

13 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ചു ഈശോയുടെ പക്കലേക്ക് യാത്രയായ ആഗ്നസ് ആൻ ബിനോജ്. രോഗത്തിന്റെ വേദനയിലും ആഗ്നസ് പുഞ്ചിരിച്ചുകൊണ്ടേയിരുന്നു. ഇനി ആ പുഞ്ചിരി സ്വർഗത്തിന് സ്വന്തം! കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രൽ ഇടവകാംഗമായ മുക്കാടൻ ബിനോജ് – സോണിയ ദമ്പതികളുടെ മകളാണ് ആഗ്നസ് ആൻ ബിനോജ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന രോഗത്തെ തുടർന്ന് ഏപ്രിൽ 23 ബുധനാഴ്ചയാണ് രോഗം കൂടുതലായതും ആശുപത്രിയിലാക്കിയതും. മരണം ഏപ്രിൽ 26 ശനിയാഴ്ച. ആഗ്നസ് മോൾ ജനിച്ചത് ഒരു ദുഃഖശനിയാഴ്ചയാണ്. മരണമാകട്ടെ ഉയിർപ്പിന് ശേഷമുള്ള ശനിയാഴ്ചയും. തുടർന്ന് വായിക്കുക.
എല്ലാ വേദനയും ഒരു പുഞ്ചിരിയിലൊതുക്കിയ ആഗ്നസ്
ആഗ്നസ് ആൻ ബിനോജ്. എട്ടുവയസുള്ളപ്പോൾ ആണ് രോഗവിവരം ആദ്യമായി തിരിച്ചറിഞ്ഞത്. ഐ പി റ്റി – (Immune Thrombocytopenic Purpura) രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുന്ന ഒരു രോഗാവസ്ഥയാണ്. ഈ രോഗത്തിന് മരുന്നില്ല. അതിന് ബദലായിട്ടുള്ള മരുന്നുകൾ ഉപയോഗിക്കുക മാത്രമേ മാർഗമുള്ളൂ. സ്റ്റിറോയിഡ് ഒക്കെ കൊടുത്ത് പ്ലെറ്റ്‌ലെറ്റിന്റെ അളവ് കയറ്റിക്കൊണ്ടു വരുക. എങ്കിലും ഇതൊക്കെ ഒരു താത്കാലിക ശമനം മാത്രമേ ആകുന്നുള്ളൂ. മരുന്നിന്റെ ശക്തി കുറയുമ്പോൾ വീണ്ടും പ്ലെറ്റ്‌ലെറ്റിന്റെ അളവ് കുറയും.
ഈ രോഗാവസ്ഥ, ചിലപ്പോൾ പെട്ടെന്ന് തന്നെ സുഖപ്പെടാം. അല്ലെങ്കിൽ വർഷങ്ങളോളം ഈ രോഗവുമായി ജീവിക്കേണ്ടി വരും. അല്ലെങ്കിൽ പെട്ടെന്ന് മരണാവസ്ഥയിലേക്കും എത്തുന്ന ഒരു അവസ്ഥയാണ് ഈ രോഗത്തിനുള്ളത്. തിരുവല്ലയിലെ ബിലിവേഴ്‌സ് ആശുപത്രിയിൽ ആയിരുന്നു ആഗ്നസ് മോൾക്ക് ചികിത്സ നൽകി കൊണ്ടിരുന്നത്.
പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ട് കുറയുമ്പോൾ ശരീരത്തിലൊക്കെ പാടുകൾ ഉണ്ടാകും. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരും. കൗണ്ട് കുറയുമ്പോൾ രക്തം കട്ടപിടിക്കുകയില്ല. വാവ എന്ന് വിളിക്കുന്ന ആഗ്നസ് മോൾ രോഗത്തിന്റെ അസ്വസ്ഥത ഉണ്ടാകുമ്പോൾ ഒരു വിഷമവും പ്രകടിപ്പിച്ചിരുന്നില്ല. ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ പോലും അവൾ പരാതി പറഞ്ഞിരുന്നില്ല. എല്ലാം സഹിക്കുകയായിരുന്നു. ആദ്യമൊക്കെ എല്ലാ ആഴ്ചയിലും രക്തം പരിശോധിക്കണമായിരുന്നു. അപ്പോഴൊക്കെ അവൾ ഒരു പുഞ്ചിരിയോടെ അവയെ സ്വീകരിച്ചു.
