
ഒരു വിശുദ്ധനും താപസനുമായിരുന്നു നർസിയായിലെ വി. ബെനഡിക്റ്റ്. എ. ഡി. 480-നും 547-നുമിടയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ജൂലൈ 11-നാണ് വിശുദ്ധന്റെ തിരുനാൾ ദിനം. ക്രൈസ്തവസന്യാസികളുടെ പെരുമാറ്റച്ചട്ടങ്ങളടങ്ങിയ ‘ബെനഡിക്റ്റിന്റെ നിയമം’ അല്ലെങ്കിൽ ‘റൂൾ ഓഫ് ബെനഡിക്റ്റ്’ എന്ന സംഹിതയുടെ കർത്താവായി ഇദ്ദേഹം കരുതപ്പെടുന്നു.
ഒപ്പംതന്നെ, പാശ്ചാത്യനാടുകളിൽ ക്രിസ്തീയസന്യാസത്തിന്റെ പിതാവെന്നും വി. ബെനഡിക്റ്റ് അറിയപ്പെടുന്നു. കത്തോലിക്കാ സഭ അദ്ദേഹത്തെ യൂറോപ്പിന്റെയും വിദ്യാർഥികളുടെയും പ്രത്യേക മധ്യസ്ഥനായി വണങ്ങുന്നു. വിശുദ്ധന്റെ സഹോദരിയായ സ്‌കോളാസ്റ്റിക്കായും കത്തോലിക്കാ സഭയിലെ വിശുദ്ധയാണ്.
മധ്യപൂർവ ഇറ്റലിയിലെ നൂർസിയായിലാണ് വിശുദ്ധൻ ജനിച്ചത്. ഒരു സമ്പന്നകുടുംബാംഗമായിരുന്ന അദ്ദേഹം പഠനത്തിനായി റോമിലേക്കുപോയി. ആ നഗരത്തിന്റെ ലൗകികമോടിയും സുഖലോലുപതയും നിറഞ്ഞ സംസ്കാരം അദ്ദേഹത്തിന് മടുപ്പുണ്ടാക്കി. അങ്ങനെ 15 – 20 വയസുള്ളപ്പോൾത്തന്നെ ബെനഡിക്റ്റ് സന്യാസജീവിതം തിരഞ്ഞെടുത്തു. തുടർന്ന് ഒരു ഗുഹയ്ക്കുള്ളിൽ ഒറ്റയ്ക്കിരുന്ന് തീവ്രമായ തപസും പ്രാർഥനയുമായി മൂന്നുവർഷത്തിലേറെ ചിലവഴിച്ചു. ബെനെഡിക്റ്റിന്റെ താപസജീവിതത്തെക്കുറിച്ചു കേട്ടറിഞ്ഞ് സമീപത്തുണ്ടായിരുന്ന ഒരു സന്യാസഭവനത്തിലെ അന്തേവാസികൾ തങ്ങളുടെ ശ്രേഷ്ഠനാകാൻ അദ്ദേഹത്തെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച ബെനഡിക്റ്റ് അവിടെയെത്തിയെങ്കിലും അദ്ദേഹത്തിന്റെ നിഷ്ഠകളും കഠിനതപസും പിന്തുടരാനാകാതെ സന്യാസികൾ വിഷമിച്ചു. അവർ അദ്ദേഹത്തെ വിഷം ചേർത്ത വീഞ്ഞ് നൽകി കൊല്ലാൻ തീരുമാനിച്ചു. അതോടെ ബെനഡിക്റ്റ് പഴയ ജീവിതത്തിലേക്കു മടങ്ങി.
