ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 01

1840 മെയ് ഒന്നിന് ലോകത്തിലെ ആദ്യത്തെ ഒട്ടിക്കാവുന്ന സ്റ്റാമ്പ് ആയ പെനി ബ്ലാക്ക് ഇംഗ്ലണ്ടിൽ പുറത്തിറങ്ങി. സർ റോളണ്ട് ഹിൽ ആണ് ഈ സ്റ്റാമ്പ് രൂപകൽപന ചെയ്തത്. 1840 കളിൽ പെനി ബ്ലാക്കിന്റെ 12 സ്റ്റാമ്പുകൾക്ക് ഒരു ഷില്ലിംഗ് ആയിരുന്നു വില. കറുത്ത മഷി കൊണ്ടാണ് ഇത് ആദ്യമായി അച്ചടിക്കപ്പെട്ടത്. പിന്നീട് നീല മഷിയിലും ചുവപ്പ് മഷിയിലും അച്ചടിക്കപ്പെട്ടു. ബ്രിട്ടനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലേക്കും പെന്നി ബ്ലാക്ക് സ്റ്റാമ്പുകൾ മെയ് ഒന്നിനു തന്നെ വിതരണം ചെയ്യപ്പെട്ടു. എങ്കിലും മെയ് ആറിനാണ് പൊതുജനങ്ങൾ ഇത് ഉപയോഗിച്ചുതുടങ്ങിയത്. പെന്നി ബ്ലാക്കിലെ വിക്ടോറിയ രാജ്ഞിയുടെ ചിത്രം രൂപകൽപന ചെയ്തത് ചാൾസ് ഹീത്തും മകൻ ഫ്രഡ്രിക്കും ചേർന്നാണ്. തുടക്കത്തിൽ വിപണനം അതിവേഗത്തിലായിരുന്നു. എന്നാൽ 1841 ഫെബ്രുവരിയിൽ പെനി റെഡ് പുറത്തിറങ്ങിയതോടെ പെനി ബ്ലാക്കിന്റെ ഉപയോഗം കുറഞ്ഞു.

1924 മെയ് ഒന്നിനാണ് അയോഡൈസ്ഡ് ഉപ്പ് വിപണിയിലെത്തിയത്. യു എസിലെ മിഷിഗോണിലെ പലചരക്ക് കടകളിൽ ഇതെത്തി. മുൻവർഷങ്ങളിലെ കോവി, മറൈൻ എന്നിവരുടെ ഗവേഷണപരമ്പരയിലെ പഠനറിപ്പോർട്ടുകളാണ് ഇതിന് വഴിവച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അയോഡിന്റെ കുറവുമായി ബന്ധപ്പെട്ട തൈറോയ്ഡ് അവസ്ഥയായ ഗോയിറ്റർ എന്ന രോഗത്താൽ ബുദ്ധിമുട്ടുന്നവരായിരുന്നു അമേരിക്കൻ മിഡ് വെസ്റ്റിൽ ജീവിച്ചിരുന്നവർ ഉൾപ്പെടെ പലരും. അതുവരെ കടൽപായലിലും കടൽഭക്ഷണത്തിലും ശിരോ ഉൽപന്നങ്ങളിലും മാത്രം ലഭ്യമായിരുന്ന ഒന്നായിരുന്നു അയോഡിൻ. അയോഡിൻ ഉപ്പ് എന്ന പരിഹാരമാർഗം മെയ് ഒന്നു മുതൽ അവിശ്വസനീയമാംവിധം ലളിതവും ഫലപ്രദവും വിലകുറഞ്ഞതുമായി മാറി.

നാലു പതിറ്റാണ്ടുകാലം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് പ്രവർത്തനം ആരംഭിച്ചത് 1931 മെയ് ഒന്നിനാണ്. 102 നിലകളുള്ള ഈ കെട്ടിടം അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1931 മുതൽ 1972 ൽ വേൾഡ് ട്രേഡ് സെന്റർ നിർമ്മിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. അമേരിക്കയിലെ സിവിൽ എഞ്ചിനീയർമാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാദ്ഭുങ്ങളുടെ പട്ടികയിൽ 1250 അടി ഉയരമുള്ള എംപയർ സ്റ്റേറ്റ് ബിൽഡിംഗും ഇടംപിടിച്ചിരുന്നു. എംപയർ സ്റ്റേറ്റ് എന്ന ന്യൂയോർക്ക് നഗരത്തിന്റെ വിളിപ്പേരാണ് ഈ കെട്ടിടത്തിന്റെ നാമത്തിനു കാരണഭൂതമായത്. അമേരിക്കൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് നടത്തിയ സർവേയിൽ അമേരിക്കക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കെട്ടിടം എന്ന സ്ഥാനം എംപയർ സ്റ്റേറ്റ് ബിൽഡിംഗിന് ആണെന്ന് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.