടിൽ നിന്നും പോയിവരാൻ തുടങ്ങി. സ്‌പോർട്‌സിനു പകരം ഞങ്ങളെ വനത്തിലൂടെ നടക്കാൻ കൊണ്ടുപോകും. ആ ദിവസങ്ങൾ ഇന്നും നല്ല ഓർമ്മകളാണ് നൽകുന്നത്. ആ നടത്തത്തിനിടയിൽ ഞങ്ങൾ പൂക്കൾ പറിക്കും തടാകത്തിൽ നിന്ന് മീൻപിടിക്കും’. – പുറമെ പരുക്കനെന്നു തോന്നുന്ന ബെനഡിക്ട് പാപ്പാ വളരെ എളിയ മനുഷ്യനായിരുന്നുവെന്ന് ഈ അനുഭവങ്ങളിൽ നിന്നും വ്യക്തം.”

മാർപാപ്പ ആയതിനു ശേഷവും ഒരു നല്ല പിതാവിനടുത്ത സ്നേഹം കാത്തുസൂക്ഷിച്ചയാൾ

മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള കൂടിക്കാഴ്ചയിൽ പ്രൊഫെസറിൽ നിന്നും ദൈവശാസ്ത്രജ്ഞനിൽ നിന്നും സ്‌നേഹവത്സലനായ ഒരു പിതാവിലേക്കുള്ള മാറ്റമാണ് അദ്ദേഹത്തിൽ ഞാൻ കണ്ടത്. മാർപാപ്പയാകാനുള്ള നിയോഗം വന്നപ്പോൾ പ്രാർത്ഥിച്ചു ദൈവഹിതത്തിനു വഴങ്ങി. പിന്നീട് തന്റെ ആരോഗ്യപ്രശ്‌നങ്ങളും സാഹചര്യവും ഭൂമിയിലെ ഏറ്റവും ഉന്നതമായ സ്ഥാനത്തു തുടരുന്നതിന് പ്രതിബന്ധമാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിരമിച്ചശേഷവും ശേഷിക്കുന്ന ജീവിതകാലം ഒരു ആശ്രമത്തിൽ പ്രാർത്ഥനയും ധ്യാനവും പഠനവുമായി കഴിയാൻ ആഗ്രഹിച്ചു.

മാർപാപ്പയായതിന് ശേഷം വത്തിക്കാനിൽ വച്ച് 2006 ജനുവരി 25 നാണ് ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത്. കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളും തമ്മിലുള്ള സംവാദങ്ങൾക്കുള്ള അന്തർദേശീയ ഡയലോഗ് കമ്മിഷന്റെ മീറ്റിംഗ് വത്തിക്കാനിലായിരുന്നു. ജനുവരി 25 -ന് കമ്മീഷൻ അംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കമ്മിഷനിലെ അംഗങ്ങൾ വ്യക്തിപരമായി അദ്ദേഹത്തെ പരിചയപ്പെടുന്ന കുട്ടത്തിൽ എന്റെ ഊഴം വന്നു. അദ്ദേഹത്തിന്റെ മാതൃഭാഷയായ ജർമൻ ഭാഷയിലെ ബവേറിയൻ ഡയലക്റ്റിൽ അദ്ദേഹത്തെ ഞാൻ സംബോധന ചെയ്ത ഉടനെ തന്നെ ഇടയ ശ്രേഷ്ഠന്റെ മൃദുവും സരസവുമായ മറുപടിയും വന്നു. ”ഇടയ്ക്കുള്ള നമ്മുടെ ഈ കൂടിക്കാഴ്ച എന്റെ മാതൃഭാഷ മറക്കാതിരിക്കാൻ ഉപകരിക്കും.” പിന്നീട് ഏതാനും വാക്കുകൾ സഭയെക്കുറിച്ച്, പരിശുദ്ധ അന്തോക്യാ പാത്രിയർക്കീസ് ബാവയെക്കുറിച്ച്, റേഗൻസ് ബുർഗിനെക്കുറിച്ച്… ബിഷപ്പ് ഓർമ്മകൾ ചികഞ്ഞെടുത്തു…

