
വൈദികരുടെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ സംബന്ധിക്കുമ്പോള്‍ ജോര്‍ജച്ചന്‍ പറയുമായിരുന്നു: “എത്രയോ കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടാണ് ഈ അച്ചന്‍ കടന്നുപോകുന്നത്. ഞാന്‍ മരിക്കുമ്പോഴും എത്ര കുര്‍ബാനകള്‍ അര്‍പ്പിച്ചാണ് കടന്നുപോകുന്നത് എന്ന് അനുസ്മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” 54 വര്‍ഷത്തെ പൗരോഹിത്യജീവിതത്തിൽ ഏകദേശം പത്തൊന്‍പതിനായിരം കുര്‍ബാനകളാണ് അച്ചന്‍ അര്‍പ്പിച്ചിട്ടുണ്ടാകുക. അര്‍പ്പിച്ച ഈ കുര്‍ബാനകളുടെ യോഗ്യതയാലും മറ്റ് സദ് പ്രവര്‍ത്തികളാലും അച്ചനെ സ്വര്‍ഗരാജ്യത്തില്‍ ദൈവം സ്വീകരിക്കട്ടെ. ഫാ. ജോര്‍ജ് കിഴക്കേമുറി എംസിബിഎസ്: ജീവിതരേഖ. തുടർന്നു വായിക്കുക.
“ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു” (2 തിമോ 4:7).
ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തിന്റെ (MCBS) മുൻ സുപ്പീരിയർ ജനറലും കോഴിക്കോട് സയൺ പ്രൊവിൻസിന്റെ മുൻ പ്രൊവിൻഷ്യലുമായിരുന്ന റവ. ഫാ. ജോർജ് കിഴക്കേമുറി എംസിബിഎസ്, ഈ ഭൂമിയിലെ ജീവിതം പൂര്‍ത്തിയാക്കി, നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. സഭയോടുള്ള അടിയുറച്ച സ്നേഹവും ശുശ്രൂഷാജീവിതത്തിലെ വിനയവും എല്ലാവരോടും നന്മ നിറഞ്ഞ പെരുമാറ്റവും വാർധക്യസഹജമായ രോഗങ്ങളോടുള്ള ശാന്തമായ സമീപനവും വഴി അദ്ദേഹം തന്റെ സന്ന്യാസജീവിതം ധന്യമാക്കി. 2026 മെയ് 14 വ്യാഴാഴ്ച, കർത്താവിന്റെ സ്വർഗാരോഹണ തിരുനാൾ ദിനത്തിൽ രാത്രിയോടെ അദ്ദേഹം തന്റെ ഭൗമിക തീർഥാടനം പൂർത്തിയാക്കി. ദൈവാനുഗ്രഹപ്രദവും കര്‍മ്മനിരതവും ധന്യവുമായിരുന്നു ആ ജീവിതം.
ജനനവും ബാല്യവും കുടുംബവും
കോട്ടയം ജില്ലയിലെ ഇളങ്ങോയിൽ, കിഴക്കേമുറി വർക്കിയുടെയും ത്രേസ്യായുടെയും മകനായി 1947 മാർച്ച് 12 നാണ് ജോര്‍ജ് അച്ചന്‍ ജനിച്ചത്. ചിന്നമ്മ സാമുവൽ ചെറിയ വടക്കേടത്ത് (തടിക്കടവ്, കണ്ണൂർ), റോസീന ആന്റണി കരോട്ടുപാറ (ചെറുവള്ളി, കോട്ടയം), പരേതരായ അന്നമ്മ ചാക്കോ മുള്ളൻകുഴിയിൽ, കെ.വി. തോമസ്, ത്രേസ്യാമ്മ ജോസഫ് തണ്ണിപ്പാറ, മറിയാമ്മ മാത്യു ഇലവുംകുന്നേൽ, കെ.വി. ജോസഫ് എന്നിവരാണ് സഹോദരങ്ങള്‍. ദൈവവിശ്വാസത്തിലും സഹോദര്യസ്നേഹത്തിലും വളര്‍ന്നുവന്ന ബാല്യമായിരുന്നു അച്ചന്റേത്.
