മരിയാനയുടെ സ്വപ്നങ്ങൾക്ക് ഇനി പേര് ‘അന്ന’: മാതൃത്വത്തിന്റെ മഹത്വം പേറുന്ന ഒരു സാക്ഷ്യം

“ആ ദിവസങ്ങളിൽ എന്റെ കുഞ്ഞിനെ അവർ കൊണ്ടുപോകുമോ എന്നോർത്ത് ഞാൻ ഭയന്നിരുന്നു” ഉദരത്തിൽ ഗർഭസ്ഥശിശുവിനെയും പേറി റഷ്യൻ തടങ്കലിൽ, പീഡനങ്ങൾക്ക് നടുവിലൂടെ കടന്നുപോവുകയും ഒടുവിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്ത ഉക്രേനിയക്കാരിയായ ഒരു സൈനിക ഡോക്ടറിന്റെ വാക്കുകളാണ് ഇത്. പ്രതിസന്ധികളും താങ്ങാനാവാത്ത സമ്മർദ്ദങ്ങളും വേദനകളും ഉണ്ടായപ്പോഴും അവിടെയൊക്കെ മരിയാന എന്ന ഈ സൈനികയ്ക്ക്, അല്ല അമ്മയ്ക്ക് പ്രതീക്ഷ പകർന്നത് ഉദരത്തിലുള്ള തന്റെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു. റഷ്യൻ സൈന്യത്തിന്റെ ക്രൂരതകൾക്കു മുന്നിലും ആത്മധൈര്യം കൈവിടാതെ, പതറാതെ പിടിച്ചുനിന്ന ഒരു അമ്മയുടെ സ്വപ്നങ്ങൾക്ക് ഇന്ന് പേര് അന്ന. വായിക്കാം, അന്നക്കായി അമ്മ നടത്തിയ സാഹസികതകൾ ഏറെയുള്ള ആ യാത്രയെ…

റഷ്യ-ഉക്രൈൻ യുദ്ധം തുടങ്ങിയ സമയം. മരിയുപോളിൽ ഒരു യുദ്ധസ്ഥാനത്തേക്ക് യാത്ര ചെയ്യുകയായിരുന്നു മരിയാന മാമനോവ എന്ന സൈനിക ഡോക്ടറും സംഘവും. ഈ യാത്ര യുദ്ധമുഖത്തേക്കുള്ള ഒന്നായിരുന്നുവെങ്കിലും മരിയാനയുടെ ഉള്ളിൽ വളരെ സന്തോഷമായിരുന്നു. കാരണം അവളുടെ ഉദരത്തിൽ ഒരു കുഞ്ഞുജീവൻ തുടിച്ചു തുടങ്ങിയിരുന്നു. വൈകാതെ തന്നെ അവൾ വീട്ടിലേക്കു മടങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അവരുടെ വാഹനം റഷ്യൻ പട്ടാളക്കാർ പിടിച്ചെടുത്തു. അവരെ യുദ്ധത്തടവുകാരായി ജയിലിലുമാക്കി.

ഏറെ പരിചരണം വേണ്ടുന്ന സമയം. ഈ സമയത്താണ് റഷ്യൻ പട്ടാളക്കാരുടെ ക്രൂരതകൾക്കു നടുവിലേക്ക് മരിയാന പറിച്ചുനടപ്പെടുന്നത്. ആദ്യം ഭയന്നെങ്കിലും മാനസികധൈര്യം വീണ്ടെടുത്ത് അവൾ പിടിച്ചുനിന്നു. കാരണം, ആ സമയം തളർന്നാൽ അത് തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ബാധിക്കുമെന്ന് മറ്റാരെയുംകാൾ നന്നായി ഒരു ഡോക്ടർ കൂടിയായ മരിയാനക്ക് അറിയാമായിരുന്നു.

തടവറ അനുഭവം മരിയാനക്ക് അത്ര സുഖകരമായ ഓർമ്മകളായിരുന്നില്ല സമ്മാനിച്ചത്. ആറു പേർ കഴിയുന്ന സെല്ലിൽ നാൽപതു സ്ത്രീകൾ; കൂട്ടത്തിൽ ഗർഭിണിയായ മരിയാനയും. ദുരിതം പിടിച്ച ദിനങ്ങളായിരുന്നു കടന്നുപോയത്. ശരിയായ ഭക്ഷണമില്ല. എപ്പോഴും ഭയാനകമായ അന്തരീക്ഷത്താൽ ചുറ്റപ്പെട്ട ദിനങ്ങൾ. കൂടാതെ, മരണവാർത്തകളും! റഷ്യൻ സൈന്യത്തിന് അനുകൂലമായ മൊഴി നൽകാനുള്ള മാനസിക-ശാരീരികപീഡനങ്ങളും. ഇതിനൊക്കെ ഇടയിൽ മാനസികമായും ശാരീരികമായും തളർന്നുതുടങ്ങിയിരുന്നു അവൾ. എങ്കിലും തന്റെ ഉദരത്തിലായിരുന്ന കുഞ്ഞിനോട് ചേർന്ന് അവൾ നല്ല നാളെയെ സ്വപ്നം കണ്ടു.