“നമ്മൾ പുറമെ കാണുന്ന, അധികം ആളുകളുമായി വലിയ ബന്ധം പുലർത്താത്ത ഒരു വ്യക്തിയല്ല യഥാർത്ഥത്തിൽ ബെനഡിക്ട് പാപ്പാ. അദ്ദേഹം ഒരിക്കലും അധികാരത്തിന്റെ പുറകെ നടന്ന ഒരാളല്ല. അദ്ദേഹത്തിന് യഥാർത്ഥത്തിൽ കർദ്ദിനാൾ ആകാൻ പോലും താത്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു നല്ല പണ്ഡിതൻ ആയിരുന്നു. നല്ല എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനും ആണ്. അതോടൊപ്പം വളരെ ഭക്തനായ ഒരു മനുഷ്യനായിരുന്നു. പുറം ജാഡകൾ ഒന്നും ഇല്ലാത്ത ഒരു സദാ മനുഷ്യൻ. അദ്ദേഹം വളരെ ഭക്തിയോടുകൂടി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു.” ബിഷപ്പിന്റെ ഓർമ്മകളിൽ പാപ്പായുമായി നേരിൽ കണ്ട നിമിഷങ്ങൾ നിറയുന്നു.

‘ബനഡിക്റ്റ് മാർപാപ്പയുടെ സ്ഥാനത്യാഗത്തിന്റെ പൊരുൾ അറിയണമെങ്കിൽ ജോസഫ് റാറ്റ്‌സിംഗറെന്ന മനുഷ്യനെ അറിയണം’

“ബെനഡിക്ട് പതിനാറാമന്റെ സ്‌നേഹ തളിരിതമായ മുഖം പലർക്കും പരിചയമുണ്ടാവില്ല. ബനഡിക്റ്റ് മാർപാപ്പയുടെ രാജിയുടെ പൊരുൾ അറിയണമെങ്കിൽ ജോസഫ് റാറ്റ്‌സിംഗറെന്ന മനുഷ്യനെ അറിയണം. യേശുക്രിസ്തുവിലും നിത്യജീവനിലും വിശ്വസിക്കുന്ന കറതീർന്ന ഭക്തൻ, പ്രാർത്ഥനായോഗി, ആരാധനാ മനുഷ്യൻ, സമാനതകളില്ലാത്ത ദൈവശാസ്ത്രജ്ഞൻ, അറിവിന്റെ നിറകുടമായ ഗുരുശ്രേഷ്ഠൻ ഇതെല്ലാമാണങ്കിലും കർദിനാൾ റാറ്റ്‌സിംഗർ ഒരിക്കലും മാർപാപ്പയാകാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം ഭരണപരമായ കാര്യങ്ങളേക്കാൾ പ്രാർഥനയും പഠനവും എഴുത്തും ആയിരുന്നു അദ്ദേഹത്തിനു പ്രിയം. റേഗൻസ് ബുർഗ് യൂണിവേഴ്‌സിറ്റിയിൽ നിന്നു മ്യൂണിച്ചിലെ കർദ്ദിനാളായി പോകാൻ പോലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തന്റെ ദൈവശാസ്ത്ര ചിന്തകൾ രൂപപ്പെടുത്തിയ റേഗൻസ് ബുർഗ് സർവകലാശാലയിൽ വരുന്നതും പ്രഭാഷണം നൽകുന്നതും ഏറ്റവും സന്തോഷകരമാണെന്ന് അദ്ദേഹം പറയുമായിരുന്നു. അവിടെ വരാൻ മറ്റൊരു കാരണവും അദ്ദേഹത്തിനുണ്ടായിരുന്നു. സഹോദരനും സംഗീതജ്ഞനുമായ ഫാ. ജോർജ് റാറ്റ്‌സിംഗറും സഹോദരി മറിയയുമൊത്തു സന്തോഷമായി കഴിഞ്ഞ പൂന്തോട്ടമുള്ള തന്റെ കൊച്ചുവീട്ടിൽ ഇടയ്ക്കു താമസിക്കാനുള്ള ആഗ്രഹം. ‘പോപ്പിന്റെ വീട്’ എന്ന പേരിൽ റേഗൻസ് ബുർഗിനടുത്ത് പെന്റ്‌ലിംഗ് എന്ന സ്ഥലത്ത് ആ വീട് ഇപ്പോഴുമുണ്ട്. ആ വീട് ഞാനും സന്ദർശിച്ചിട്ടുണ്ട്.”