സമർപ്പണത്തിന്റെ വഴികൾ
ദിവ്യകാരുണ്യനാഥന്റെ വിളി തിരിച്ചറിഞ്ഞ് 1964 ജൂൺ നാലിന് അദ്ദേഹം അതിരമ്പുഴ ലിസ്യൂ മൈനർ സെമിനാരിയിൽ വൈദികപരിശീലനത്തിനായി പ്രവേശിച്ചു. തുടര്‍ന്ന് കൊല്ലാട് നൊവിഷ്യേറ്റ് ഹൗസിൽ റവ. ഫാ. മാത്യു കണിപ്പള്ളിയുടെ ആത്മീയശിക്ഷണത്തിൽ നവസന്ന്യാസ പരിശീലനം പൂർത്തിയാക്കി, 1968 ഏപ്രിൽ 17 ന് ആദ്യ വ്രതവാഗ്ദാനം നടത്തി.
തുടര്‍ന്ന്, ആലുവ കാർമ്മൽഗിരി സെമിനാരിയിൽ തത്വശാസ്ത്രവും, ആലുവ മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ചു. ഈ കാലയളവിനിടയിൽ 1970 മെയ് 17 ന് നിത്യവ്രതവാഗ്ദാനവും, അതേവർഷം ജൂലൈ 16 ന് സഭാവസ്ത്ര സ്വീകരണവും നടന്നു. മാര്‍ സെബാസ്റ്യന്‍ മാങ്കുഴിക്കരി പിതാവില്‍ നിന്നാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്. പഠനത്തിനും പരിശീലനത്തിനും ഒടുവില്‍ 1973 മാർച്ച് 18 ന് ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്സ് സെമിനാരിയിൽ വച്ച് കർദിനാൾ ജോസഫ് പറേക്കാട്ടിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച് അദ്ദേഹം ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷിക്തനായി.
ശുശ്രൂഷാജീവിതത്തിലെ കർമ്മപഥങ്ങൾ
പൗരോഹിത്യ സ്വീകരണത്തിനു ശേഷം സഭയുടെയും സമൂഹത്തിന്റെയും ആത്മീയവും ഭൗതികവുമായ അഭിവൃദ്ധിക്കായി വിവിധ മേഖലകളിൽ മികച്ച ശുശ്രൂഷയാണ് അച്ചൻ നടത്തിയത്. ആദ്യ നിയമനം കൊല്ലാട് സെമിനാരിയിലെ പ്രൊക്കുറേറ്ററായും അധ്യാപകനായിട്ടും ആയിരുന്നു. അതിനുശേഷം 1975-1980 കാലഘട്ടത്തില്‍ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും മിസിയോളജിയിൽ ഡോക്ടറേറ്റ് നേടി. പഠനം കഴിഞ്ഞ് തിരികെവന്ന അച്ചന്‍ ആലുവ സ്റ്റഡി ഹൗസ് റെക്ടറായി ചുമതലയേറ്റു. 1980 മുതല്‍ 1983 വരെയായിരുന്നു അത്. തുടര്‍ന്ന്, 1983-1996 വരെയുള്ള കാലയളവില്‍ എംസിബിഎസ് ജനറലേറ്റിൽ ജനറൽ കൗൺസിലറായി പ്രവർത്തിച്ചു. ഇതിൽ ആദ്യ മൂന്ന് വർഷം കർണാടകയിലെ സാഗറിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്തത്.
ജനറൽ കൗൺസിലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശേഷം 1997 മുതല്‍ 2002 വരെ ജർമ്മനിയിൽ അജപാലന ശുശ്രൂഷയിലായിരുന്നു അച്ചന്‍. തുടര്‍ന്ന്, 2002-2005 കാലഘട്ടത്തില്‍ കോഴിക്കോട് സയൺ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി. അതിനെത്തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ പരിയാരം മൈനർ സെമിനാരി റെക്ടറായി സേവനമനുഷ്ഠിച്ചു.
