
ലോകത്ത് ആദ്യമായി ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ ഒരു വനിത ഒരു രാജ്യത്തിന്റെ പരമാധികാരിയായത് 1980 ഓഗസ്റ്റ് ഒന്നിനാണ്. ഐസ്‌ലാൻഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിഗ്ഡിസ് ഫിൻബൊഗാദൊത്തിർ ആയിരുന്നു ചരിത്രത്തിൽ ഇടം നേടിയ ആ വനിത. പുരുഷന്മാരായ മറ്റു മൂന്നു സ്ഥാനാർഥികൾക്കെതിരെ മത്സരിച്ച് 33.6% വോട്ടോടു കൂടിയാണ് അവർ രാജ്യത്തിന്റെ പ്രസിഡന്റായത്. 1980 ൽ അധികാരത്തിലെത്തിയതു മുതൽ 1996 വരെ തുടർച്ചയായ 16 വർഷങ്ങൾ അവർ രാജ്യാധികാരത്തിൽ തുടർന്നു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രസിഡന്റായി സേവനം ചെയ്ത വനിത എന്ന റെക്കോർഡും അവരുടെ പേരിൽ തന്നെയാണ്.
എം ടിവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മ്യൂസിക് ടെലിവിഷൻ പ്രവർത്തനം ആരംഭിച്ചത് 1981 ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് അർധരാത്രി 12.01 ന് പ്രശസ്തമായ ബഗിൾസ് എന്ന ബാന്റിന്റെ – ‘വീഡിയോ കിൽഡ് ദി റേഡിയോ സ്റ്റാർ’ – എന്ന വീഡിയോ ആൽബം പ്രദർശിപ്പിച്ചുകൊണ്ടാണ് ഇത് പ്രവർത്തനം തുടങ്ങിയത്. റേഡിയോയെ അനുകരിച്ച് വീഡിയോ ഡിസ്ക് ജോക്കികളാണ് ടിവിയിലെ സംഗീതപരിപാടികൾ ആങ്കർ ചെയ്തിരുന്നത്. 225 കേബിൾ സംവിധാനങ്ങളിലൂടെ രണ്ടുമില്യണിലധികം വീടുകളിലേക്കാണ് അന്ന് എം ടിവി എത്തിച്ചേർന്നത്. സംഗീതവ്യവസായത്തിൽ സംഭവിച്ച വലിയൊരു വിപ്ലവം തന്നെയായിരുന്നു എം ടിവിയുടെ ആവിർഭാവം. എം ടിവിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു സംഗീതജ്ഞനോ, സംഗീതജ്ഞയ്ക്കോ ലഭിക്കുന്ന താരപദവി ഈ ചാനലിന്റെ വമ്പിച്ച ജനപിന്തുണയുടെ അടയാളമായി വിലയിരുത്തപ്പെട്ടു. മഡോണയെപ്പോലുള്ള അക്കാലത്തെ പുതുമുഖതാരങ്ങൾ പ്രശസ്തരായത് എം ടിവിയിലൂടെയാണ്.
മൈക്ക് ടൈസനെ ലോകചാമ്പ്യനായി ബോക്സിംഗ് രംഗത്തെ പ്രധാനപ്പെട്ട മൂന്ന് ഓർഗനൈസേഷനുകൾ ഒരേസമയം അംഗീകരിച്ചത് 1987 ആഗസ്റ്റ് ഒന്നിനായിരുന്നു. ടോണി ടക്കർ എന്ന ബോക്സറെ പരാജയപ്പെടുത്തിയപ്പോഴായിരുന്നു അത്. വേൾഡ് ബോക്സിംഗ് കൗൺസിൽ, വേൾഡ് ബോക്സിംഗ് അസോസിയേഷൻ, ഇന്റർനാഷണൽ ബോക്സിംഗ് ഫെഡറേഷൻ എന്നീ സംഘടനകളാണ് ടൈസനെ ലോകചാമ്പ്യനായി അംഗീകരിച്ചത്. 1986 നവംബറിൽ തന്റെ 20-ാം വയസ്സിൽ അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ഹെവി വെയ്റ്റ് ചാമ്പ്യനായി ചരിത്രം കുറിച്ചിരുന്നു. അഞ്ചടി 11 ഇഞ്ച് ഉയരവും 99 കിലോ ഭാരവുമുണ്ടായിരുന്ന ടൈസൻ അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു.
സുനീഷ വി എഫ്