ബെനെഡിക്റ്റിന്റെ വിശുദ്ധിയും ആത്മീയതയും പ്രസിദ്ധമായതോടെ ഒരുപാടുപേർ അദ്ദേഹത്തെ തേടിയെത്തി. പിന്നീട് അദ്ദേഹം റോമിൽനിന്ന് 64 കിലോമീറ്റർ കിഴക്കു മാറിയുള്ള സുബിയാക്കോയിൽ 12 സന്യാസ സമൂഹങ്ങൾ സ്ഥാപിച്ചു. എങ്കിലും സുബിയാക്കോയിൽ അദ്ദേഹം സ്ഥാപിച്ച സമൂഹങ്ങളിലെ സന്യാസികളിൽ എല്ലാവർക്കും അദ്ദേഹത്തിന്റെ അച്ചടക്കം പിന്തുടരാൻ സാധിച്ചില്ല. അതോടെ ഏറ്റവും വിശ്വസ്തരായ അനുയായികളോടൊത്ത് നേപ്പിൾസിനും റോമിനുമിടയിലുള്ള മോണ്ടെ കാസിനോ എന്ന മലയിലേക്കു പോയി. അവിടെ ഒരു സന്യാസഭവനം സ്ഥാപിച്ചു.
എ. ഡി. 542-നുശേഷം തന്റെ ഇരട്ടസഹോദരിയും സന്യാസിനിയുമായിരുന്ന സ്‌കോളാസ്റ്റിക്കയുടെ മരണശേഷമാണ് വിശുദ്ധൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. മോണ്ടെ കാസിനോയിലെ തന്റെ ആശ്രമത്തിലെ അൾത്താരയ്ക്കുമുന്നിൽ പ്രാർഥനയിൽ മുഴുകിയിരിക്കെയായിരുന്നു അദ്ദേഹം മരണമടഞ്ഞതെന്നു പറയപ്പെടുന്നു. 1220-ൽ പോപ്പ് ഹൊണോറിയസ് മൂന്നാമനാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
വി. ബെനഡിക്റ്റിന്റെ കാശുരൂപവും പ്രത്യേകതകളും
വി. ബെനഡിക്റ്റിന്റെ കാശുരൂപം വിശ്വാസികളുടെ ഇടയിൽ വളരെ പ്രസിദ്ധമാണ്. ലോകമെമ്പാടുമുള്ളവർ വിശ്വാസത്തോടെ ഇത് ധരിക്കുന്നുണ്ട്. നിരവധി ചിത്രങ്ങളും എഴുത്തുകളുമുള്ള ഈ കാശുരൂപം ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.
ഈ കാശുരൂപത്തിന്റെ ഒരുഭാഗത്ത് വലതുകൈയിൽ കുരിശും ഇടതുകൈയിൽ ‘റൂൾ ഓഫ് ബെനഡിക്റ്റ്’ എന്ന പുസ്തകവുമായി നിൽക്കുന്ന വി. ബെനെഡിക്റ്റിനെ കാണാം. അതിന്റെ ഇരുവശങ്ങളിലുമായി ലത്തീൻഭാഷയിൽ രണ്ട് എഴുത്തുകളുമുണ്ട്. അതിൽ ഇടതുവശത്ത് എഴുതിയിരിക്കുന്നത് CSPB – Crux Sancti patris Benedicti അഥവാ പരിശുദ്ധ ബെനഡിക്റ്റ് പിതാവിന്റെ കുരിശ് എന്നാണ്. ഇടതുവശത്ത് ചുറ്റിനിൽക്കുന്ന എഴുത്ത് ലത്തീൻഭാഷയിൽ തന്നെയുള്ളതാണ്. Eius in obitu nostro praesentia muniamur! അഥവാ ‘ഞങ്ങളുടെ മരണസമയത്തും അവിടുത്തെ സാന്നിധ്യം ഉണ്ടായിരിക്കണമേ’ എന്നുള്ള അപേക്ഷയാണ്.
വി. ബെനഡിക്റ്റിനെ സന്തോഷകരമായ മരണത്തിന്റെ മധ്യസ്ഥനെന്നും വിശേഷിപ്പിക്കുന്നുണ്ട്. അതിനു കാരണം പരിശുദ്ധ കുർബാന സ്വീകരിച്ചതിന്റെ തൊട്ടടുത്ത നിമിഷം തന്നെയായിരുന്നു അദ്ദേഹം മരണമടഞ്ഞതെന്നതാണ്.