കഠിനമായ തലവേദന ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണമായിരുന്നു. മൈഗ്രൈൻ പോലെ അത്ര കഠിനമായ വേദന. തലവേദന കൂടിക്കഴിയുമ്പോൾ കണ്ണൊക്കെ വീങ്ങി കണ്ണിൽക്കൂടി വെള്ളം ഒഴുകും. വേദന അസഹനീയമാണെങ്കിലും ആഗ്നസ് ഒരിക്കലും ഒരു വിഷമവും പറഞ്ഞിട്ടില്ല.
ഒറ്റദിവസം പോലും സ്‌കൂളിൽ പോകാതിരിക്കില്ല. വേദനയൊക്കെ കൂടുമ്പോൾ ‘ഇന്ന് പോകണ്ട, മോൾ വീട്ടിൽ ഇരുന്നോളൂ’ എന്നുപറഞ്ഞാൽ പോലും അമ്മയുടെ കൂടെ അവളും ഇറങ്ങും. അമ്മ സോണിയയും കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക് സ്‍കൂളിൽ ആണ് പഠിപ്പിക്കുന്നത്. ആഗ്നസ് പഠിച്ചിരുന്നതും അവിടെ തന്നെയാണ്. സോണിയ, കഴിഞ്ഞ 25 വർഷമായി സൺഡേ സ്‌കൂൾ അധ്യാപിക കൂടിയാണ്.
രോഗം സ്ഥിരീകരിക്കപ്പെട്ടതിന് ശേഷം ആദ്യമൊക്കെ ഇടക്ക് തലകറക്കം ഒക്കെ ഉണ്ടാകാറുണ്ട്. പിന്നീട്, ശരീരം കാലക്രമേണ ഇതിനോടൊക്കെ അനുകൂലമായി പ്രതികരിക്കുമെന്ന് ഡോക്ടർമാർ നേരത്തെതന്നെ പറഞ്ഞിരുന്നു.
കൊച്ചച്ചന് കൊടുക്കാൻ അമ്മയെ ഏൽപ്പിച്ച ആ കാർഡ്!
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലിൽ നോമ്പുകാലത്ത് കുട്ടികൾ ദൈവാലയത്തിൽ വരുന്നതിനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനും പ്രോത്സാഹനമായി എല്ലാദിവസവും പള്ളിയിൽ വരുന്നവർക്ക് ചെറിയ സമ്മാനങ്ങൾ നൽകിയിരുന്നു. പള്ളിയിൽ വരുന്ന ദിവസങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു കാർഡും ഉണ്ടായിരുന്നു. ആഗ്നസ് 50 ദിവസവും പള്ളിയിൽ പോയി. അവസാനം അമ്മയെ ആ കാർഡും ഏൽപ്പിച്ചു. “അമ്മ ഇത് അച്ചന് കൊടുക്കണം” എന്ന് അമ്മയേ പറഞ്ഞേൽപ്പിച്ചിട്ടാണ് ആഗ്നസ് മോൾ ഈശോയുടെ അടുത്തേക്ക് പോയിരിക്കുന്നത്. അച്ചനെ നേരിട്ട് ഏൽപ്പിക്കാൻ സാധിക്കാത്തത് മോൾക്ക് വലിയ സങ്കടമായിരുന്നു. അസിസ്റ്റന്റ് വികാരിയായ ഫാ. തോമസിന്റെ പക്കൽ അമ്മ ആ കാർഡ് ഏൽപ്പിച്ചു.
കാഞ്ഞിരപ്പള്ളി വലിയ പള്ളിയോട് അടുത്തായി ഒരു നിത്യാരാധന ചാപ്പൽ ഉണ്ട്. ആഗ്നസ് ഇടയ്ക്കിടെ അവിടെ പോയി ഏറെ നേരമിരുന്ന് പ്രാർഥിക്കുമായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ അമ്മയോട് പറയുമായിരുന്നു, അമ്മ സൺഡേ സ്‌കൂൾ മീറ്റിംഗ് ഒക്കെ കഴിഞ്ഞു വരുമ്പോൾ കണ്ടില്ലെങ്കിൽ വേറെ എവിടെയും എന്നെ അന്വേഷിക്കേണ്ട. ഞാൻ നിത്യാരാധന ചാപ്പലിൽ കാണുമെന്ന്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുമിടുക്കിയായിരുന്നു ആഗ്നസ്. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കും. ഒത്തിരി കുട്ടികളുമായി കൂട്ടുകൂടുമായിരുന്നു. ബഹളം വെച്ച് നടക്കുന്നവരെപ്പോലും ആഗ്നെസ് മോൾ കൂട്ടുകൂടി ശാന്തരാക്കുമായിരുന്നു.
