
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലേക്കു നയിച്ച സുപ്രധാന സംഭവങ്ങളിലൊന്ന് നടന്നത് സെപ്റ്റംബർ എട്ടിനാണ്. ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന ധോല പോസ്റ്റ് അന്ന ചൈനീസ് സൈന്യം വളയുകയായിരുന്നു. ടിബറ്റിലെ നാംഖാചു താഴ്വരയിലെ ധോലയിൽ അതേവർഷം ജൂൺ മാസത്തിൽ ഇന്ത്യൻ സൈന്യം സ്ഥാപിച്ച ഔട്ട്പോസ്റ്റാണ് ചൈനക്കാർ വളഞ്ഞത്. ഇതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് ഇന്ത്യ-ചൈന യുദ്ധത്തിലേക്കു നയിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിലായിരുന്നു യുദ്ധം. തർക്കഭൂമിയായ ഹിമാലയൻ അതിർത്തി തന്നെയായിരുന്നു യുദ്ധത്തിന്റെ പ്രധാന കാരണം.
1991 സെപ്റ്റംബർ എട്ടിനാണ് യൂഗോസ്ലാവിയയിൽ നിന്നും മാസിഡോണിയ റിപ്പബ്ലിക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. മാസിഡോണിയയിലെ പൗരന്മാരുടെ വോട്ടിലൂടെ രാജ്യം സമാധാനപരമായി സ്വതന്ത്രരാഷ്ട്രമായി സ്ഥാപിക്കപ്പെടുകയായിരുന്നു. 1991 ൽ സ്വാതന്ത്ര്യം ലഭിച്ച് മാസിഡോണിയ എന്ന പേര് സ്വീകരിച്ചതോടെ ഗ്രീസുമായി പ്രശ്നങ്ങൾ ഉടലെടുത്തു. 2019 ൽ തർക്കം പരിഹരിച്ച് രാജ്യം നോർത്ത് മാസിഡോണിയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തെക്കുകിഴക്കൻ യൂറോപ്പിലുൾപ്പെട്ട ഈ രാജ്യത്ത് 1.83 ദശലക്ഷം ആളുകൾ വസിക്കുന്നുണ്ട്. ദക്ഷിണ സ്ലാവിക് ജനതയായ മാസിഡോണിയൻ വംശജരാണ് ഇവരിൽ ഭൂരിഭാഗവും.
1967 സെപ്റ്റംബർ എട്ടിനാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന് ആരംഭം കുറിച്ചത്. 1966 ഒക്ടോബർ 26 നു നടന്ന യുനെസ്കോയുടെ ജനറൽ കോൺഫറൻസിന്റെ 14-ാമത് സെഷനിലാണ് സെപ്റ്റംബർ എട്ട് സാക്ഷരതാ ദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്. വ്യക്തികളും സമൂഹങ്ങളും സാക്ഷരരാകേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1965 ൽ ഇറാനിലെ ടെഹ്റാനിൽ നടന്ന നിരക്ഷരതാ നിർമാർജനത്തെക്കുറിച്ചുള്ള വിദ്യാഭ്യാസമന്ത്രിമാരുടെ ലോകസമ്മേളനത്തിലാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം എന്ന ആശയം വിഭാവനം ചെയ്യപ്പെട്ടത്.
സുനീഷ വി എഫ്