വിശുദ്ധന്റെ ചിത്രത്തിനുതാഴെ ‘ex SM Casino MDCCCLXXX’ എന്ന് എഴുതിയിരിക്കുന്നു. ‘മോണ്ടെ കാസിനോ 1880’ എന്നാണ് ഇത്. വിശുദ്ധന്റെ ജന്മദിനത്തിന്റെ 1400-ാം വാർഷികത്തിന്റെ ഓർമ്മയായിട്ടാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്.
കാശുരൂപത്തിന്റെ മറുഭാഗത്ത് കൂടുതലായും എഴുത്തുകളാണുള്ളത്. കുരിശിന്റെ ചിഹ്നത്തിന്റെ ഉൾഭാഗത്തെ നാലുഭാഗങ്ങളിലും ലത്തീൻഭാഷയിലെ നാല് അക്ഷരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഇതൊരു പ്രാർഥനയാണ്. Crux sacra sit mihi lux ! Nunquam draco sit mihi dux! അഥവാ ‘വിശുദ്ധ കുരിശ് നിങ്ങളുടെ പ്രകാശമായിരിക്കട്ടെ!’ ‘സാത്താൻ ഒരിക്കലും എന്റെ വഴികാട്ടിയാകാതിരിക്കട്ടെ!’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുരിശിന്റെ പുറത്തുള്ള നാലുവശങ്ങളിലും C S P B എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. Crux Sancti Patris Benedicti എന്നാണ് അത്. ‘പരിശുദ്ധ പിതാവ് ബെനഡിക്റ്റിന്റെ കുരിശ്’ എന്നാണ് അതിനർഥം. കുരിശിന്റെ മുകളിൽ pax എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ‘സമാധാനം’ എന്നാണ് ഇത് അർഥമാക്കുന്നത്. കാശുരൂപത്തിന്റെ വശങ്ങളിൽ V R S N S M V – S M Q L I V B എന്നുണ്ട്. സാത്താനെതിരെയുള്ള ലത്തീൻഭാഷയിലുള്ള ഒരു പ്രാർഥനയാണിത്. Vade retro Satana! Nunquam suade mihi vana! Sunt mala quae libas. Ips venena bibas! അതായത്, ‘സാത്താനെ ദൂരെപ്പോകൂ. നിന്റെ കുതന്ത്രങ്ങളാൽ എന്നെ പ്രലോഭിപ്പിക്കരുത്. കാരണം നീ എനിക്ക് തിന്മ മാത്രമേ നൽകുകയുള്ളൂ. നീ തന്നെ വിഷം കുടിച്ചുകൊള്ളുക!’ എന്നാണ് ആ പ്രാർഥന.
ദൈവത്തിന്റെ പ്രത്യേകമായ സംരക്ഷണത്തിനും അനുഗ്രഹത്തിനുമായാണ് ഈ കാശുരൂപം ധരിക്കുന്നത്. ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിലുള്ള മഹത്വവും വി. ബെനഡിക്റ്റിനോടുള്ള പ്രത്യേകമായുള്ള മാധ്യസ്ഥവും ഈ കാശുരൂപം ധരിക്കുന്നതിലൂടെ നമുക്കു ലഭിക്കുന്നു. സാത്താന്റെ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാനും ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള സമാധാനവും ക്രിസ്തുവിന്റെ കുരിശ് നമ്മുടെ രക്ഷയും വഴികാട്ടിയുമായിരിക്കണമേ എന്നുള്ള പ്രാർഥനയുമാണ് ഇത് ധരിക്കുന്നതിലൂടെ നാം ഏറ്റുപറയുന്നത്.
സുനിഷ വി. എഫ്.