റേഗൻസ്ബുർഗിലെ കത്തോലിക്കാ സെമിനാരിയിൽ ബെനഡിക്ട് പാപ്പായുടെ പുസ്തകങ്ങളും എഴുത്തുകളും മാത്രം ഉൾക്കൊളളുന്ന ഒരു  ലൈബ്രറി തന്നെയുണ്ട്. ബെനഡിക്ട് പിതാവിന്റെ മാത്രം എഴുത്തുകൾ ഉൾക്കൊള്ളുന്ന ലൈബ്രറി! ആയിരകണക്കിന് പുസ്തകങ്ങളും ജേർണലുകളും അദ്ദേഹത്തിന്റേതായിട്ട് അവിടെ ഉണ്ട്.

യാക്കോബായ സഭയെ, ആരാധനാക്രമത്തെ സ്നേഹിച്ച മാർപാപ്പ

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഒരു ദൈവശാസ്തജ്ഞനായിരുന്നു ആദ്ദേഹം. പകരം വയ്ക്കാനില്ലാത്ത ഒരു ദൈവശാസ്തജ്ഞൻ. “ഞാനിപ്പോൾ യാക്കോബായ സഭയുടെ ഒരു ബിഷപ്പാണല്ലോ. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത, തന്നെ ഭരമേല്പിച്ച അപ്പസ്തോലിക വിശ്വാസത്തെയും ദൗത്യത്തെയും വിശ്വാസത്തോടെ സ്നേഹിച്ച, സേവനം ചെയ്ത ഒരു മഹദ് വ്യക്തി എന്നതായിരുന്നു. അതുകൊണ്ടു തന്നെ ഓർത്തഡോക്സ് സഭകളോട് അദ്ദേഹത്തിന് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. കാരണം, ഓർത്തഡോക്സ് സഭയുടെ ദൈവശാസ്ത്രവും അതിന്റെ ആത്മീയതയും പ്രത്യേകിച്ച് ലിറ്റർജിയുമൊക്കെ അദ്ദേഹം വളരെ  ഇഷ്ടപ്പെട്ടിരുന്നു. “നിങ്ങളുടെ ആരാധനാക്രമം വളരെ സമ്പന്നമാണ്. അതിന്റെ ആത്മീയത വളരെ മനോഹരമാണ്.” – ബെനഡിക്ട് പാപ്പാ പറയുമായിരുന്നു. ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം എപ്പോഴും  കാത്തുസൂക്ഷിക്കുവാൻ അദ്ദേഹം താത്പര്യപ്പെട്ടു. ” – ബിഷപ്പ് ഓർത്തെടുക്കുന്നു.

“അധികാരവും സ്ഥാനമാനവും പലർക്കും ബലഹീനതയും പ്രലോഭനവുമാണ്. അധികാരവും ആധിപത്യവും നിലനിർത്താൻ ഏതു വഴിയും തേടുന്നവർക്ക് ബെനഡിക്ട് പാപ്പാ ഭീരുവും മഠയനുമായിരിക്കും. എന്നാൽ തന്റെ വലിയ ത്യാഗത്തിലൂടെ പുതിയ മാതൃക കാട്ടിയ ബനഡിക്റ്റ് മാർപാപ്പ ദൈവസാക്ഷ്യത്തിന്റെയും പരിത്യാഗത്തിന്റെയും മകുടോദ്ദാഹരണവും ക്രൈസ്തവ ലോകത്തിന് അഭിമാനവുമായി ചരിത്രത്തിന്റെ ഏടുകളിൽ എന്നും നിലനിൽക്കും.”

ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് ഇപ്പോൾ യാക്കോബായ സഭയുടെ മുളന്തുരുത്തിയിലുള്ള വൈദിക സെമിനാരിയുടെ റസിഡന്റ് മെത്രാപ്പോലീത്തയും അവിടുത്തെ പ്രഫസറും ആണ്. അതോടൊപ്പം യാക്കോബായ സഭയുടെ എക്യുമെനിക്കൽ വിഭാഗത്തിന്റെ അധ്യക്ഷനും യൂറോപ്പ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയുമാണ്. കത്തോലിക്കാ സഭയും യാക്കോബായ സഭയും തമ്മിലുള്ള ഡയലോഗ് കമ്മീഷന്റെ കോ – ചെയർമാൻ, കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള അന്താരാഷ്ട ദൈവശാസ്ത്ര കമ്മീഷനിലെ അംഗം, വിയന്ന ആസ്ഥാനമായുള്ള  ‘പ്രൊ ഓറിയെന്റെ’ ലിലെ അംഗം, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC) ലെ ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷൻ  അംഗം, യാക്കോബായ സഭയുടെ സഭാ വക്താവ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന ആളാണ് ബിഷപ്പ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്.

തയാറാക്കിയത്: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.