2008 ല്‍ എംസിബിഎസ് സന്ന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി ബഹുമാനപ്പെട്ട ജോര്‍ജ് കിഴക്കേമുറിയച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദൈവത്തില്‍ ആശ്രയിച്ച്, സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി 2014 വരെ അദ്ദേഹം സുപ്പീരിയര്‍ ജനറല്‍ ആയി ശുശ്രൂഷ ചെയ്തു. 2014-2016 കാലയളവില്‍ ഇല്ലിത്തോട് സന്നിധാന ആശ്രമത്തിന്റെ ഡയറക്ടറായി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ (2016-2019) അച്ചന്‍ ഒരിക്കല്‍ക്കൂടി പരിയാരം മൈനർ സെമിനാരി റെക്ടറായി സേവനമനുഷ്ടിച്ചു. അതിനുശേഷം ആലുവ സ്റ്റഡി ഹൌസിലെ റെക്ടറായി നിയമിതനായി (2019-2022). അപ്പോഴേക്കും വിവിധ രോഗങ്ങള്‍ അച്ചനെ തേടിയെത്തിയിരുന്നു. അതിനാല്‍ 2022 മുതല്‍ 2024 വരെ ചാത്തന്‍കോട്ടുനട സോഫിയ ആശ്രമത്തിൽ അംഗമായി പ്രവർത്തിച്ചു.
രോഗവും വിശ്രമജീവിതവും
ചാത്തന്‍കോട്ടുനട ആശ്രമത്തിൽ ആയിരിക്കുമ്പോഴാണ് പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളും വാർധക്യസഹജമായ മറ്റ് അസുഖങ്ങളും കൂടുതലായി അച്ചനെ ബാധിക്കുന്നത്. അതിനാല്‍ 2024 ൽ പൂര്‍ണ്ണ വിശ്രമജീവിതത്തിനായി അദ്ദേഹം ഭരത എംസിബിഎസ് ആശ്രമത്തിലെത്തി. മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിർബന്ധം വിശ്രമജീവിതകാലത്ത് അച്ചന് ഉണ്ടായിരുന്നു. പരിചരിച്ചവരോടൊക്കെ പുഞ്ചിരിയോടെയും തമാശയോടെയുമാണ് അച്ചൻ സംസാരിച്ചിരുന്നത്.
അവസാന നാളുകൾ
ദിവസങ്ങള്‍ മുന്‍പോട്ടു പോകുന്നതിനനുസരിച്ച് അച്ചന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. വാക്കറിന്റെ സഹായത്തോടെ നടന്നിരുന്ന അച്ചൻ, ഇടയ്ക്ക് വീഴ്ചകൾ ഉണ്ടായതിനെ തുടർന്ന് കിടപ്പിലായപ്പോഴും പരാതിപറഞ്ഞില്ല. എങ്കിലും എഴുന്നേറ്റുനടക്കാന്‍ അച്ചന്‍ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍, 2026 ഏപ്രിൽ ഒൻപതിലെ വീഴ്ചയ്ക്കു ശേഷം അച്ചൻ പൂർണ്ണമായും കിടപ്പിലായി. അതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.
മെയ് 12 ന് ഫാ. ഷൈജു പെരുമ്പെട്ടിക്കുന്നേല്‍ അച്ചന് രോഗീലേപനം നല്‍കി.
