221 ദിവസം, 3500 മൈലുകൾ! പോളണ്ടിൽ നിന്ന് ഫാത്തിമയിലേക്ക് കാൽനടയായി ഒരു ബാർബറിന്റെ തീർത്ഥാടനം

221 ദിവസം, 3500 മൈലുകൾ, 10 രാജ്യങ്ങൾ, സമ്പാദ്യമായി കൈയ്യിൽ ഒരു ജപമാല മാത്രം! കേൾക്കുമ്പോൾ, ഇപ്പോൾ ട്രെൻഡിങ്ങായ വാൻ ലൈഫ് ആണെന്ന് തോന്നുമല്ലേ? എന്നാൽ അല്ല. വടക്കുകിഴക്കൻ പോളണ്ടിൽ നിന്നുള്ള 23-കാരനായ ജാക്കൂബ് കാർലോവിച്ച് എന്ന ക്രിസ്ത്യൻ യുവാവ് ഫാത്തിമ മാതാവിന്റെ അടുത്തേക്ക് കാൽനടയായി നടത്തിയ തീർത്ഥാടനമാണിത്. ഒരു ബാർബർ കൂടിയായ ജാക്കൂബ്, ഫെബ്രുവരി 24-ന് തന്റെ ലക്ഷ്യസ്ഥാനത്തെത്തി.

കൈയ്യിൽ ജപമാലയുമേന്തിയുള്ള ജാക്കൂബിന്റെ യാത്ര ലോകത്തോടുള്ള തന്റെ വിശ്വാസപ്രഘോഷണത്തിന്റെ ഒരു സാക്ഷ്യം കൂടിയായിരുന്നു. ‘അണ്ടർ ദി കെയർ ഓഫ് ഗോഡ്’ എന്ന ഫേസ് ബുക്ക് പേജിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടിരുന്നത്.

2022 ജൂലൈ 17-ന് ഭക്ഷണമോ, അധികം വസ്ത്രങ്ങളോ, പണമോ, ക്രെഡിറ്റ് കാർഡോ ഇല്ലാതെ ദൈവത്തിൽ മാത്രം ആശ്രയിച്ച് തുടങ്ങിയതാണ് ഈ യാത്ര. ആകെ കരുതിയത് തന്റെ തൊഴിലുപകരണങ്ങളായ കത്രികയും ചീപ്പും മാത്രം. എന്ത് കഴിക്കും അല്ലെങ്കിൽ എവിടെ ഉറങ്ങും എന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതെ ‘ദൈവത്തിന്റെ സംരക്ഷണത്തിൻകീഴിലായിരുന്നു’ ജാക്കൂബിന്റെ യാത്ര. തീർത്ഥാടനത്തിന്റെ 221 ദിവസങ്ങളിൽ ഒരിക്കൽപ്പോലും ജാക്കൂബിനെ ദൈവം പട്ടിണി കിടത്തിയിട്ടില്ല. നടത്തം മതിയാക്കി തിരിച്ചുപോകാൻ മാത്രമുള്ള ഒരു അനിഷ്ടസംഭവവും ഉണ്ടാകാൻ ഇടവരുത്തിയില്ല. എല്ലാ ദിവസവും, എല്ലാ രാജ്യങ്ങളിലും, അദ്ദേഹം സന്ദർശിച്ച ചെറിയ ഗ്രാമത്തിൽ പോലും ദൈവത്തിന്റെ കരുതൽ അവിടുത്തെ നന്മയുള്ള മനുഷ്യരിലൂടെ അവൻ അനുഭവിച്ചു.

ഒരിക്കൽ ഫ്രാൻസിൽ വച്ച് ഒരു ബിഎംഡബ്ല്യു കാർ പെട്ടെന്ന് അടുത്തു കൊണ്ടുവന്ന് നിർത്തിയ ശേഷം അതിൽ നിന്നും മുഖം മറച്ച ഒന്നുരണ്ട് ആളുകൾ കാറിന്റെ ഡിക്കി തുറന്ന് വലിയൊരു ബാഗിലെ ഫുഡ് അദ്ദേഹത്തിന് കൊടുത്തു. ജാക്കൂബിന് മൂന്ന് ദിവസത്തേക്കുണ്ടായിരുന്നു ആ ഭക്ഷണം.

യാത്രയിലുടനീളം ജാക്കൂബിന് വീടുകളും ഇടവകകളും ആശ്രമങ്ങളും ആശ്രയമായി നിന്നു. പലപ്പോഴും ആളുകൾ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ഭക്ഷണം നൽകുകയും അവരുടെ വാഷിംഗ് മെഷീൻ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തു. ചിലപ്പോൾ ചിലർ, നടന്നു കീറിയ ഷൂസുകൾ മാറ്റാൻ ആവശ്യപ്പെടുകയും പകരം പുതിയവ വാങ്ങികൊടുക്കുകയും ചെയ്തു. മറ്റു ചിലപ്പോൾ, മുടി വെട്ടിയും താടി വടിച്ചും പണം സമ്പാദിച്ചു.

‘ലോകത്തിലെ ഏറ്റവും ഫലപ്രദമായ ആയുധം’ എന്ന് അദ്ദേഹം വിശ്വസിക്കുന്ന ജപമാല ജാക്കൂബിനൊപ്പം നിരന്തരം ഉണ്ടായിരുന്നു. ഓരോ ചുവടിലും ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ലോകത്തിന്റെ സമാധാനത്തിനും പരിചയക്കാർക്കും തീർത്ഥാടനവേളയിൽ കണ്ടുമുട്ടിയവർക്കും വേണ്ടി ചൊല്ലാൻ അവൻ മറന്നില്ല.

ജാക്കൂബിന്റെ അനുഭവത്തിൽ ആളുകൾ എല്ലാവരും നല്ലവരാണ്. ചിലർക്ക് അവരുടെ ജീവിതത്തിൽ ദൈവത്തെ നഷ്ടപ്പെട്ടു പോയി എന്നതൊഴിച്ചാൽ എല്ലാവരും നന്മയുള്ളവർ തന്നെ. 3500 മൈലുകൾ ദൂരമുള്ള യാത്രയിൽ ജാക്കൂബ് തിരഞ്ഞെടുത്തതും തീർത്ഥാടനകേന്ദ്രങ്ങളുള്ള വഴി. പല രാജ്യങ്ങളിലെയും പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചായിരുന്നു യാത്ര. ഒരു ദിവസം 20 മുതൽ 30 മൈൽ വരെ അദ്ദേഹം നടന്നു.

ജാക്കൂബ് ഇപ്പോഴും റോഡിലാണ്! ഫെബ്രുവരി 24-ന് ലക്ഷ്യസ്ഥാനത്തെത്തിയ ജാക്കൂബ് കാൽനടയായിട്ടാണ്‌ മടങ്ങുന്നതും. വഴിയിൽ കൂടുതൽ മരിയൻ ആരാധനാലയങ്ങളും സഭയിലെ വിശുദ്ധരുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സന്ദർശിക്കാനാണ് ആഗ്രഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.