മക്കളിൽ നല്ല സ്വഭാവം രൂപീകരിക്കാൻ ചില മാർഗനിർദേശങ്ങൾ ഇതാ

തിരക്കുപിടിച്ച ലോകത്തിൽ പ്രധാനപ്പെട്ട പലതിനെയും അവഗണിക്കുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് മാതാപിതാക്കളുടെ ഇടയിൽ സജീവമാണ്, പ്രത്യേകിച്ച് മക്കളുടെ കാര്യത്തിലും പരസ്പരമുള്ള സ്നേഹബന്ധത്തിലും. മക്കളുടെ സ്വഭാവരൂപീകരണം കുടുംബത്തിൽനിന്നും ആരംഭിക്കുന്നതാണ്. മക്കളിൽ നല്ല സ്വഭാവം രൂപപ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിനായി നമ്മെ സഹായിക്കുന്ന മൂന്ന് കാര്യങ്ങൾ ഏവയെന്നു പരിശോധിക്കാം.

1. സഹാനുഭൂതി

സഹാനുഭൂതി എന്നാൽ മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള ഒരുവന്റെ കഴിവാണ്. അപരന്റെ വേദനകളെ ഉൾക്കൊള്ളാൻ, മറ്റുള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ മനസ്സിലാക്കാനുള്ള പരിശ്രമം എന്നിവയൊക്കെ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടെങ്കിൽ സഹാനുഭൂതി നമ്മിൽ ഉണ്ടെന്നർഥം. അവൻ/ അവൾ കടന്നുപോകുന്ന അവസ്ഥയെ ഉൾക്കൊള്ളാൻ പരിശ്രമിക്കുന്ന ഒരാൾക്ക് ജീവിതത്തിൽ സഹാനുഭൂതിയോടെ വർത്തിക്കാൻ സാധിക്കും.

2. വൈകാരിക പക്വത

ജീവിതത്തിന്റെ ഏതവസരത്തിലും പക്വതയോടെ പെരുമാറാനുള്ള കഴിവ് ഇന്നത്തെ തലമുറയ്ക്ക് അത്യന്താപേക്ഷിതമാണ്. പ്രതികൂല സാഹചര്യങ്ങളിൽ തളർന്നുപോകാതെ അവയെ അഭിമുഖീകരിക്കാനും വൈകാരിക സമചിത്തത കൈവരിക്കാനുമുള്ള മനസ്സ് മക്കളിൽ രൂപപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽമാത്രമേ ഭാവിയിൽ നല്ല സ്വഭാവം രൂപീകരിക്കപ്പെടുകയുള്ളൂ.

3. സഹിഷ്ണുത

ജീവിതത്തിൽ പ്രശ്നങ്ങൾ കടന്നുവരുമ്പോൾ അവയോട് എങ്ങനെ സമചിത്തതയോടെ പ്രതികരിക്കാമെന്ന് ചെറുപ്പം മുതലേ മക്കളെ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ജീവിതത്തിൽ നിരാശയ്ക്ക് അടിപ്പെട്ടുപോകാതെ ജീവിക്കാനുള്ള പ്രാപ്തി ഇത്തരം പരിശീലനത്തിലൂടെ അവർ  കൈവരിക്കുന്നു. കുടുംബത്തിൽനിന്നും അഭ്യസിക്കുന്ന ഇത്തരം കാര്യങ്ങൾ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാൻ മക്കളെ സഹായിക്കും.