രോഗീപരിചരണത്തിന് വി. ബെനഡിക്ട് നൽകുന്ന ഉപദേശങ്ങൾ

എല്ലാ കാര്യങ്ങളെയും പോലെതന്നെ രോഗികളെ പരിചരിക്കുന്നതിലും വിശുദ്ധന്മാർക്ക് ഉപദേശങ്ങളുണ്ട്. രോഗീപരിചരണം അത്ര എളുപ്പമല്ലാത്തതുകൊണ്ടു തന്നെ വി. ബെനഡിക്ട് മനോഹരമായ ആ ഉപദേശങ്ങൾ അദ്ദേഹത്തിന്റെ ‘ദി റൂൾ ഓഫ് സെന്റ് ബെനഡിക്ട്’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവയെക്കുറിച്ചു വായിച്ചറിയാം.

1 . എല്ലാ ജോലികൾക്കും ശേഷം രോഗിയെ പരിചരിക്കാനുള്ള നിങ്ങളുടെ പദ്ധതി ഉപേക്ഷിക്കുക

വി. ബെനഡിക്ട് തന്റെ പ്രസിദ്ധമായ നിയമത്തിൽ ഇപ്രകാരം എഴുതുന്നു: രോഗികളെ പരിപാലിക്കുന്നത് എല്ലാറ്റിനുമുപരിയായിരിക്കണം. അങ്ങനെ അവർ ക്രിസ്തുവിനെപ്പോലെ യഥാർഥത്തിൽ സേവിക്കപ്പെടും. കാരണം യേശു പഠിപ്പിക്കുന്നു: “ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു” (മത്തായി 25:36) “ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ചെയ്തത് എനിക്കും ചെയ്തു” (മത്തായി 25:40).

മാതാപിതാക്കളെന്ന നിലയിൽ, നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗവും നമ്മുടെ കുട്ടികളെ നിസ്വാർഥരായിരിക്കാനാണ് നാം പഠിപ്പിക്കുന്നത്. എന്നാൽ അവർ രോഗികളാകുമ്പോൾ, മറ്റെല്ലാം മാറ്റിവച്ച് ക്രിസ്തുവിനെപ്പോലെ നാം അവരെ പരിപാലിക്കുന്നു. നിസ്വാർഥ സ്നേഹം എങ്ങനെയായിരിക്കുമെന്ന് അവർക്ക് മാതൃകയാക്കാനുള്ള ഒരു അവസരമാണിത്. കഴിയുന്നത്ര സമയം രോഗിയുടെ കൂടെ ഇരിക്കുക. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, അവരെ ചേർത്ത് കെട്ടിപ്പിടിക്കുക. ഏതു പ്രായത്തിലുള്ള വ്യക്തിക്കും നിങ്ങളുടെ ശ്രദ്ധയുള്ള സാന്നിധ്യം ഒരു ആശ്വാസമാണ്.

അവർക്ക് സ്നേഹവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു രോഗിയെ അവഗണിക്കുകയോ, അവർ ‘സുഖമായിരിക്കുന്നു’ എന്നമട്ടിൽ പരിഗണിക്കുകയോ ചെയ്യരുത്. അല്ലെങ്കിൽ അവരുടെ രോഗത്തെ മറികടക്കാൻ നിർബന്ധിക്കരുത്. സുഖം പ്രാപിക്കാൻ അവർക്ക് യഥാർഥ വിശ്രമം ആവശ്യമാണ്.

ഈ സമയവും കടന്നുപോകും. ​ഒരുതരത്തിൽ പറഞ്ഞാൽ, അമ്മമാർ (അല്ലെങ്കിൽ പിതാക്കന്മാർ, മുത്തശ്ശിമാർ) എന്ന നിലയിലുള്ള നമ്മുടെ വിളികൾ ജീവിക്കാനുള്ള അവസരമാണിത്. രോഗികളെ പരിചരിക്കുന്നത് കാരുണ്യത്തിന്റെ ഒരു പ്രവർത്തിയാണ്. രോഗികളായവർ പലപ്പോഴും മറക്കപ്പെടുകയോ, ഒഴിവാക്കപ്പെടുകയോ ചെയ്യുന്നു. സ്നേഹത്തോടെ അവരെ പരിപാലിക്കുമ്പോൾ അവർക്ക് നമ്മുടെ സമയവും ശ്രദ്ധയും നൽകാം.

2. ചില പ്രായോഗിക സൗകര്യങ്ങൾ ഒരുക്കുക

വിശ്രമിക്കാൻ കഴിയുന്ന തരത്തിൽ കട്ടിലിൽ പുതപ്പുകളും തലയിണകളും ഉപയോഗിച്ച് ‘സുഖകരമായ ഒരു ഇടം’ ഉണ്ടാക്കുക. സമീപം ഒരു പെട്ടി ടിഷ്യൂ, ഒരു ചെറിയ വേസ്റ്റ് ബാസ്കറ്റ്, ഒരു വാട്ടർ ബോട്ടിൽ, ഒരു വലിയ പാത്രം എന്നിവ വയ്ക്കുക. നിങ്ങളുടെ കുട്ടിക്ക് നീളമുള്ള മുടിയുണ്ടെങ്കിൽ, ദിവസം മുഴുവൻ സോഫയിൽ കിടന്ന് കെട്ടുപോകാതിരിക്കാൻ അത് പിന്നുകയോ, പിന്നിലേക്ക് വച്ചുകെട്ടുകയോ ചെയ്യുക.

3 . സമാധാനപരവും വിശ്രമകരവുമായ വിനോദപരിപാടികൾ വാഗ്ദാനം ചെയ്യുക

ടിവിക്കു പകരം ഓഡിയോബുക്കുകൾ, കോമിക് പുസ്തകങ്ങൾ എന്നിവ പോലുള്ള കാര്യങ്ങൾ തിരഞ്ഞെടുത്ത് അവർക്ക് നൽകുക. ചെറിയ കളിപ്പാട്ടങ്ങൾ, സ്റ്റിക്കർ പുസ്തകങ്ങൾ, കളറിംഗ് പുസ്തകങ്ങൾ എന്നിവ നൽകുന്നതും നല്ലതാണ്.

ഒരു കാര്യം… നിങ്ങളെയും ശ്രദ്ധിക്കൂ!

രോഗികളെ ശുശ്രൂഷിക്കുന്നതിനോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരുടെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലും കൈ കഴുകുന്നതിലും ധാരാളം വെള്ളം കുടിക്കുന്നതിലും രോഗീശുശ്രൂഷകർ ശ്രദ്ധാലുവായിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഏതൊരു വീട്ടിലും വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാണ് ഒരാളുടെ രോഗാവസ്ഥ. അതേസമയം തന്നെ, പരിചരണം നൽകുന്ന ആളുകൾ സ്വന്തം ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

വി. ജിയന്ന മൊല്ല ഒരിക്കൽ പറഞ്ഞു: “ഒരാൾ തന്റെ ദൈനംദിന ജോലിയിലൂടെ സ്വർഗം സമ്പാദിക്കുന്നു.” ഈ രോഗാവസ്ഥയുടെ സമയം ശരിക്കും കഠിനവും ശ്രമകരവുമാണ്. പക്ഷേ നമ്മുടെ സ്നേഹപൂർവമായ പരിചരണവും ത്യാഗങ്ങളും എല്ലായ്‌പ്പോഴും സ്വർഗം വിലമതിക്കുമെന്ന് ഉറപ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.