പർവ്വത രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്ന വൈദികൻ

ഫാ. യൂജൻ റുംഗാൽഡിയർ വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയുടെ വികാരി ജനറലാണ്. എന്നാൽ അദ്ദേഹം ജനങ്ങൾക്കിടയിൽ ഒരു വൈദികനായി മാത്രമല്ല അറിയപ്പെടുന്നത്, പർവ്വതങ്ങളിൽ അപകടത്തിൽപെടുന്നവരെ സഹായിക്കുന്ന സംഘത്തിലെ അംഗവുമായാണ്. മലനിരകളിൽ അപകടത്തിൽപെടുന്നവരെ സഹായിക്കാൻ പ്രായമോ, സ്ഥാനമോ ഒരു തടസമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഫാ. യൂജൻ. രക്ഷാപ്രവർത്തനങ്ങളിൽ അദ്ദേഹം മറ്റ് അംഗങ്ങളെപ്പോലെ വേഷം ധരിക്കും. ഇറ്റലിയിലെ ഡോളോമൈറ്റ്സ് പർവ്വതനിരകളെല്ലാം കയറിയതിനു ശേഷമാണ് അദ്ദേഹം ഈ സംഘടനയിൽ അംഗമാകുന്നത്.

വൈദികനായി 25 വർഷം കഴിഞ്ഞപ്പോഴാണ് ഫാ. യൂജൻ തന്റെ മറ്റൊരു ദൈവവിളി തിരിച്ചറിയുന്നത്. അത് മറ്റൊന്നുമല്ല, പർവ്വതങ്ങളിൽ അപകടത്തിൽപെട്ടവരെ സഹായിക്കുക എന്നതാണ്. തുടർന്ന് അത്തരമൊരു സംഘടനയിലെ അംഗമാകാനുള്ള ആഗ്രഹം അദ്ദേഹത്തിൽ തീവ്രമായി. അങ്ങനെ അദ്ദേഹം എവിഎസ് സൗത്ത് ടൈറോൾ മൗണ്ടൈൻ റെസ്ക്യൂ സംഘത്തിലെ അംഗമായി. ജർമ്മൻ ഭാഷ മാത്രം സംസാരിക്കുന്ന അൽപൈൻ ക്ലബിന്റെ സഹായസംഘമാണിത്.

54-കാരനായ ഈ വൈദികന് ചെറുപ്പത്തിൽ തന്നെ മലകളോട് ഒരു പ്രത്യേക സ്നേഹമായിരുന്നു. ഇറ്റലിയിലെ ഡോളോമൈറ്റ്സ് പർവ്വതനിരകളിലെ എല്ലാ കൊടുമുടികളും റെസ്ക്യൂ സംഘത്തിൽ അംഗമാകുന്നതിനു മുൻപ് അദ്ദേഹം കയറിയിട്ടുണ്ട്. ഒരു റെസ്ക്യൂ പ്രവർത്തനത്തിനു പോകുമ്പോൾ അദ്ദേഹം സംഘത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ചുവന്ന വേഷമണിയും. ഇറ്റാലിയൻ, ജർമ്മൻ, ലാറ്റിൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ഫാ. യൂജൻ സൗത്ത് ടൈറോൾ പ്രദേശത്തുള്ള എല്ലാ ആളുകൾക്കും ഇപ്പോൾ സുപരിചിതനാണ്. കാരണം സൗത്ത് ടൈറോളിലെ ഡോളോമൈറ്റ്സ് പർവ്വതനിരകളാണ് അദ്ദേഹത്തിന്റെ പ്രവർത്തനമേഖല.

എന്നാൽ ഇതിനു മുൻപ് ഫാ. യൂജനെപ്പോലെ മറ്റൊരു വൈദികനും ആ പ്രദേശത്ത് സേവനം ചെയ്തിട്ടുണ്ട്. അത് ഫാ. ജോസഫ് ഹർട്ടനായിരുന്നു. അൽപൈൻ സംഘടനയിലെ അംഗം തന്നെയായിരുന്നു ഈ വൈദികനും. ഇപ്പോൾ അദ്ദേഹത്തിന് 94 വയസ്സുണ്ട്. ഈ പ്രായത്തിലും താൻ പരിശീലനം കൊടുത്ത നായ അദ്ദേഹത്തോടൊപ്പമുണ്ട്. അടുത്ത് എവിടെയെങ്കിലും ഹിമപാതത്തിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാൻ ഈ നായയ്ക്ക് അദ്ദേഹം പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

“ഒരു പുരോഹിതൻ പർവ്വതങ്ങളിൽ അപകടത്തിൽപെടുന്നവരെ സഹായിക്കുക എന്നത് ഗൗരവമേറിയ പ്രതിബദ്ധതയാണ്” – ഫാ. യൂജൻ പറഞ്ഞു. തന്റെ പൗരോഹിത്യജീവിതവും പർവ്വത രക്ഷാപ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുകയാണ് ഈ വൈദികൻ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.