
ആത്മവിശ്വാസം ജീവിതത്തിൽ വിജയത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ്. സ്വന്തം കഴിവുകളിലും തീരുമാനങ്ങളിലും വിശ്വാസമുള്ളവർക്ക് പുതിയ അവസരങ്ങൾ ആത്മവിശ്വാസത്തോടെ സ്വീകരിക്കാനും വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാനും കഴിയും. നല്ല ചിന്തകളും ശീലങ്ങളും തുടർച്ചയായി ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.
1. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത്
ഓരോരുത്തരുടെയും ജീവിതം വ്യത്യസ്തമാണ്. അതിനാൽ മറ്റുള്ളവരുടെ വിജയങ്ങൾ കണ്ട് സ്വയം വിലയിരുത്തേണ്ടതില്ല. പകരം, നിങ്ങളുടെ കഴിവുകളിലും ഇതുവരെ നേടിയ നേട്ടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വന്തം വളർച്ച തിരിച്ചറിയുകയും അതിൽ അഭിമാനിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസം ക്രമേണ വർധിക്കും.
2. നല്ല ആളുകളുടെ കൂട്ടായ്മ തിരഞ്ഞെടുക്കുക
നമ്മുടെ ചുറ്റുമുള്ള ആളുകൾ നമ്മുടെ ചിന്തകളെ സ്വാധീനിക്കും. നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരോടൊപ്പം സമയം ചെലവഴിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും.
3. ആരോഗ്യത്തെ ശ്രദ്ധിക്കുക
നല്ല ഭക്ഷണം, മതിയായ ഉറക്കം, വ്യായാമം എന്നിവ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും. ആരോഗ്യമുള്ള ജീവിതശൈലി ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.
4. സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക
ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അത്തരം സാഹചര്യങ്ങളിൽ സ്വയം കുറ്റപ്പെടുത്തുന്നതിനുപകരം, അവയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കുക. സ്വന്തം കുറവുകളെയും കഴിവുകളെയും ഒരുപോലെ അംഗീകരിക്കുകയും സ്വയം കരുണയോടെയും ബഹുമാനത്തോടെയും സമീപിക്കുകയും ചെയ്യുമ്പോൾ ആത്മവിശ്വാസം ക്രമേണ വളരും.
5. പോസിറ്റീവായി സ്വയം സംസാരിക്കുക
“എനിക്ക് കഴിയില്ല” എന്ന ചിന്തയ്ക്ക് പകരം “ഞാൻ ശ്രമിക്കാം” എന്ന് സ്വയം പറയാൻ ശീലിക്കുക. പോസിറ്റീവ് ചിന്തകൾ ആത്മവിശ്വാസം വളർത്തും.
6. ഭയങ്ങളെ നേരിടുക
ഭയമുള്ള കാര്യങ്ങൾ ഒഴിവാക്കുന്നതിനുപകരം ചെറിയ രീതിയിൽ അതിനെ നേരിടാൻ ശ്രമിക്കുക. ഓരോ ചെറിയ വിജയവും ആത്മവിശ്വാസം കൂടുതൽ ശക്തമാക്കും.
7. നിങ്ങളുടെ കഴിവുകൾ കൂടുതൽ ഉപയോഗിക്കുക
നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കൂടുതൽ ചെയ്യുക. സ്വന്തം കഴിവുകൾ വളർത്തിയെടുക്കുമ്പോൾ ആത്മവിശ്വാസവും ഉയരും.
8. ആവശ്യമുള്ളപ്പോൾ ‘ഇല്ല’ എന്ന് പറയുക
എല്ലാ കാര്യങ്ങൾക്കും സമ്മതിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പരിധികൾ മനസ്സിലാക്കി ആവശ്യമായപ്പോൾ “ഇല്ല” എന്ന് പറയാൻ പഠിക്കുന്നത് ആത്മവിശ്വാസത്തിന്റെ അടയാളമാണ്.
9. യാഥാർഥ്യബോധമുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുക
വളരെ വലിയ ലക്ഷ്യങ്ങൾ ഒരേസമയം നിശ്ചയിക്കുന്നതിനു പകരം ചെറിയ ലക്ഷ്യങ്ങൾ വച്ച് അവ നേടിയെടുക്കാൻ ശ്രമിക്കുക. ഓരോ വിജയവും നിങ്ങളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തും.
ആത്മവിശ്വാസം ഒരു രാത്രികൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ചെറിയ നല്ല ശീലങ്ങൾ സ്ഥിരമായി ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴാണ് അത് പതുക്കെ വളരുന്നത്. സ്വയം വിശ്വസിക്കുകയും സ്വന്തം കഴിവുകളെ തിരിച്ചറിയുകയും ഓരോ അനുഭവത്തിൽ നിന്നും പഠിച്ച് മുന്നോട്ട് പോകുകയും ചെയ്യുമ്പോൾ ആത്മവിശ്വാസം ശക്തമാകും. ഓർക്കുക, മറ്റുള്ളവരെക്കാൾ മികച്ചവനാകുക എന്നതല്ല യഥാർഥ വിജയം; ഇന്നലത്തെ നിങ്ങളെക്കാൾ ഇന്ന് മികച്ച വ്യക്തിയാകുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.
വിവർത്തനം: ഡിൻസി തോമസ്