മെയ് 14 വൈകിട്ട്, ഭക്ഷണസമയത്തും പ്രസന്നതയോടെ സംസാരിച്ച അച്ചൻ, രാത്രി എട്ടര മണിയോടെ പതിവുപോലെ പ്രാർഥിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നു. പക്ഷേ, രാത്രി 9.30 ഓടെ അച്ചന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന്റെ സഹായി, സുപ്പീരിയര്‍ ബഹുമാനപ്പെട്ട ജയിംസ് മേലേടത്തച്ചനെ വിളിച്ചുവരുത്തി. അപ്പോഴേക്കും ഒന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ അച്ചന്‍ എത്തിയിരുന്നു. മരുന്നിനും ശുശ്രൂഷകള്‍ക്കുമൊന്നിനും അച്ചന്റെ ജീവനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല. വൈകാതെ, ഏകദേശം 10 മണിയോടെ അദ്ദേഹം നിത്യമായ നിശ്ശബ്ദതയിലേക്ക് പ്രവേശിച്ചു. താന്‍ സ്നേഹിച്ച, അനുഗമിക്കുന്ന, തന്റെ രക്ഷകനായ ക്രിസ്തുവിന്റെ സ്വർഗാരോഹണ തിരുനാൾ ദിനത്തിൽത്തന്നെ അവിടുത്തെ പക്കലേക്ക് ഫാ. ജോര്‍ജ് കിഴക്കേമുറി എംസിബിഎസ് തന്റെ 79-ാം വയസ്സില്‍ യാത്രയായി. ശ്രേഷ്ടമായ ഒരു ജീവിതത്തിന്റെ ശാന്തമായ അന്ത്യം!
ജീവിതത്തിലെ നന്മകള്‍
അധികാരപദവികൾക്ക് അപ്പുറം എപ്പോഴും പ്രസന്നവദനനും സന്തോഷവാനുമായിരുന്നു കിഴക്കേമുറിയച്ചൻ. എല്ലാവരോടും സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഒരു പുഞ്ചിരിയോടെ മാത്രമേ അച്ചനെ എപ്പോഴും കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. നിരവധി വര്‍ഷങ്ങള്‍ വൈദികാർഥികളെ പരിശീലിപ്പിച്ച ആള്‍ എന്ന നിലയില്‍ അദ്ദേഹം നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ട്. പ്രചോദനാത്മകമായ ഒരു സാന്നിധ്യമായിരുന്നു കിഴക്കേമുറിയച്ചന്‍.
സഭയിലെ മുതിർന്നവരോടും രോഗികളോടും അദ്ദേഹം കാണിച്ച കരുതൽ പ്രത്യേകം സ്മരണീയമാണ്. സഭയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹുമാനപ്പെട്ട ജോസഫ് പറേടത്തച്ചനും പിന്നീട് കണിപ്പള്ളി മാത്തുണ്ണിയച്ചനും വാർധക്യസഹജമായ അവശതകളിൽ ആയിരുന്നപ്പോൾ, അവര്‍ക്കു വേണ്ട എല്ലാ ശുശ്രൂഷകളും കിഴക്കേമുറിയച്ചൻ നേരിട്ടായിരുന്നു ചെയ്തിരുന്നത്. മറ്റുള്ളവരെ അത്രമേൽ ആർദ്രതയോടെ ശുശ്രൂഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തെ പൂര്‍ണ്ണമായും സ്നേഹിച്ച വൈദികനായിരുന്നു അദ്ദേഹം. സഭ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലങ്ങളിൽ നിരവധി ബെനഫാക്റ്റെഴ്സിനെ സഭയ്ക്കും വൈദികാർഥികൾക്കുമായി അച്ചന്‍ കണ്ടെത്തി. സഭയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലേക്ക് എത്തുന്നതിനും വളരെ മുന്‍പേതന്നെ അച്ചന്‍ സഭയെ സാമ്പത്തികമായി വളരെയധികം സഹായിച്ചിരുന്നു. ഇപ്പോഴത്തെ താമരശേരി സനാതന സെമിനാരി സ്ഥിതിചെയ്യുന്ന 21 ഏക്കര്‍ സ്ഥലം അച്ചന്റെ ഒരു ബെനഫാക്റ്ററിന്റെ സഹായം കൊണ്ടു വാങ്ങിയതാണ്. അതുപോലെതന്നെ ജീവാലയ സെമിനാരിയിലെ ചാപ്പല്‍ നിര്‍മ്മാണത്തിനുള്ള പണവും അച്ചന്‍തന്നെ കണ്ടെത്തിയതാണ്.
