ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂലൈ 06

ലൂയി പാസ്ചർ പേവിഷബാധയ്ക്കെതിരെ വികസിപ്പിച്ച ആന്റി-റാബിസ് വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചത് 1885 ജൂലൈ ആറിനായിരുന്നു. പേവിഷബാധയുള്ള നായയുടെ കടിയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന ഒൻപതു വയസ്സുകാരനിലാണ് ആദ്യമായി വാക്സിൻ ഇൻജെക്ട് ചെയ്തത്. വാക്സിന്റെ ഫലമായി മെയ്സ്റ്റർ വിഷബാധയിൽനിന്നു മുക്തനാവുകയും ലൂയി പാസ്ചർ ദേശീയശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് നൂറുകണക്കിനാളുകൾ ഈ വാക്സിൻ ഉപയോഗിച്ച് പേവിഷബാധയിൽനിന്നു രക്ഷപെട്ടു. പാസ്ചറിന്റെ ഈ കണ്ടെത്തലാണ് ആരോഗ്യരംഗത്ത് പ്രതിരോധചികിത്സ എന്ന പുതിയ ശാഖയുടെ ആരംഭത്തിനു കാരണമായത്.

ബ്രിട്ടീഷ് പാർലമെന്റിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ അംഗമാകുന്നത് 1892 ജൂലൈ ആറിനായിരുന്നു. ലണ്ടനിലെ സെൻട്രൽ ഫിൻസ്ബറി മണ്ഡലത്തിൽ നിന്ന് ലിബറൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച ദാദാഭായ് നവറോജിയായിരുന്നു വെള്ളക്കാരനല്ലാത്ത ആദ്യ ബ്രിട്ടീഷ് പാർലമെന്റംഗം. 1825 ൽ മുംബൈയിലാണ് അദ്ദേഹം ജനിച്ചത്. 1855 ൽ മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗുജറാത്തി പ്രൊഫസറായാണ് ബ്രിട്ടനിലെത്തുന്നത്. ഗ്രാന്റ് ഓൾഡ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ഇന്ത്യയ്ക്ക് സ്വരാജ് വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. ഇന്ത്യക്കാരെ അടിമകളാക്കി വാഴുന്ന ബ്രിട്ടനെതിരെ ആ നാട്ടിൽചെന്ന് ആഞ്ഞടിക്കുകയും ധീരമായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ മുന്നോടിയെന്നു കരുതാവുന്ന ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ 1867 ൽ രൂപവൽക്കരിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാരനായ എ ഒ ഹ്യൂമിനോടൊപ്പം സജീവപ്രവർത്തകനായും നവറോജി ഉണ്ടായിരുന്നു.

1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിനുശേഷം 44 വർഷം അടഞ്ഞുകിടന്ന നാഥുല ചുരം തുറന്നത് 2006 ജൂലൈ ആറിനായിരുന്നു. അന്നുമുതലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരമാർഗമുള്ള ചരക്കുകൈമാറ്റം വീണ്ടും ആരംഭിച്ചത്. ഇന്ത്യാ-ചൈന അതിർത്തിവഴിയുള്ള കച്ചവടപാതയാണ് നാഥുല പാസ്. പുരാതന സിൽക്ക് റൂട്ട് ഇതുവഴിയാണ് കടന്നുപോയിരുന്നത്. 563 കിലോമീറ്റർ ദൂരമുള്ള ഈ പാത ഗാംഗ്ടോക്കിനെയും ടിബറ്റനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ചൈനയെ മധ്യ ഏഷ്യവഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ചരിത്രപാതയുടെ ഭാഗം കൂടിയാണ് നാഥുല പാസ്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.