ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 21

1911 ഓഗസ്റ്റ് 21 നാണ് വിശ്വവിഖ്യാതമായ മോണാലിസ എന്ന പെയിൻറിങ് കളവ് പോകുന്നത്. 1507 ൽ ലിയാനാഡോ ഡാവിഞ്ചി വരച്ച മൊണാലിസ അന്ന് വരെ കലാലോകത്തിനു പുറത്ത് പരക്കെ അറിയപ്പെട്ടിരുന്നില്ല; മോണാലിസ, അത് ഇരുന്ന ലൂവ്രിലെ ഗാലറിയിലെ ഏറ്റവും പ്രശസ്തമായ പെയിന്റിംഗ് പോലുമായിരുന്നില്ല. ഡൊറോത്തിയുടെയും ടൗൺ ഹൂബ്ലറിന്റെയും തുടങ്ങി ഒട്ടനവധി പുസ്തകങ്ങളിൽ ഈ കൊള്ളയെക്കുറിച്ച് എഴുതപ്പെട്ടു. അങ്ങനെ ഒറ്റരാത്രി കൊണ്ട് മൊണാലിസ അതിപ്രശസ്തമായ ഒരു പെയിന്റിംഗായി മാറി. ഇറ്റലിക്കാരായ വിൻസെൻസോ, പെറുഗ്യ മൈക്കൾ എന്നിവരായിരുന്നു മോഷണത്തിനു പിന്നിൽ. 28 മാസങ്ങൾക്കു ശേഷം പെയിന്റിംഗ് കണ്ടെത്തുകയും എട്ടുമാസത്തെ തടവ് ശിക്ഷ ഇവർക്ക് ലഭിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വാർത്തകളിൽ നിന്ന് ഇത് അപ്രത്യക്ഷമായി.

1972 ഓഗസ്റ്റ് 21 നാണ് വന്യജീവി സംരക്ഷണനിയമം പാസ്സാകുന്നത്. പരിസ്ഥിതിയിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ പുനസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഇടപെടലായിരുന്നു നിയമനിർമാണം. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ആദ്യത്തെ ക്രോഡീകരിച്ച നിയമം ബ്രിട്ടീഷുകാരാണ് പാസാക്കിയത്. 1887 ൽ പ്രാബല്യത്തിൽവന്ന വൈൽഡ് ബേർഡ്സ് പ്രൊട്ടക്ഷൻ ആക്ടായിരുന്നു അത്. ശേഷം 1912 ൽ ബ്രിട്ടീഷുകാർ വീണ്ടും വൈൽഡ് ബേർഡ്സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്ട് 1912 എന്ന നിയമം പാസാക്കി. 1935 ൽ ഇത് വീണ്ടും ഭേദഗതി നടത്തി. 1972 ലെ വന്യജീവി സംരക്ഷണനിയമം വിവിധയിനം സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യൻ പാർലമെൻറ് നടപ്പിലാക്കിയ ഇന്ത്യൻ നിയമനിർമാണമാണ്. 1972 സെപ്റ്റംബർ ഒൻപതിനാണ് നിയമം നടപ്പിലായത്.

1940 ജൂണിൽ യുഎസ് എസ് ആറിന്റെ കോളനിയായി മാറിയ ലാത്വിയ എന്ന യൂറോപ്യൻ രാജ്യം സ്വതന്ത്രമായത് 1991 ആഗസ്റ്റ് 21 നായിരുന്നു. സെപ്റ്റംബർ ആറിനു പരമാധികാരവും തൊട്ടുപിന്നാലെ ഐക്യരാഷ്ട്ര സഭയുടെ അംഗത്വവും രാജ്യത്തിനു ലഭിച്ചു. റിഗയാണ് ലാത്വിയയുടെ തലസ്ഥാന നഗരം. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാജ്യം കമ്പോളവ്യവസ്ഥിതിയിലേക്കു മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യവസായങ്ങളിൽ പലതും സ്വകാര്യവൽകരിക്കപ്പെട്ടു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.