അദ്ദേഹത്തെ സംബന്ധിച്ച് സുപ്പീരിയര്‍ ജനറല്‍, പ്രൊവിൻഷ്യൽ സുപ്പീരിയര്‍ എന്നീ പദവികളൊക്കെ സഭയെ വളര്‍ത്താനുള്ള അവസരങ്ങളായിരുന്നു. മിസിയോളജിയില്‍ ഡോക്ടറെറ്റ് ഉണ്ടായിരുന്ന അച്ചന്‍ വിവിധ സെമിനാരികളില്‍ പഠിപ്പിക്കാനും സമയം കണ്ടെത്തിയിരുന്നു. പലവിധ രോഗങ്ങളിലൂടെയും അപകടങ്ങളിലൂടെയും കടന്നുപോയപ്പോള്‍ ദൈവത്തില്‍ ആശ്രയിച്ച് അവയെ അതിജീവിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു എന്നത് മഹത്തരമായ കാര്യമാണ്. ശക്തമായ ദൈവാശ്രയത്വവും ആത്മവിശ്വാസവും കഠിനാധ്വാനവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
ഉപസംഹാരം
ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തിലെ നല്ലയൊരു വൈദികന്‍, സന്ന്യാസി, പരിശീലകന്‍, അധ്യാപകന്‍, അധികാരി എന്നീ നിലകളിലെല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു ബഹുമാനപ്പെട്ട ജോര്‍ജ് കിഴക്കേമുറിയച്ചന്‍. സൗമ്യതയുടെയും ശാന്തതയുടെയും പ്രസന്നതയുടെയും മുഖമായിരുന്ന അദ്ദേഹം 79-ാം വയസ്സില്‍ ശാരീരികമായി നമ്മില്‍ നിന്നും വേര്‍പിരിയുന്നെങ്കിലും നമ്മുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും. സഭയെയും സമൂഹത്തെയും അത്രമേൽ സ്നേഹിച്ച കിഴക്കേമുറിയച്ചന്‍ ദിവ്യകാരുണ്യ മിഷനറി സഭയുടെ ഹൃദയത്തില്‍ എക്കാലവും ഉണ്ടായിരിക്കും.
വൈദികരുടെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ സംബന്ധിക്കുമ്പോള്‍ ജോര്‍ജച്ചന്‍ സഹവൈദികരോട് ഇങ്ങനെ പറയുമായിരുന്നു: “എത്രയോ കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടാണ് ഈ അച്ചന്‍ കടന്നുപോകുന്നത്. എത്ര മഹത്തരമായ കാര്യമാണത്! ഞാന്‍ മരിക്കുമ്പോഴും എത്ര കുര്‍ബാനകള്‍ അര്‍പ്പിച്ചിട്ടാണ് കടന്നുപോകുന്നത് എന്ന് അനുസ്മരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” പരിശുദ്ധ കുര്‍ബനയിലുള്ള ആഴമേറിയ വിശ്വാസമാണ് ഇങ്ങനെ പറയാന്‍ ആ ദിവ്യകാരുണ്യ മിഷനറിയെ പ്രേരിപ്പിച്ചത്. 54 വര്‍ഷത്തെ പൗരോഹിത്യജീവിതമാണ് ജോര്‍ജ് കിഴക്കെമുറിയച്ചനുള്ളത്. അപ്പോള്‍ ഏകദേശം പത്തൊന്‍പതിനായിരം (19,000) കുര്‍ബാനകളാണ് അച്ചന്‍ അര്‍പ്പിച്ചിട്ടുണ്ടാകുക. അര്‍പ്പിച്ച ഈ കുര്‍ബാനകളുടെ യോഗ്യതയാലും മറ്റ് സത്പ്രവര്‍ത്തികളാലും അച്ചനെ സ്വര്‍ഗരാജ്യത്തില്‍ ദൈവം സ്വീകരിക്കട്ടെയെന്നും നിത്യമഹത്വത്തിന്റെ കിരീടം നൽകി അനുഗ്രഹിക്കട്ടെയെന്നും നമുക്ക് പ്രാർഥിക്കാം.
ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ!
ഫാ. ജി. കടൂപ്പാറയില്‍ MCBS




