ആർച്ചുബിഷപ്പ് ജോർജ് ഗാൻസ്വെയിൻ പാപ്പായുടെ അവസാന നിമിഷങ്ങൾ പങ്കുവയ്ക്കുന്നു

“ഞാൻ ഉടൻ തന്നെ അദ്ദേഹത്തിന്റെ കിടയ്ക്കരികിലെത്തി. അദ്ദേഹം ദീർഘശ്വാസം എടുക്കുന്നത് കണ്ട ഞാൻ അത്യധികം ഭയപ്പെട്ടു. അദ്ദേഹത്തിന്റെ വേദന അധികം നീണ്ടുനിന്നില്ല. രാവിലെ 9.34 ഓടെ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു” – ദീർഘകാലം പാപ്പായുടെ സ്വകാര്യ സെക്രട്ടറിയായിരുന്ന ജോർജ് ഗാൻസ്വെയിൻ മെത്രാപ്പോലീത്തയുടെ വാക്കുകളാണ് ഇത്. ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരുന്ന അദ്ദേഹം ആ മഹാത്മാവിന്റെ ഓർമ്മകൾ, അവസാന നിമിഷങ്ങൾ പങ്കുവയ്ക്കുന്നു.

ഡിസംബർ 26 -ന് ജോർജ് ഗാൻസ്വെയിൻ തന്റെ കുടുംബത്തെ സന്ദർശിക്കാൻ ജർമ്മനിയിലേക്ക് പോയതായിരുന്നു. എന്നാൽ അടുത്ത ദിവസം ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില മോശമായ വിവരം അറിഞ്ഞതിനെ തുടർന്ന് മടങ്ങിയെത്തി. പാപ്പായെ പരിചരിക്കുന്ന ഇറ്റാലിയൻ ഹൃദ്രോഗ വിദഗ്ധൻ ഡോ. പാട്രിസിയോ പോളിസ്ക വന്നിട്ടുണ്ടെന്നും അസ്വസ്ഥതകൾ മൂലം രാത്രിയിൽ ബെനഡിക്ട് പിതാവിന് ഉറങ്ങാൻ സാധിച്ചിരുന്നില്ല എന്നുമുള്ള അറിയിപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതിനാൽ തന്നെ മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ച് ഓടിയെത്തുകയായിരുന്നു ബിഷപ്പ് ഗാൻസ്വെയിൻ.

ഡിസംബർ 28 -ന് പുലർച്ചെ ഒരു മണിക്ക് അദ്ദേഹം പാപ്പായുടെ പക്കലെത്തി. സാഹചര്യങ്ങൾ പന്തിയല്ല എന്ന് മനസിലാക്കിയ ബിഷപ്പ്, ബെനഡിക്ട് പാപ്പായുടെ ആരോഗ്യനിലയെക്കുറിച്ച് രാവിലെ തന്നെ ഫ്രാൻസിസ് പാപ്പായ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് പാപ്പായ്ക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. കാര്യങ്ങൾക്കു വിപരീതമായി അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായി. ഇത് എല്ലാവരെയും സന്തോഷിപ്പിച്ചു.

എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വീണ്ടും മോശമാകുന്നത് മനസിലാക്കിയ ബിഷപ്പ്, ഫ്രാൻസിസ് പാപ്പായെ വിളിക്കുകയും ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് രോഗീലേപനം നൽകുവാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണമെന്ന നിർദ്ദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. രോഗീലേപനം സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മുറിയിലായിരുന്നു വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. ഈ ദിവസങ്ങളിൽ ഭക്ഷണം ഒന്നും തന്നെ ബെനഡിക്ട് പാപ്പാ കഴിച്ചിരുന്നില്ല. അതിനാൽ വിശുദ്ധ കുർബാനമധ്യേ തിരുരക്തം മാത്രമാണ് സ്വീകരിച്ചിരുന്നത് – ബിഷപ്പ് വെളിപ്പെടുത്തുന്നു.

ഡിസംബർ 30 -നും 31 -നും ഇടയിലുള്ള രാത്രി വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കടന്നുപോയി. ഈ രാത്രിയിൽ ഏതാണ്ട് 2.50 -നും 3.10 -നും ഇടയിലാണ് ഇറ്റാലിയൻ ഭാഷയിൽ “കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ അവസാന വാക്കുകളും ഇതായിരുന്നു. അതിന് മണിക്കൂറുകൾക്കു ശേഷം ബെനഡിക്ട് പതിനാറാമൻ ഈ ലോകത്തിലെ തന്റെ ദൗത്യം അവസാനിപ്പിച്ച് യാത്രയായി…

ബെനഡിക്ട് പതിനാറാമൻ പാപ്പാ തന്റെ അവസാന നാളുകളിൽ കടന്നുപോയത് കുരിശിന്റെ വഴിയിലൂടെ ആയിരുന്നുവെന്നും അത്രമാത്രം സഹനങ്ങളെ അദ്ദേഹം സ്വീകരിച്ചിരുന്നുവെന്നും ബിഷപ്പ് വെളിപ്പെടുത്തുന്നു. എന്നാൽ തന്റെ സഹനങ്ങളിൽ സന്തോഷം കണ്ടെത്തുകയും ദൈവം തനിക്കായി നൽകിയ നിധികളെ കണ്ടെത്തുകയുമാണ് താൻ എന്നുമാണ് മുൻപാപ്പാ ആ സഹനങ്ങളെ ഏറ്റെടുത്തുകൊണ്ട് പറഞ്ഞത് എന്ന് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ ഓർക്കുന്നു.

ബെനഡിക്ട് പതിനാറാമൻ വിട വാങ്ങുമ്പോൾ ജോർജ് ഗാൻസ്വെയിന് വേദനകൾ ഏറെയാണ്. നാളുകളായി നിഴലുപോലെ കൂടെ നടന്നിരുന്നു ആ മഹാവ്യക്തിത്വത്തിനൊപ്പം. ഇന്ന് അദ്ദേഹം ഇല്ലാതിരിക്കുന്ന അവസ്ഥ ഏറെ വേദനാജനകമാണ്. എങ്കിലും ആ വിശുദ്ധമരത്തിന്റെ തണലിൽ നിന്നും ലഭിച്ച ഊഷ്മളതയും ആർദ്രതയും എന്നും അദ്ദേഹത്തെ പുൽകാൻ പോന്നതാണ്…

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.