‘എനിക്ക് സിസ്റ്ററാകണം’
ഈ രോഗം ഗുരുതരമാണെന്നോ, മരിച്ചു പോകുമെന്നോ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു ആശങ്കയും ആഗ്നസ് മോൾക്ക് ഇല്ലായിരുന്നു. ആശുപത്രിയിൽ പോകുന്നു, മരുന്ന് വാങ്ങിക്കുന്നു, കഴിക്കുന്നു. അത്രമാത്രം! “എന്നും ഞാൻ രോഗിയായിട്ട് കഴിയുമോ, എന്ന് ഈ രോഗം കുറയും അങ്ങനെയുള്ള ചിന്തകളൊന്നും മോൾക്ക് ഉണ്ടായിരുന്നില്ല. എന്നോട് പറയുമായിരുന്നു, ‘എനിക്ക് മഠത്തിൽ പോകണം അമ്മേ, ഞാൻ സിസ്റ്ററാകും. ഞാൻ ആദ്യകുർബാന കഴിഞ്ഞപ്പോഴേ തീരുമാനിച്ചതാണ്.’ എന്ന്. എന്റെ ഫോണിൽ അവളും ഈശോയുമായിട്ടുള്ള ഒരു പാട്ട് ഒക്കെയിട്ടിട്ട് അതും എന്നെ കാണിക്കും. മഠത്തിൽ പോയാലും എനിക്ക് കമ്മൽ ഇടണമെന്ന് ആഗ്രഹം ഉണ്ടമ്മേ…എന്നാലും ഞാൻ സിസ്റ്ററാകും”! ആഗ്നസ് മോൾ അമ്മ സോണിയയോട് പറയുമായിരുന്നു.
വല്യമ്മച്ചിയെ വിശുദ്ധവാരത്തിൽ മുഴുവൻ പള്ളിയിൽ കൊണ്ടുപോയത് ആഗ്നസ് മോളായിരുന്നു. “ഞാൻ വിശുദ്ധ വാരത്തിൽ മുഴുവൻ അമ്മച്ചിയെ പള്ളിയിൽ കൊണ്ടുപോകാം. അമ്മച്ചി റെഡിയായിട്ട് ഇരുന്നാൽ മതി” അങ്ങനെ ആഗ്നസ് അമ്മയെ വണ്ടിയിൽ കയറ്റാനും ഇറക്കാനും സഹായിക്കും. നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മച്ചിയെ വിശുദ്ധ കുർബാന സ്വീകരിക്കാൻ കൊണ്ടുപോകുന്നതും പള്ളിയിൽ എത്തിച്ചതുമെല്ലാം ആഗ്നസ് മോളായിരുന്നു.
