ജീവിതത്തിൽ പ്രാർഥന ഒരു ശീലമാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ

ജീവിതത്തിലെ ഏതു സാഹചര്യങ്ങളിലും ദൈവത്തോടു ചേർന്നുനിന്ന് അവയെ അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ഘടകമാണ് പ്രാർഥന. പ്രാർഥന നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ദൈവവമായുള്ള ബന്ധത്തിൽ ആഴപ്പെടാൻ നമുക്ക് സാധിക്കുന്നു. യഥാർഥത്തിൽ ദൈവത്തോടുള്ള സംഭാഷണമാണ് പ്രാർഥന. ഇപ്രകാരം ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തോടു സംസാരിക്കുന്ന കല അഭ്യസിക്കുന്നതിലൂടെ ജീവിതത്തെ സമചിത്തതയോടെ നേരിടാൻ നാം പ്രാപ്തരാകുന്നു. ദൈവത്തോടുള്ള സംഭാഷണം ഒരു ശീലമാക്കാൻ സഹായിക്കുന്ന ഏതാനും ചില മാർഗങ്ങൾ കാണാം.

1. ഉണരുമ്പോൾ അന്നത്തെ ദിവസത്തെ മുഴുവനും ദൈവത്തിന്റെ കരങ്ങളിൽ  ഭരമേല്പിച്ചുകൊണ്ട് കുറച്ചുസമയം പ്രാർഥിക്കാം.

2. ജോലി ആരംഭിക്കുമ്പോൾ ‘ഈശോയേ, ഞാനിത് ആരംഭിക്കുകയാണ്, എന്നെ സഹായിക്കണേ’ എന്ന ദൈവചിന്തയോടെ ആരംഭിക്കുകയും നന്ദിപറഞ്ഞുകൊണ്ട് അവസാനിപ്പിക്കുകയും ചെയ്യാം.

3. യാത്രചെയ്യുമ്പോൾ നമ്മൾ കണ്ടുമുട്ടുന്നവരെയും നമ്മുടെ കാഴ്ചകളെയുംകുറിച്ച് ഈശോയോടു പങ്കുവയ്ക്കുന്നതിലൂടെ നമ്മുടെ യാത്രകളെ പ്രാർഥനയാക്കാം. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതിന് നന്ദിപറയുകയും ചെയ്യാം.

4. ഓരോ ദിവസത്തെയും അനുഭവങ്ങളിലെ സങ്കടങ്ങളെയും സന്തോഷങ്ങളെയും ആ സമയത്തുതന്നെ ഹൃദയപൂർവം ദൈവത്തിനു സമർപ്പിക്കുന്ന അതിലൂടെ നാം നമ്മുടെ സങ്കടങ്ങളെയും സന്തോഷങ്ങളെയും ദൈവത്തിന് സമർപ്പിച്ചുപ്രാർഥിക്കുകയാണ് ചെയ്യുന്നത്.

5. ഉറങ്ങുന്നതിനുമുമ്പായി അന്നത്തെ എല്ലാ പ്രവൃത്തികളെയും ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ട്, വന്നുപോയ വീഴ്ചകൾക്ക് മാപ്പുചോദിക്കാം. ഏതാനും മിനിറ്റുകൾ മാപ്പുപറഞ്ഞു പ്രാർഥിക്കുന്നത് ഉചിതമാണ്.

നമ്മോടുകൂടെയുള്ള ദൈവത്തെ ഇങ്ങനെ ഇടയ്ക്കിടെ സംസാരിക്കുന്നതിലൂടെയും ഓർക്കുന്നതിലൂടെയും നമ്മുടെ ജീവിതം കൂടുതൽ സന്തോഷമുള്ളതായിത്തീരും. ദൈവാനുഗ്രഹത്തോടെ എല്ലാ കാര്യങ്ങളും ആരംഭിക്കാൻ പ്രാർഥന ഒരു ശീലമാക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.