
ചിലി സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയത് 1810 സെപ്റ്റംബർ 18 നായിരുന്നു. ഒരു ദശാബ്ദത്തോളം നീണ്ട സ്വാതന്ത്ര്യസമരത്തിന്റെ ഫലമായിട്ടായിരുന്നു ചിലി സ്വാതന്ത്ര്യം നേടിയത്. 1818 ഫെബ്രുവരി 12 നാണ് ചിലി പൂർണ്ണമായും സ്വാതന്ത്ര്യം നേടിയത്, എന്നാൽ 1826 ൽ മാത്രമാണ് സ്പാനിഷ് സൈന്യത്തിന്റെ അവസാനത്തെ പ്രതിരോധം അവസാനിപ്പിച്ചത്. 16-ാം നൂറ്റാണ്ട് മുതൽ സ്പെയിൻ ചിലിയെ ഭരിച്ചിരുന്നു. യൂറോപ്പിലെ ഫ്രഞ്ച്-സ്പാനിഷ് യുദ്ധങ്ങൾ, കൊളോണിയൽ ഭരണത്തിനെതിരായ മറ്റു തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ കലാപങ്ങൾ, 1808 ൽ ജനപ്രിയനല്ലാത്ത ഒരു സ്പാനിഷ് ഗവർണറെ നിയമിച്ചത് എന്നിവ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രസ്ഥാനത്തിനു കാരണമായി. സ്പെയിനിലെ രാജാവായ ഫെർഡിനാൻഡ് ഏഴാമൻ ഫ്രഞ്ചുകാരുടെ തടവിലായിരുന്നതിനാൽ ചിലി അദ്ദേഹത്തോട് സൈദ്ധാന്തികമായി വിശ്വസ്തരായിരുന്നു. അതിനാൽ 1810 ലെ പ്രഖ്യാപനം ‘സോപാധികമായ സ്വാതന്ത്ര്യ പ്രഖ്യാപന’മായിരുന്നു. ഈ പ്രഖ്യാപനത്തെ ചിലിയിലെ സ്വാതന്ത്ര്യദിനമായി കണക്കാക്കുന്നു. രാജ്യത്ത് ഈ ദിവസം ദേശീയ അവധി ദിനമാണ്.
അമേരിക്കൻ ദിനപത്രമായ ന്യൂയോർക്ക് ടൈംസ് (NYT) സ്ഥാപിതമായത് 1851 സെപ്റ്റംബർ 18 മുതലാണ്. ന്യൂയോർക്ക് സിറ്റിയിലാണ് ഇത് സ്ഥാപിതമായത്. അന്നു മുതൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന ഒരു പത്രമാണ് ഇത്. മറ്റേതൊരു വാർത്താസ്ഥാപനത്തെക്കാളും കൂടുതൽ, 112 പുലിറ്റ്‌സർ സമ്മാനങ്ങൾ ന്യൂയോർക്ക് ടൈംസ് നേടിയിട്ടുണ്ട്.
1965 സെപ്റ്റംബർ 18 നാണ് ഇകേയ-സെകി എന്ന വാൽനക്ഷത്രം കണ്ടെത്തിയത്. 1965 സെപ്റ്റംബർ 18 ന് രണ്ട് ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞരായ കയോരു ഇകേയയും സുട്ടോമു സെകിയും കണ്ടെത്തിയ അതിശയകരവും പ്രശസ്തവുമായ ഒരു വാൽനക്ഷത്രമായിരുന്നു സി/1965 എസ്1 എന്നറിയപ്പെടുന്ന ഇകേയ-സെകി എന്ന വാൽനക്ഷത്രം. അവരുടെ കണ്ടെത്തലിന്റെ അംഗീകാരമായി ഈ വാൽനക്ഷത്രത്തെ പലപ്പോഴും ഈ ജ്യോതിശാസ്ത്രജ്ഞരുടെ പേരുകളിൽ വിളിക്കാറുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ, ജമ്മുകാശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് ഏറ്റവും വലിയ നഷ്ടം നേരിട്ട ദിവസമാണ് 2016 സെപ്റ്റംബർ 18. ആയുധധാരികളായ നാലു ഭീകരർ നിയന്ത്രണരേഖ (എൽഒസി) മറികടന്ന്, ഏകദേശം ആറു കിലോമീറ്റർ സഞ്ചരിച്ച് ജമ്മുകാശ്മീരിലെ ഉറി പട്ടണത്തിലെ കനത്ത സുരക്ഷയുള്ള സൈനിക ക്യാമ്പ് അതിക്രമിച്ചു കയറി വൻ ഗ്രനേഡ് ആക്രമണം നടത്തി. 18 സൈനികരാണ് ഈ ആക്രമണത്തിൽ വീരമൃത്യു വരിച്ചത്.
സുനീഷ വി എഫ്




