50 നോമ്പ് ധ്യാനം 24: നല്ല കള്ളന്‍

അരിക്കച്ചവടം നടത്തി ‘അരിപ്രാഞ്ചി’ എന്ന പേരുവീണ പ്രാഞ്ചിയേട്ടന്‍ പേരുമാറ്റാന്‍ സ്വര്‍ണ്ണക്കട തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചു: ‘സ്വര്‍ണ്ണക്കടക്കാരന്‍ അരിപ്രാഞ്ചി.’ കള്ളന്‍ പറുദീസ പോലും സ്വന്തമാക്കിയെങ്കിലും അവനെയും നമ്മള്‍ സ്‌നേഹത്തോടെ വിളിക്കുന്നു- ”നല്ല കള്ളന്‍.”

നല്ല കള്ളനെക്കുറിച്ചുള്ള ധ്യാനം നമ്മെ ഗാഗുല്‍ത്തായിലേക്കും ക്രിസ്തുവിന്റെ സങ്കല്പം കുരിശിന്റെ ഇരുവശങ്ങളിലേക്കും നയിക്കും. മനുഷ്യന്റെ മനസ്സിന്റെയുള്ളില്‍ വിധി നടത്താന്‍ ദൈവം സന്നിഹിതനാകുന്ന ഇടത്തിന്റെ പേരായിരിക്കണം ഗാഗുല്‍ത്താ. തന്റെ ഇടത്തും വലത്തുമായി ആട്ടിന്‍പറ്റത്തെ വേര്‍തിരിക്കാന്‍ ഇടയനെത്തുന്ന ഇടം. നല്ലതിനെ അവന്‍ വലത്തേക്കു മാറ്റിനിര്‍ത്തുകയായിരുന്നോ, അതോ വലത്തേക്കു മാറ്റിനിര്‍ത്തപ്പെട്ടവ നല്ലവയായി മാറുകയായിരുന്നോ എന്ന ചോദ്യം ഉത്തരം അന്വേഷിക്കുന്ന ഇടം.

കള്ളനെപ്പോലും നല്ലവനാക്കി മാറ്റിയ ക്രിസ്തുവിന്റെ വലതുവശത്തിന് എന്തെങ്കിലും മാന്ത്രികശക്തിയുണ്ടെങ്കില്‍ ഇടതുവശത്തെ കള്ളന് ന്യായീകരണമുണ്ട്. പലപ്പോഴും നമ്മള്‍ നമ്മളെത്തന്നെ സാധൂകരിക്കാന്‍ ഉപയോഗിക്കുന്ന അതേ ന്യായീകരണം; ‘വലതുവശം കിട്ടിയുന്നെങ്കില്‍ എന്നിലെ കള്ളനും നല്ലവനായേനെ’ എന്ന ന്യായം. എന്നാല്‍ ആ സാധൂകരണത്തെയും അസാധുവാക്കുകയാണ് ‘സത്യം.’ ഹൃദയം തുറന്നുകാണിച്ച ഗാഗുല്‍ത്താ.

എന്തായിരുന്നു സത്യം? ക്രിസ്തുവിന്റ കുരിശിലെ കൈകള്‍ രണ്ടുപേര്‍ക്കും നേരെ ഒരുപോലെ നീട്ടപ്പെട്ടിരുന്നു എന്നതായിരുന്നു ആ സത്യം. കുരിശിലേറ്റിയവര്‍ക്കു വേണ്ടിയുള്ള അവന്റെ പ്രാര്‍ഥന പൊറുതികിട്ടാത്ത തെറ്റുകള്‍ ഇല്ലെന്ന് രണ്ടു പേരെയും പഠിപ്പിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. എന്നിട്ടും ഒരുവന്‍ കള്ളനായും അപരന്‍ നല്ല കള്ളനായും മരിക്കുമ്പോള്‍, ‘സത്യം’സത്യമായി തന്നെ നമ്മോട് പറയുന്നു; സാഹചര്യങ്ങളെ പഴിച്ച് അതില്‍ മരിക്കുന്നവനല്ല, സാഹചര്യങ്ങളെ പോലും മാറ്റിമറിക്കുന്നവനാണ് പറുദീസായുടെ അവകാശി.

