വരൾച്ച രൂക്ഷം: എത്യോപ്യൻ ജനതയുടെ പ്രതിസന്ധിയില്‍ സഹായമായി ക്രിസ്ത്യന്‍ സംഘടനകള്‍

അതികഠിനമായ വരൾച്ചമൂലം എത്യോപ്യൻ ജനതയുടെ ജീവിതം പ്രതിസന്ധിയിലാഴുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾ നീണ്ട നിരയിൽ ദിവസങ്ങളോളം കാത്തു നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വെള്ളം അന്വേഷിച്ചുള്ള നീണ്ട യാത്രകൾ ജനങ്ങളിൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. അയർലണ്ടിലെ കത്തോലിക്കാ ബിഷപ്പുമാരുടെ വിദേശ വികസന ഏജൻസിയായ ട്രൂകെയറിന്റെ നേതൃത്വം വരൾച്ചയും ജലക്ഷാമവും പ്രതികൂലമായി ബാധിക്കുന്നവര്‍ കടുത്ത ക്ഷാമം മൂലം മാനസിക വെല്ലുവിളികൾ നേരിടുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചു.

“നിങ്ങൾക്ക് വെള്ളമില്ലാത്തപ്പോൾ നിങ്ങൾ വെള്ളത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നിങ്ങൾ നീണ്ട നിരയിലായിരിക്കുമ്പോൾ വെള്ളം ലഭിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ചിലപ്പോൾ നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിലോ എന്നോർത്ത് ആകുലപ്പെടുന്നു. ഇതാണ് നമ്മുടെ ചിന്തകളെ നയിക്കുന്നത്. ഇത് നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കാം. ജലത്തെക്കുറിച്ച് മാത്രം ചിന്തിച്ചു ജീവിക്കാൻ വിധിക്കപ്പെടുക എന്നത് വളരെയധികം ദുഷ്കരമായ കാര്യമാണ്. കിണറിന്റെ അരികിൽ മണിക്കൂറുകളോളം കാത്തു നിൽക്കുകയും അവസാനം ഒരു തുള്ളി വെള്ളം പോലും ലഭിക്കാതെ തിരികെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന ഈ ജനതയുടെ അവസ്ഥ വലിയ ദുരിതത്തിലാണ്.” -എത്യോപ്യൻ വൈദികനായ ഫാ. അബ്ബാ തെസ്ഫലേം പറഞ്ഞു.

ലോക മരുഭൂമി വൽക്കരണ- വരൾച്ചാ ദിനമായി ആചരിക്കപ്പെട്ട ജൂൺ 17 -ന് എത്യോപ്യൻ ജനത വെള്ളം ശേഖരിക്കാൻ മൈലുകളോളം സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മലിന ജലം പോലും കുടിക്കാൻ എടുക്കേണ്ട അവസ്ഥയാണെന്നും ജലക്ഷാമം ജനജീവിതത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണെന്നും എത്യോപ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.