കൂട്ടുകാരന്റെ ആദ്യകുർബാനക്ക് കൊടുത്ത ‘സർപ്രൈസ്’
അവധിക്കാലമായതിനാൽ വീട്ടിൽ കുറെ കൂട്ടുകാർ കളിക്കാൻ വരും. അതിൽ ഒരു കുട്ടിയുടെ ആദ്യകുർബാനയായിരുന്നു ആഗ്നസ് മരിച്ച ദിവസമായ ഏപ്രിൽ 26 ന്. ആ കുട്ടിയുടെ ആദ്യകുർബാനയിൽ പങ്കെടുക്കണമെന്ന് അവളുടെ വലിയ ആഗ്രഹമായിരുന്നു. “ഞാൻ നിനക്ക് സമ്മാനവുമായി വരും” എന്ന് കൂട്ടുകാരൻ ഡിയോണിന് ആഗ്നസ് ഉറപ്പും കൊടുത്തു. ഒപ്പം മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർത്തു. “എടാ, നിന്റെ ആദ്യകുർബാനയുടെ അന്നൊരു സർപ്രൈസുണ്ട്” എന്ന്. ഒപ്പം അവനോട് പറഞ്ഞു, ‘ആദ്യകുർബാന കഴിയുമ്പോൾ നീ അൾത്താരബാലനാകണം. ഇവിടെ അടുത്തുള്ള ചാപ്പലിൽ ആദ്യം കൂടണം, പിന്നീട് അക്കരെപ്പള്ളിയിൽ കയറണം, പിന്നെ, വലിയ പള്ളിയിലും കയറണം.’ നന്നായി പാട്ടു പാടുന്ന ആഗ്നസ് പള്ളി ക്വയറിലും ഉണ്ടായിരുന്നു. ‘ഞാൻ നിന്നെ പള്ളി ക്വയറിലും കയറ്റാം. അവിടെയും നീ വരണം. നമുക്ക് ഒന്നിച്ചു പാട്ടുപാടാനൊക്കെ പോകാല്ലോ.’ എന്നാൽ, അതിനൊന്നും കാത്തുനിൽക്കാതെ സ്വർഗീയവൃന്ദത്തോടൊപ്പം പാടുവാൻ ആഗ്നസ് തിടുക്കത്തിൽ യാത്രയായി.
നിനച്ചിരിക്കാതെ വന്ന മരണം
ആഗ്നസ്, നടന്ന് പള്ളിയിൽ പോകുകയും സ്വന്തം കാര്യങ്ങളൊക്കെയും തനിയെ ചെയ്തിരുന്നു. പെട്ടെന്നാണ് അസുഖം കൂടുതലായത്. ഏപ്രിൽ 23 ബുധനാഴ്ച രാവിലെ തന്നെ അടുത്തുള്ള കൂട്ടുകാരായ കുട്ടികൾ കളിയ്ക്കാൻ വന്നു. അപ്പോൾ ആഗ്നസും കളിക്കാൻവേണ്ടി ഇറങ്ങി. മേശയിൽ ഇരിക്കുന്ന കാപ്പി കുടിച്ചിട്ട് പോകാൻ പറഞ്ഞപ്പോൾ കളിയ്ക്കാൻ പോയെങ്കിലും വീണ്ടും പറഞ്ഞപ്പോൾ വേഗം വന്ന് കുറച്ചു കഴച്ചിട്ട് പാത്രവും കഴുകി വെച്ച് വീണ്ടും കളിക്കാനായി പോയി.
കുറച്ചു കഴിഞ്ഞപ്പോഴേക്കും ആഗ്നസ് ഛർദിച്ചു. അതുകഴിഞ്ഞപ്പോൾ അവൾ തന്നെ കുളിച്ചു. കുളിക്കാനൊക്കെ തനിയെ ടോയ്‌ലറ്റിൽ കയറാൻ അവൾക്ക് പേടിയായിരുന്നു. അമ്മയോ അപ്പനെയോ പുറത്ത് പിടിച്ച് നിറുത്തുമായിരുന്നു. അങ്ങനെയുള്ള ആഗ്നസ് മോൾ അന്ന് തന്നെപ്പോയി കുളിച്ചു. പിള്ളേർ വീണ്ടും കളിക്കാൻ വരുമ്പോൾ അവൾ വീണ്ടും കളിയ്ക്കാൻ ഇറങ്ങും. അവർ പോകുമ്പോൾ അവൾ വന്ന് കിടക്കും. ഈ കുട്ടികൾ മിക്കവാറും കളിക്കാനായി വരും. പുറത്തോടെ ഓടി നടക്കരുത് എന്ന് പറഞ്ഞേക്കുന്നതുകൊണ്ട് അകത്തിരുന്നുള്ള കളികളാണ് കൂടുതലും.