ക്രിസ്തുവിന്റെ വലതുവശത്തെ തിരിച്ചുവരവിന്റെയും മാനസാന്തരത്തിന്റെയും മണ്ണിലേക്കു നയിക്കുന്ന അനന്തസാധ്യതകളുടെയും വശമാക്കി മാറ്റിയവനുള്ളതാണ് പറുദീസ. നല്ലവനില്‍ നിന്ന് കള്ളനിലേക്കു നടന്ന വഴി തിരിച്ചറിഞ്ഞവനല്ലേ കള്ളനില്‍ നിന്ന് നല്ലവനിലേക്കു മടങ്ങാനാവൂ. ഈ തിരിച്ചറിവ് സ്വന്തമാക്കിയവനാണ് നല്ല കള്ളന്‍. താനെങ്ങെനെ കള്ളനായി? ”ആട്ടിന്‍തൊഴുത്തിലേക്ക് വാതിലിലൂടെ അല്ലാതെ മറ്റുവഴിക്ക് പ്രവേശിക്കുന്നവനാണ് കള്ളന്‍” (യോഹ. 10:2) എന്നായിരുന്നല്ലോ ഗുരുവിന്റെ വാക്കുകള്‍. സുഖത്തിനും സന്തോഷത്തിനും സമ്പത്തിനുംവേണ്ടി കുറുക്കുവഴികള്‍ തെരഞ്ഞെടുത്തവര്‍ യഥാര്‍ഥ വാതില്‍ കണ്ടെത്തിയ ഇടമാണ് ഗാഗുല്‍ത്താ. ”ഞാനാണ് ആടുകളുടെ വാതില്‍” എന്നായിരുന്നു ഗുരുമൊഴി. ”എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും” (യോഹ. 10:9). ആ വാതില്‍ കണ്ടെത്തിയപ്പോള്‍ അവന്‍ മുട്ടി. രക്ഷയുടെ- പറുദീസയുടെ വാതില്‍ തുറക്കപ്പെടുകയും ചെയ്തു.

നിങ്ങള്‍ അന്വേഷിക്കുന്ന സന്തോഷത്തിന്റെ പേരാണ് ക്രിസ്തുവെന്ന് യുവജനങ്ങളെ ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ നമ്മളെയും പഠിപ്പിക്കുന്നത് ഇതു തന്നെയാണ്; യഥാര്‍ഥ സന്തോഷത്തിലേക്കും സമ്പത്തിലേക്കും കുറുക്കുവഴികള്‍ ഒന്നുമില്ല. ഒരേയൊരു വഴി – അത് ക്രിസ്തുവാണ്. ആ വഴി വെളിപ്പെടുന്നത് കുരിശിലും. അതിനാല്‍ പരാജയത്തിന്റെയും അപമാനത്തിന്റെയും മരണത്തിന്റെയും മുന്നില്‍ കീഴടങ്ങരുത്. പരാജയത്തിലൂടെ വിജയവും അപമാനത്തിലൂടെ മഹത്വവും മരണത്തിലൂടെ ജീവനും സഹനത്തിലൂടെ സൗഖ്യവും ഉറപ്പു തരുന്ന ഇടമാണ് കുരിശ്.

ഈ വൈരുധ്യങ്ങളുടെ സങ്കേതമായ കുരിശിനെ തിരിച്ചറിഞ്ഞവനെ കുരിശും തന്നിലേക്കു ചേര്‍ത്തുപിടിച്ചു. വൈരുദ്ധ്യങ്ങളുടെ ആ പട്ടികയിലേക്ക് അങ്ങനെ ഒന്നുകൂടി ചേര്‍ത്തുവയ്ക്കപ്പെട്ടു – നല്ല കള്ളന്‍. തെറ്റുകള്‍ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടിയിരിക്കത്തന്നെ തന്നോടുതന്നെ ക്ഷമിക്കുകയും തന്റെ തന്നെ കുറവുകളോട് സഹിഷ്ണുതയോടെ പുഞ്ചിരിക്കുകയും ചെയ്യുന്നിടത്താണ് നന്മയിലേക്കുള്ള യാത്ര ആരംഭിക്കുക എന്നല്ലേ നല്ല കള്ളന്‍ നമ്മെ പഠിപ്പിക്കുന്നത്. പൗലോസ് ശ്ലീഹാ പറയുന്ന ‘ആ മുള്ള്’ അവിടെത്തന്നെ ഇരിക്കട്ടെ. കാരണം, നമ്മെ ബലപ്പെടുത്തുന്ന ഒരോര്‍മ്മയാണത്. ദൈവം കൂടെ വേണം എന്ന ഓര്‍മപ്പെടുത്തലാണത്. അതിനാല്‍ ‘നല്ല കള്ളനിലെ’ ആ കള്ളനെ നല്ല മനസ്സോടെ അംഗീകരിക്കാം; ദൈവത്തിലാശ്രയിക്കാം.

ഫാ. ഷാരോണ്‍ പാറത്താഴെ