ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 27

ആകാശത്തുവച്ച് ആദ്യമായി ഒരു വിമാനത്തിൽ വിജയകരമായി ഇന്ധനം നിറച്ചത് 1923 ജൂൺ 27 നായിരുന്നു. ഡി എച്ച് ഫോർ ബി (DH 4B) വിഭാഗത്തിൽപെട്ട രണ്ടു വിമാനങ്ങളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അമേരിക്കൻ സൈന്യമായിരുന്നു കാലിഫോർണിയയിലെ സാൻഡിയാഗോയിൽവച്ചു നടന്ന പരീക്ഷണത്തിന് നേതൃത്വം നൽകിയത്. മുകളിൽ പറന്ന വിമാനത്തിൽനിന്ന് ഒരു ഹോസ് ഉപയോഗിച്ച് താഴെ പറന്ന വിമാനത്തിലേക്ക് ഇന്ധനം നിറയ്ക്കുകയായിരുന്നു. ഇന്ധനവുമായി പറന്ന വിമാനം നിയന്ത്രിച്ചത് ലെഫ്റ്റനന്റ് വിർജിൽ ഹൈൻ, ലെഫ്റ്റനന്റ് ഫ്രാങ്ക് സെയ്ഫെർട്ട് എന്നിവരായിരുന്നു. ഇന്ധനം നിറച്ച വിമാനത്തിലുണ്ടായിരുന്നത് ലെഫ്റ്റനന്റ് ലോവൽ സ്മിത്ത്, ലെഫ്റ്റനന്റ് ജോൺ റിച്ചർ എന്നിവരുമായിരുന്നു.

ജപ്പാന്റെ ഔദ്യോഗിക കറൻസിയായി യെൻ സ്വീകരിക്കപ്പെട്ടത് 1871 ജൂൺ 27 നായിരുന്നു. 1871 ലെ കറൻസി ആക്ട് പ്രകാരമാണ് യെൻ ഔദ്യോഗിക കറൻസിയായത്. ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഭാഗമായി നിലനിന്നിരുന്ന നോട്ടുകൾക്കു പകരമാണ് യെൻ പുതിയ കറൻസിയായി നിലവിൽവന്നത്. 1879 ആയപ്പോഴേക്കും എല്ലാ വിനിമയങ്ങളും യെൻ ഉപയോഗിച്ചായി. 1954 വരെ ഒരു യെന്നിനെ 100 സെൻ എന്നും 1000 റിൻ എന്നും വിഭജിച്ചിരുന്നു. എന്നാൽ 1954 ആയപ്പോഴേക്കും ഈ ചെറിയ നാണയങ്ങളെല്ലാം പിൻവലിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാൻ പുതിയ സാമ്പത്തികശക്തിയായി ഉയർന്നുവന്നപ്പോൾ യെൻ അന്താരാഷ്ട്രതലത്തിൽ തന്നെ ലീഡിംഗ് കറൻസിയായി മാറി.

ജമ്മുകാശ്‌മീർ വിമാനത്താവളത്തിലെ വ്യോമസേനാ സ്റ്റേഷനുനേരെ ഡ്രോൺ ആക്രമണമുണ്ടായത് 2021 ജൂൺ 27 നായിരുന്നു. രാജ്യത്ത് ഏതെങ്കിലും സൈനികകേന്ദ്രത്തിനുനേരെ നടക്കുന്ന ആദ്യത്തെ ഡ്രോൺ ആക്രമണമായിരുന്നു അത്. പുലർച്ചെ 1.40 നാണ് ആദ്യ ആക്രമണമുണ്ടായത്. ആറുമിനിറ്റിനു ശേഷം രണ്ടാമത്തെ ഡ്രോണും സ്ഫോടകവസ്തുക്കളുമായി പറന്നെത്തി. ആദ്യസ്ഫോടനത്തിൽ വ്യോമസേനാ സാങ്കേതികവിഭാഗത്തിന്റെ കെട്ടിടത്തിന്റെ മേൽക്കുരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ടാമത്തെ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ തുറന്ന സ്ഥലത്തുതന്നെ പൊട്ടിത്തെറിച്ചു. പാക്ക്  അതിർത്തിയിൽനിന്ന് 14 കിലോമീറ്റർ അകലെയായാണ് സ്ഫോടനം നടന്നത്.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.