താപസകന്യക – വി. എവുപ്രാസ്യാമ്മ

വി. എവുപ്രാസ്യമ്മയുടെ ജീവിതചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ ദൈവത്തെ സ്വന്തമാക്കാനും ദൈവത്തിന്റെ സ്വന്തമാകാനും വേണ്ടി ആ കന്യക അനുഷ്‌ഠിച്ച ത്യാഗങ്ങളുടെ വലിയ പട്ടിക തന്നെ നമുക്കു കണ്ടെത്താൻ കഴിയും. തന്റെ ജീവിതത്തിൽ അനുവദനീയമായിരുന്ന പലതും യേശുവിനെപ്രതി ഉപേക്ഷിച്ച്  തകാശികതയുടെ ജീവിതശൈലി സ്വന്തമാക്കി, കൃഷിതനായ ഈശോയുടെയും തിരുഹൃദയത്തിന്റെയും മുമ്പിൽ ദീർഘ മണിക്കൂറുകൾ കൈവിരിച്ച് അവൾ പ്രാർത്ഥിച്ചു. ബലഹീനയും പാവപ്പെട്ടവളും കുറവുള്ളവളുമായ തന്നോട് കരുണയുണ്ടാകണമെന്ന് കണ്ണീരോടെ അപേക്ഷിച്ചു.

ലോകത്ത് വേദനിക്കുന്ന എല്ലാ സഹോദരങ്ങളുടെയും ദുഃഖങ്ങൾ എറ്റുവാങ്ങി തിരുസന്നിധിയിൽ സമർപ്പിച്ചു. രാത്രിയുടെ യാമങ്ങളിൽ ഉറക്കമൊഴിഞ്ഞിരുന്ന് ദൈവസ്തുതികൾ ഏറ്റുചൊല്ലി. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും താമസസൗകര്യങ്ങളിലും ഏറ്റവും എളിയതും ഏറ്റവും നിസ്സാരമായതും മാത്രം സ്വീകരിച്ചു. തപസികതയുടെ അടിത്തട്ടിലേയ്ക്ക് ആഴ്ന്നിറങ്ങുന്നതിന്റെ അനർഘനിമിഷങ്ങളായിരുന്നു അവ.

തപസികതയും എളിമയും ജീവിതശൈലിയാക്കിയ വ്യക്തി, നിരന്തരമായ പ്രാർത്ഥനയുടെ ഉടമയായിരിക്കും. എത്രമാത്രം ദൈവത്തിലേയ്ക്ക് വിശുദ്ധ ഉയർന്നോ അത്രമാത്രം അവൾ മഠത്തിനകത്തും പുറത്തുമുള്ളവർക്കായി തന്നെത്തന്നെ വ്യയം ചെയ്തു. അതുകൊണ്ട് ആ അമ്മയെ ഒന്ന് കാണുന്നതും സ്നേഹപരിചരണങ്ങൾ ഏറ്റുവാങ്ങുന്നതും സന്തോഷകരമായ അനുഭവമായിട്ടാണ് മറ്റുള്ളവർ പരിഗണിച്ചത്. പ്രതിഫലം ഇച്ഛിക്കാതെ അപരന് പ്രാർത്ഥനയുടെ ഫലദായകമായ പുഷ്പദളങ്ങൾ കർത്താവിൽ നിന്ന് നേടിക്കൊടുത്ത വി. എവുപ്രാസ്യമ്മ ഈ കാലഘട്ടത്തിന്റെ  അനുഗ്രഹമാണ്.

ആത്മനിയന്ത്രണത്തിലൂടെ, ആദ്ധ്യാത്മിക അഭ്യാസങ്ങളിലൂടെ പ്രലോഭനങ്ങളുടെ വക്രതകളെ തച്ചുടച്ച താപസകന്യകയായ വി. എവുപ്രാസ്യമ്മയുടെ മാതൃക വിശുദ്ധജീവിതം നയിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. എന്തു കിട്ടിയാലും തികഞ്ഞില്ലെന്നും പോരായെന്നും ഇനിയും വേണമെന്നുമുള്ള മനുഷ്യചേതനയുടെ  മോഹങ്ങളുടെ മുമ്പിൽ നിറഞ്ഞ സംതൃപ്തിയോടെ, ആവലാതിയില്ലാതെ, കുറ്റപ്പെടുത്തലില്ലാതെ, ആത്മരോക്ഷമില്ലാതെ ആ താപസകന്യക പുഞ്ചിരിച്ചു നിൽക്കുന്നത് നമുക്കൊരു പാഠം കൂടിയാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.