ആറാം മാസം വരെ അവൾ സാധാരണ സ്ത്രീകളെപ്പോലെ പരിചരിക്കപ്പെട്ടു. അതിനു ശേഷം മറ്റൊരു സെല്ലിലേക്ക് മാറ്റി. ഡോക്ടർമാർ നൽകിയ നിർദ്ദേശമനുസരിച്ച് ശുദ്ധവായു ലഭിക്കുന്നതിനായി അൽപനേരം നടക്കാനും മറ്റും അനുവാദം ലഭിച്ചു. എന്നാൽ ആ അവകാശം പോലും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആശ്രയിച്ചിരുന്നു. ചിലർ പുറത്തിറങ്ങാൻ സമ്മതിക്കും, മറ്റുചിലർ പുറത്തേക്ക് ഇറക്കില്ല. അതിനിടയിൽ ഏഴാം മാസം ശാരീരികമായ അസ്വസ്ഥതകൾ ഏറിയതിനെ തുടർന്ന് അൾട്രാസൗണ്ട് സ്കാനിങ്ങിന് അവൾ വിധേയമായി.

അങ്ങനെ തന്റെ ഉദരത്തിലെ കുഞ്ഞിനെ ആദ്യമായി അവൾ കണ്ടു. ആ കുഞ്ഞുവിരലുകളും കാലുകളും അനക്കവും കണ്ടപ്പോൾ മരിയാന കരഞ്ഞുപോയിരുന്നു. അവളുടെ ഹൃദയം നിറഞ്ഞു. പിന്നീടുള്ള അതിജീവനം ആ കുഞ്ഞിനു വേണ്ടി മാത്രമുള്ളതായി മാറിയിരുന്നു. ഈ സമയം തടവിലായിരിക്കെ, ജനിക്കുന്ന കുഞ്ഞിനെ ഒന്നുകിൽ മൂന്നു മാസം അമ്മയുടെ കൂടെ നിർത്തും അല്ലെങ്കിൽ അമ്മയിൽ നിന്നും മാറ്റും. അത് ഒരു നിയമമായിരുന്നു. തന്റെ കുഞ്ഞിനെ തന്നിൽ നിന്നും അകറ്റുന്ന കാര്യം അവൾക്കു ഓർക്കാൻ പോലും കഴിയില്ലായിരുന്നു. അതോർത്ത് പല രാത്രികളിലും അവളുടെ ഉറക്കം നഷ്ടപ്പെട്ടു.

ഈ സമയം ജയിലിനു പുറത്ത് ഭർത്താവ് മരിയാനക്കും കുഞ്ഞിനും മോചനം ലഭിക്കുന്നതിനായുള്ള പോരാട്ടത്തിലായിരുന്നു. തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ സംബന്ധിച്ച് അവളുടെ ഭർത്താവിന് വലിയ ആകുലതയായിരുന്നു. അതിനാൽ തന്നെ തുറക്കാൻ സാധ്യതയുള്ള എല്ലാ വാതിലുകളും അയാൾ മുട്ടി; നീതിക്കായി നിലവിളിച്ചു. ഒരു കുഞ്ഞിനായി അതിന്റെ അമ്മയും അച്ഛനും ഏറ്റെടുത്ത സഹനം ദൈവത്തിന്റെ മുന്നിൽ എത്തിയിരുന്നിരിക്കാം. പതിയെ മരിയാനയുടെ മോചനത്തിലേക്കുള്ള സാധ്യതകൾ തെളിഞ്ഞു. അങ്ങനെ അവർ മരിയാനയെയും ഏതാനും സഹതടവുകാരെയും വിമാനത്തിൽ കയറ്റി ഉക്രൈൻ അതിർത്തിയിൽ എത്തിച്ചു. ഈ സമയം ഏതാണ്ട് മരിയാനയുടെ പ്രസവത്തീയതിയും അടുത്തുവന്നിരുന്നു. മോചിതയായി നാലാം ദിവസം അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.

ആ കുഞ്ഞിന് അന്ന എന്ന് അവർ പേര് നൽകി. തന്റെ ഉദരത്തിലായിരുന്നുകൊണ്ട് തനിക്ക് ശക്തി പകർന്നവളാണ് തന്റെ പൊന്നോമന എന്ന് കുഞ്ഞു അന്നയെ ചേർത്തുപിടിച്ച് മരിയാന പറയുന്നു.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.