ഇങ്ങനെ ഛർദിച്ചതുകൊണ്ട് ഉച്ചക്ക് കഞ്ഞിയാണ് കഴിക്കാൻ കൊടുത്തത്. അത് വീണ്ടും ഛർദിച്ചു. വായിൽക്കൂടി ബ്ലഡ് വരൻ തുടങ്ങി. ഓ ആർ എസും ഛർദിക്കാതിരിക്കാനുള്ള ഗുളികയും ഒക്കെ കൊടുത്തു. എന്നിട്ടൊന്നും ഛർദി നിൽക്കുന്നില്ല. പിന്നെ അസ്വസ്ഥതയായി. പിതാവ് ബിനോജ് ജോലി കഴിഞ്ഞു വന്നപ്പോഴേക്കും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാഞ്ഞിരപ്പിള്ളി മേരി ക്വീൻ ആശുപത്രിയിലേക്ക് ചെന്നപ്പോഴേക്കും അസ്വസ്ഥത കൂടുതലായി. വായിൽക്കൂടി രക്തം ഒലിച്ചുകൊണ്ടിരുന്നു. ഛർദിക്കുമ്പോഴും ബ്ലഡ് വരൻ തുടങ്ങി. രക്തം പരിശോധിക്കാനായി എടുക്കുമ്പോൾ കട്ടപിടിച്ചു പോകുകയാണ്. പരിശോധിക്കാൻ പറ്റുന്നില്ല. അപ്പോൾ വേഗം, മോളെ ചികിത്സികൊണ്ടിരുന്ന ബിലീവേഴ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപൊയ്ക്കോളാൻ പറഞ്ഞു.
‘എന്റെ വാവ, ഈശോയുടെ അടുത്തുണ്ട്’
ആംബുലൻസിൽ തിരുവല്ലയിലേക്ക് പോകുന്നവഴി ആഗ്നസ് അമ്മയോട് പറഞ്ഞു, “അമ്മ എന്റെ അടുത്ത് ഇരിക്കണം, എനിക്ക് തണുക്കുന്നുണ്ട്.” ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോൾ ആഗ്നസ് മോൾ തന്നെ ആശുപത്രിക്കാരുടെ ഡ്രെസ് ഇടുന്നതിനായി അവളുടെ ഡ്രസ്സ് ഊരി തന്നു. അതിനുശേഷം പതിയെ ബോധം മറഞ്ഞുപോയി. “പിന്നെ ആഗ്നസ് മോൾ എന്നോടൊന്നും മിണ്ടിയിട്ടില്ല. ഐ സി യു വിൽ ആക്കി. ശേഷം അവളെ കാണുമ്പോൾ മോൾക്ക് ഒരു ശ്വാസം മാത്രമേയുള്ളൂ.” ആ അമ്മ പറയുന്നു. ഇതുപറയുമ്പോൾ ആ അമ്മയുടെ സ്വരം ഇടറിയില്ല. കാരണം, മകൾ ഈശോയുടെ അടുത്താണെന്ന ഉറപ്പ് ആ അമ്മയെ ധൈര്യപ്പെടുത്തി.
“എനിക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഒക്കെ പ്രതീക്ഷയുണ്ടായിരുന്നു, എന്റെ വാവ തിരിച്ചുവരുമെന്ന്. രണ്ടാമത്തെ ദിവസം കണ്ടപ്പോൾ എന്റെ മനസ് പറഞ്ഞു, ഇത് എന്റെ കയ്യിൽ നിന്നും പോയി. എല്ലാവരും തിരിച്ചു വരണേ എന്ന് പ്രാർഥിക്കുകയായിരുന്നു. പക്ഷേ, ഞാൻ ഒരിക്കലും അങ്ങനെ പ്രാർഥിച്ചില്ല. എനിക്കറിയാമായിരുന്നു, അവൾ ഈശോയുടെ അടുത്തേക്ക് പോകും, നമ്മുടെ കയ്യിൽ നിൽക്കുകയില്ലെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ചങ്കുപൊള്ളുന്ന വിഷമം ഞങ്ങൾക്കുണ്ട്. എന്നാൽ, മോൾ ഈശോയുടെ അടുത്ത് ചെന്ന് എന്നുള്ള വിശ്വാസം ഉണ്ട്. അതൊരു ആശ്വാസമാണ്. നമ്മുടെ അടുത്തിരിക്കുന്നതിനേക്കാൾ സുരക്ഷിതമായി ഈശോയുടെ അടുത്ത് ഇരിക്കുന്നു എന്ന ബോധ്യത്തിലാണ് ഞങ്ങൾ.” – സോണിയ എന്ന അമ്മ പറയുന്ന വാക്കുകൾക്ക് ദൈവം കനിഞ്ഞുനൽകിയ വിശ്വാസത്തിന്റെ കരുത്തും പ്രതീക്ഷയുമുണ്ടായിരുന്നു.
ആഗ്നസ് മോൾ കലണ്ടറിൽ അടയാളപ്പെടുത്തിയ ദിവസങ്ങൾ
കലണ്ടറിൽ ഏപ്രിൽ മാസത്തിലെ ദിവസങ്ങൾ ആഗ്നസ് ഒന്നാം തിയതി മുതൽ ഗുണചിഹ്നമിട്ടു വെട്ടി ഇട്ടേക്കുകയാണ്. അതിൽ ഇരുപത്തിയാറാം തിയതി വന്നപ്പോൾ അത് വട്ടം വരച്ചിട്ടേക്കുകയാണ്. പിന്നെ തൊട്ടടുത്ത രണ്ടു ദിവസങ്ങൾ വീണ്ടും വെട്ടി ഇട്ടേക്കുന്നു. അവൾ ഈ ഭൂമിയിൽ ഉണ്ടായിരുന്ന ദിവസങ്ങൾ മാത്രമാണ് അങ്ങനെ വെട്ടിയിട്ടേക്കുന്നത്. ഇത് കുറെ നാളുകൾക്ക് മുൻപ് ചെയ്തിട്ടേക്കുന്നതാണ്. ആ കലണ്ടറിൽ ‘ആഗ്നസ് ഹാപ്പി’ എന്നും എഴുതി വെച്ചിട്ടുണ്ട്. ആഗ്നസിന്റെ മരണത്തിന് ശേഷമാണ് അമ്മ ഇതൊക്കെ കാണുന്നതും മനസിലാക്കുന്നതും.
എല്ലാവരോടും സംസാരിക്കും എപ്പോഴും ചിരിച്ചു കൊണ്ടാണ് ഇരിക്കുന്നതും. വീട്ടിലും പുറത്തും ഒക്കെ ആഗ്നസ് അങ്ങനെ തന്നെയാണ്. “അവൾ ജനിച്ചപ്പോഴേ ചിരിച്ചുകൊണ്ടാണ് വന്നത്. ഞാൻ ആദ്യമായി അവളെ കാണുന്നതും ചിരിച്ച മുഖത്തോടെയാണ്. ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അവളെ എന്റെ കയ്യിൽ കൊണ്ടുവന്നു തരുമ്പോൾ ഒരു നുണക്കുഴി കാട്ടിയുള്ള ആ ചിരി. അതിനുശേഷമാണ് അവൾ കരഞ്ഞത്. ” സോണിയ പറയുന്നു.
ആഗ്നെസ് കൂടെയുണ്ടായിരുന്ന കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ അമ്മ സോണിയയ്ക്ക് വിഷമം വരാറുണ്ട്. “മോൾ ഈശോയുടെ അടുത്താണ്. ഇനി ആഗ്നസ് മോൾ എന്റെ സ്വന്തം” എന്ന് പറയുന്ന ഒരു സ്വരം എനിക്ക് കൂടുതൽ ശക്തിയും ആശ്വാസം നൽകുന്നു. സഹോദരൻ അതുൽ ജെയിംസ് ബിനോജ് ഡിഗ്രി പൂർത്തിയാക്കി. രണ്ടുപേരും തമ്മിൽ പത്തുവർഷത്തെ വ്യത്യാസമുണ്ട്. പിതാവ് ബിനോജ് എം. ജെയിംസ്, കെ എസ് ആർ ടി സി കണ്ടക്ടർ ആണ്.
മരിക്കുമ്പോഴും ആഗ്നസ് മോളുടെ മുഖത്തെ നിഷ്കളങ്കതയും പുഞ്ചിരിയുടെ നൈർമ്മല്യവും ഒട്ടും മാഞ്ഞിട്ടില്ല. ഇനിയിപ്പോൾ ആ പുഞ്ചിരി മാലാഖമാരോടൊപ്പം. സ്വർഗ്ഗത്തിലെ മാലാഖമാരോടൊപ്പം ഇരുന്നുകൊണ്ട് ആഗ്നസ് മോൾ പുഞ്ചിരിക്കുകയാണ്. ഈശോയുടെ സ്വന്തമായ പുഞ്ചിരി!
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